image

18 May 2022 2:15 AM GMT

Technology

5-ജിയുടെ വരവ് സമ്പദ്‌വ്യവസ്ഥയെ വളർത്തും: പ്രധാനമന്ത്രി

MyFin Bureau

5-ജിയുടെ വരവ് സമ്പദ്‌വ്യവസ്ഥയെ വളർത്തും: പ്രധാനമന്ത്രി
X

Summary

5ജി സേവനങ്ങൾ രാജ്യത്ത് അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുക മാത്രമല്ല, സാമ്പത്തിക മേഖലയിലെ ത്വരിത ഗതിയിലെ വളര്‍ച്ചയ്ക്കും തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനും അത് കാരണമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ സില്‍വര്‍ ജൂബിലി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അടുത്ത ഒന്നരപ്പതിറ്റാണ്ടില്‍ 5ജി സേവനങ്ങളിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് 450 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതിനായി സര്‍ക്കാരും ഇന്‍ഡസ്ട്രിയും ഒരുമിച്ചു നിന്ന്


5ജി സേവനങ്ങൾ രാജ്യത്ത് അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുക മാത്രമല്ല, സാമ്പത്തിക മേഖലയിലെ ത്വരിത ഗതിയിലെ വളര്‍ച്ചയ്ക്കും തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനും അത് കാരണമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ സില്‍വര്‍ ജൂബിലി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അടുത്ത ഒന്നരപ്പതിറ്റാണ്ടില്‍ 5ജി സേവനങ്ങളിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് 450 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതിനായി സര്‍ക്കാരും ഇന്‍ഡസ്ട്രിയും ഒരുമിച്ചു നിന്ന് സഹവര്‍ത്തിത്വത്തോടെ മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്കും 5ജി സേവനങ്ങളിലൂടെ നേട്ടങ്ങളുണ്ടാക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

5ജി സേവനങ്ങള്‍ ആരംഭിക്കുവാന്‍ തയ്യാറെടുക്കുമ്പോള്‍ തന്നെ രാജ്യം 6ജി സേവനങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുപ്പുകള്‍ നടത്തിവരികയാണെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2ജി, 3ജി സേവനങ്ങളില്‍ നിന്നുള്ള ഇന്ത്യയുടെ മുന്നേറ്റവും നവീന സാങ്കേതിക വളര്‍ച്ചകളിലേക്കുള്ള മാറ്റവും സുഗമമായി നടത്തിയതില്‍ ട്രായുടെ പങ്കിനെ പ്രധാനമന്ത്രി കൃതജ്ഞതയോടെ ഓര്‍മ്മിച്ചു.

പ്രധാന മന്ത്രിയുടെ ഓഫീസ് ടെലികോം വകുപ്പിന് നേരത്തെ നല്‍കിയ ഒരു കത്ത് പ്രകാരം 2022 ആഗ്‌സ്ത് 15ന് 5ജി സേവനങ്ങള്‍ ലോഞ്ച് ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ഇത് സംഭവിക്കണമെങ്കില്‍ കൃത്യ സമയത്ത് സ്‌പെക്ട്രം ലേലം നടക്കേണ്ടതുണ്ട്. അതിന് ശേഷം എത്രയും പെട്ടെന്ന് ഓപ്പറേറ്റര്‍മാര്‍ക്ക് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് സ്പെക്ട്രം അനുവദിച്ചു നല്‍കുകയും വേണം. എങ്കില്‍ മാത്രമേ അവര്‍ക്ക് 5ജി സേവനങ്ങള്‍ ലോഞ്ച് ചെയ്യുവാന്‍ കഴിയൂ.

വരുന്ന ആഴ്ചയില്‍ മന്ത്രി സഭയുടെ തീരുമാനം കൂടി വരുന്നതോടെ ടെലികോം മന്ത്രാലയം സ്‌പെക്ട്രം ലേലത്തിനായുള്ള അപേക്ഷ ഫോറം പ്രസിദ്ധപ്പെടുത്തും. കൃത്യമായി കാര്യങ്ങള്‍ മുന്നോട്ട് പോവുകയാണെങ്കില്‍ 2022 ജൂലൈ മാസത്തോടെ ഇന്ത്യയില്‍ സ്‌പെക്ട്രം ലേലം നടക്കും.

-നിമിഷ