15 July 2022 4:28 AM GMT
Summary
സെപ്റ്റംബര്‍ 30ന് മുന്‍പ് 2,80,000 ഗ്രീന്‍ കാര്‍ഡുകള്‍ ഇഷ്യു ചെയ്യുന്നതിനുള്ള നടപടികള്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) ദ്രുതഗതിയിലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2020-21 കാലയളവില്‍ കോവിഡ് വ്യാപനം മൂലം യുഎസ് എംബസികളുടേയും കോണ്‍സുലാര്‍ ഓഫീസുകളുടേയും പ്രവര്‍ത്തനം മിക്കപ്പോഴും തടസപ്പെട്ടിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ഒട്ടേറെ ഗ്രീന്‍ കാര്‍ഡുകള്‍ വേഗത്തില്‍ ഇഷ്യു ചെയ്യണം എന്ന സ്ഥിതിയായി. കോവിഡിന് മുന്‍പുള്ള കാലയളവിനെ അപേക്ഷിച്ച് പതിനായിരക്കണക്കിന് ഗ്രീന്‍ കാര്‍ഡുകളുടെ നടപടിക്രമങ്ങളാണ് യുഎസ്സിഐഎസ് അധികൃതര്‍ക്ക് അതിവേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടി വരുന്നത്. യുഎസില്‍ […]
സെപ്റ്റംബര്‍ 30ന് മുന്‍പ് 2,80,000 ഗ്രീന്‍ കാര്‍ഡുകള്‍ ഇഷ്യു ചെയ്യുന്നതിനുള്ള നടപടികള്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) ദ്രുതഗതിയിലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2020-21 കാലയളവില്‍ കോവിഡ് വ്യാപനം മൂലം യുഎസ് എംബസികളുടേയും കോണ്‍സുലാര്‍ ഓഫീസുകളുടേയും പ്രവര്‍ത്തനം മിക്കപ്പോഴും തടസപ്പെട്ടിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ഒട്ടേറെ ഗ്രീന്‍ കാര്‍ഡുകള്‍ വേഗത്തില്‍ ഇഷ്യു ചെയ്യണം എന്ന സ്ഥിതിയായി. കോവിഡിന് മുന്‍പുള്ള കാലയളവിനെ അപേക്ഷിച്ച് പതിനായിരക്കണക്കിന് ഗ്രീന്‍ കാര്‍ഡുകളുടെ നടപടിക്രമങ്ങളാണ് യുഎസ്സിഐഎസ് അധികൃതര്‍ക്ക് അതിവേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടി വരുന്നത്. യുഎസില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവാണ് ഒരു സാമ്പത്തിക വര്‍ഷമായി കണക്കാക്കുക.
ഈ വര്‍ഷം മെയ് 31 വരെയുള്ള കണക്കുകള്‍ പ്രകാരം യുഎസ്സിഐഎസ്, യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് എന്നീ വകുപ്പുകള്‍ ചേര്‍ന്ന് 1,49,733 തൊഴില്‍ അധിഷ്ഠിത ഇമിഗ്രന്റ് വിസയാണ് ഇറക്കിയത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ (യുഎസ്) 1.4 ദശലക്ഷം കുടിയേറ്റക്കാരാണ് ഗ്രീന്‍ വിസയ്ക്കായി അപേക്ഷ നല്‍കി കാത്തു നില്‍ക്കുന്നത്. 66,781 തൊഴില്‍ അധിഷ്ഠിത ഗ്രീന്‍ കാര്‍ഡുകളാണ് 2021 സാമ്പത്തിക വര്‍ഷത്തില്‍ യു.എസ് ഗവണ്‍മെന്റിന് ഉണ്ടായിരുന്നതെന്ന് യുഎസ് വിസ ഓഫീസില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു. അപേക്ഷകരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നും സൂചനയുണ്ട്. യുഎസ്സിഐഎസ് കഴിഞ്ഞ വര്‍ഷം 180,000 ഗ്രീന്‍ കാര്‍ഡുകളാണ് വിതരണം ചെയ്തത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് കൂടുതലാണ്.
തൊഴില്‍ദാതാക്കള്‍ സ്പോണ്‍സര്‍ ചെയ്യുന്ന യുഎസ് ഗ്രീന്‍ കാര്‍ഡിനായുള്ള കാത്തിരിപ്പ് സമയം (പ്രോസ്സിംഗ് ടൈം) വര്‍ധിക്കുന്നു. ഈ വര്‍ഷം പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം ഗ്രീന്‍ കാര്‍ഡ് പ്രോസസിംഗ് നടപടികള്‍ പൂര്‍ത്തിയാകാന്‍ മൂന്നു വര്‍ഷം വരെ സമയമെടുക്കുന്നുണ്ട്. 2016ല്‍ ഗ്രീന്‍ കാര്‍ഡിനായുള്ള പ്രോസസിംഗ് ടൈം 1.6 വര്‍ഷമായിരുന്നു. നേരത്തെ 1.9 വര്‍ഷം എന്നതില്‍ നിന്നാണ് 1.6 ആയി കുറഞ്ഞത്. 2500 ഡോളര്‍ പ്രോസസിംഗ് ഫീസായി അടച്ചാല്‍ പ്രോസസിംഗ് സമയം കുറയും. നിലവിലുള്ള സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ പരമാവധി ഏഴ് മാസം വരെ നേരത്തെ പ്രോസസിംഗ് പൂര്‍ത്തിയാകും.
നിലവില്‍ കുറഞ്ഞത് രണ്ട് വര്‍ഷവും അഞ്ച് മാസവും വരെ ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ സമയമെടുക്കുന്നുണ്ട്. നേരത്തെ ഗ്രീന്‍ കാര്‍ഡ് പ്രോസസിംഗിനുള്ള റെഗുലര്‍ ഫീസ് 700 യുഎസ് ഡോളറായിരുന്നു. തൊഴിലുടമ ഗ്രീന്‍ കാര്‍ഡിനായി 2500 ഡോളറാണ് പ്രോസസിംഗ് ഫീസായി അടയ്ക്കുന്നതെങ്കില്‍ അധികൃതരില്‍ നിന്നും 15 ദിവസങ്ങള്‍ക്കകം പ്രതികരണം ലഭിക്കും. തൊഴിലുടമ സ്പോണ്‍സര്‍ ചെയ്യുന്ന ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിന് അപേക്ഷകനും തൊഴിലുടമയും പ്രീഫയലിംഗ് ഉള്‍പ്പെടെ ആറ് ഘട്ടങ്ങളിലൂടെ കടന്നുപോകണം. പ്രീഫയലിംഗിലാണ് യോഗ്യത സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കുന്നതും അത് പരിശോധിച്ച് ആധികാരികത ഉറപ്പാക്കുന്നതും. ഇതിനു ശേഷമാണ് തൊഴില്‍ വകുപ്പ് (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലേബര്‍) അപേക്ഷകന്റെ നിലവിലുള്ള വേതനം, നൈപുണ്യ നില, ഏരിയ കോഡ് എന്നിവ വിലയിരുത്തുന്നത്.