1 Aug 2022 12:55 AM GMT
Summary
ഡെല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന്റെ അവസാന ദിവസമായ ജൂലൈ 31 ന് രാത്രി പത്തുമണിവരെ ഫയല്‍ ചെയ്തത് 63.47 ലക്ഷം റിട്ടേണുകള്‍. 2022 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത നികുതിദായകര്‍ ഐടി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ഞായറാഴ്ചയായിരുന്നു. ജൂലൈ 30 വരെ 5.1 കോടിയിലധികം നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചിരുന്നു. ഇന്നലെ സമര്‍പ്പിച്ച 63.47 ലക്ഷം റിട്ടേണുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രാത്രി 10 […]
ഡെല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന്റെ അവസാന ദിവസമായ ജൂലൈ 31 ന് രാത്രി പത്തുമണിവരെ ഫയല്‍ ചെയ്തത് 63.47 ലക്ഷം റിട്ടേണുകള്‍. 2022 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത നികുതിദായകര്‍ ഐടി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ഞായറാഴ്ചയായിരുന്നു. ജൂലൈ 30 വരെ 5.1 കോടിയിലധികം നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചിരുന്നു. ഇന്നലെ സമര്‍പ്പിച്ച 63.47 ലക്ഷം റിട്ടേണുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രാത്രി 10 മണി വരെ സമര്‍പ്പിച്ച മൊത്തം ഐടിആറുകളുടെ എണ്ണം 5.73 കോടി കവിഞ്ഞു.
ഇന്നലെ അര്‍ദ്ധ രാത്രിയോടെ ഫയലിംഗ് പൂര്‍ത്തിയാകാത്തവര്‍ ഇനി പിഴ നല്‍കി വേണം ഫയലിംഗ് പൂര്‍ത്തിയാക്കാന്‍. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 2021 ഡിസംബര്‍ 31 വരെ നീട്ടിയ ഫയലിംഗ് ഡേറ്റില്‍ 5.89 കോടി റിട്ടേണുകളാണ് ഫയല്‍ ചെയ്തത്. orm@cpc.incometax.gov.in എന്ന ഇ-മെയിലിലേക്ക് മെയില്‍ അയച്ചോ അല്ലെങ്കില്‍ 1800 103 0025, 1800 419 0025 എന്നീ ഹെല്‍പ്പ് ഡെസ്‌ക് നമ്പരുകളില്‍ വിളിച്ചോ ഐടിആര്‍ ഫയലിംഗുമായി ബന്ധപ്പെട്ട് സഹായം തേടാന്‍ ആദായ നികുതി വകുപ്പ് നികുതിദായകരോട് ആവശ്യപ്പെട്ടിരുന്നു.
ഇനി പിഴ
നികുതി നിയമങ്ങള്‍ അനുസരിച്ച്, അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍, മൂല്യനിര്‍ണ്ണയ വര്‍ഷത്തിലെ ഡിസംബര്‍ 31-നകമാണ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതെങ്കില്‍, 5,000 രൂപ ലേറ്റ് ഫീസ് അടയ്ക്കണം. അഞ്ചു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള വ്യക്തികള്‍ക്ക് റിട്ടേണ്‍ ഫയലിംഗ് വൈകുന്നതിന് 1,000 രൂപ ലേറ്റ് ഫീ അടയ്‌ക്കേണ്ടി വരും. കൂടാതെ, അടയ്ക്കാത്ത നികുതി കുടിശ്ശികയുള്ളവര്‍ ഫയലിംഗ് കാലതാമസത്തിന് പ്രതിമാസം 1 ശതമാനം അധിക പലിശ നല്‍കേണ്ടിവരും. നികുതി പരിധിയില്‍ താഴെ വരുമാനമുള്ള നികുതിദായകര്‍ക്ക് ലേറ്റ് ഫീസ് ബാധകമല്ല.