image

16 May 2022 2:33 AM GMT

Travel & Tourism

സഞ്ചാരികള്‍ കുറവ്, നഷ്ടത്തിൻറെ കായലിൽ വെല്ലിംഗ്ടൺ ബോട്ടുടമകൾ

Swarnima Cherth Mangatt

സഞ്ചാരികള്‍ കുറവ്, നഷ്ടത്തിൻറെ കായലിൽ വെല്ലിംഗ്ടൺ ബോട്ടുടമകൾ
X

Summary

"നാം അനുഭവിക്കാത്ത ജീവിതങ്ങള്‍ നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്"- ആടുജീവിതത്തില്‍ ബെന്യാമിന്‍ പറഞ്ഞുവയ്ക്കുന്നതിങ്ങനെയാണ്. നമുക്കുചുറ്റും എത്രയെത്ര ജീവതങ്ങളാണ് കണ്ണീരില്‍ തള്ളിനീക്കുന്നത്. അവ നാം കാണാറുണ്ടോ? നാം അറിയാറുണ്ടോ? മനസിലാക്കാറുണ്ടോ?, പക്ഷെ കോവിഡ് വിതച്ച നാശം വലിയവനും ചെറിയനുമെന്നില്ലാതെ എല്ലാവരേയും ബാധിച്ചു. ചുറ്റുമുള്ളവരെ കരുണയോടെ നോക്കാനും, അടുത്തിരിക്കുന്നവന്റെ വിശപ്പറിയാനും നമ്മള്‍ പഠിച്ചു. എത്രയോ പേരുടെ ജോലിയെ ബാധിച്ചു, അതിലുമെത്രയോ പേരെ സാമ്പത്തിക ബാധ്യതകളിലേക്ക് തള്ളിവിട്ടു. സാമ്പത്തിക മേഖല പൂര്‍ണ്ണമായും കരകയറിയെന്ന് ഇപ്പോഴും പറയാനാകില്ല. താഴേക്കിടയിലെ പലരും അന്നന്നത്തെ അന്നം […]


"നാം അനുഭവിക്കാത്ത ജീവിതങ്ങള്‍ നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്"- ആടുജീവിതത്തില്‍ ബെന്യാമിന്‍ പറഞ്ഞുവയ്ക്കുന്നതിങ്ങനെയാണ്. നമുക്കുചുറ്റും എത്രയെത്ര ജീവതങ്ങളാണ് കണ്ണീരില്‍ തള്ളിനീക്കുന്നത്. അവ നാം കാണാറുണ്ടോ? നാം അറിയാറുണ്ടോ? മനസിലാക്കാറുണ്ടോ?, പക്ഷെ കോവിഡ് വിതച്ച നാശം വലിയവനും ചെറിയനുമെന്നില്ലാതെ എല്ലാവരേയും ബാധിച്ചു. ചുറ്റുമുള്ളവരെ കരുണയോടെ നോക്കാനും, അടുത്തിരിക്കുന്നവന്റെ വിശപ്പറിയാനും നമ്മള്‍ പഠിച്ചു. എത്രയോ പേരുടെ ജോലിയെ ബാധിച്ചു, അതിലുമെത്രയോ പേരെ സാമ്പത്തിക ബാധ്യതകളിലേക്ക് തള്ളിവിട്ടു. സാമ്പത്തിക മേഖല പൂര്‍ണ്ണമായും കരകയറിയെന്ന് ഇപ്പോഴും പറയാനാകില്ല. താഴേക്കിടയിലെ പലരും അന്നന്നത്തെ അന്നം കണ്ടെത്താന്‍ പെടാപാടുപെടുകയാണ്. അത്തരത്തിലൊരു മേഖലയാണ് ടൂറിസം മേഖല.

വന്‍കിട സ്ഥാപനങ്ങളെ മാറ്റി നിര്‍ത്തിയാല്‍, ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ഇടത്തരം, സാധാരണ കുടുംബങ്ങള്‍ കടത്തിലാണ്. ഒരു കാലത്ത് കൊച്ചി കായലിന്റെ ഓളങ്ങളില്‍ സഞ്ചാരികളുമായി തലങ്ങും വിലങ്ങും പൊയ്ക്കൊണ്ടിരുന്ന പല ജലയാനങ്ങളും ഇന്ന് വെള്ളം കാണാതെ കിടപ്പാണ്.
സാമ്പത്തിക ബാധ്യതകള്‍ തന്നെ കാരണം.

കോവിഡില്‍ മുങ്ങിയ വരുമാനം

കേരളത്തിന്റെ കായല്‍ ഭംഗി ആസ്വദിക്കാന്‍ എത്തുന്നവരില്‍ ഏറെയും അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍ കോവിഡിന്റെ ആഘാതം ഇപ്പോഴും സഞ്ചാരികളെ പിന്തിരിപ്പിക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ സഞ്ചാരികള്‍ എത്തുന്നുണ്ടെങ്കിലും പട്ടിണി മാറ്റാന്‍ പര്യാപ്തമാകുന്നില്ല എന്നതാണ്് നിലവിലെ പ്രശ്‌നം. സഞ്ചാരികള്‍ കുറയുന്നതോടെ നഷ്ടം സഹിച്ച് യാത്ര തുടരേണ്ട അവസ്ഥയാണ്. ഏപ്രില്‍, മേയ് മാസങ്ങളാണ് കേരളത്തില്‍ ജലയാത്രകളുടെ സീസണ്‍. ഇതര സംസ്ഥാനത്ത് നിന്നുള്ള വരവ് കുറഞ്ഞു കഴിഞ്ഞു. നിയന്ത്രങ്ങള്‍ ലഘൂകരിക്കപ്പെട്ടതോടെ കാര്യങ്ങള്‍ മെച്ചപ്പെട്ടു വരുന്നുണ്ടെങ്കിലും ഈ സീസണും കോവിഡ് കാലത്തിന്റെ ഭൂതകാലം പേറിയാണ് പോകുന്നത്. ഡോള്‍ഫിനും ഹാര്‍ബറും ബോള്‍ഗാട്ടിയുമാണ് വെല്ലിംഗ്ടണ്‍ ജലപാതയിലെ പ്രധാന ആകര്‍ഷണങ്ങള്‍. സഞ്ചാരികളെത്തു്ന്നതും ഈ കാഴ്ചകള്‍ തേടിയാണ്.

കൊച്ചി ടൂറിസ്റ്റ് ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ അംഗങ്ങളും വെല്ലിംഗ്ടണ്ണിലെ ബോട്ട് ഉടമകളുമായ കോയ, നിയാസ്, ഫൈസല്‍ എന്നിവര്‍ പറയുന്നതും കോവിഡ് ഏല്‍പ്പിച്ച തീരാദുരിതങ്ങളെ കുറിച്ചാണ്.

നഷ്ടം സഹിച്ചും

"ഒരു കോടി രൂപ വരെ വിലയുള്ള ബോട്ടുകളുണ്ട്. മൂന്ന് വര്‍ഷം കൂടുമ്പോള്‍ അറ്റകുറ്റപ്പണികള്‍ നടത്തണം. ഇതിന് ചെലവാകുന്നത് 20 ലക്ഷത്തോളം രൂപയാണ്. പരസ്പര സഹകരണത്തിലൂടെയാണ് ഞങ്ങളുടെ പോക്ക്."
"പരമാവധി 100 പേരെ കിട്ടിയാല്‍ പോലും ഒരാള്‍ക്ക് 100 രൂപ വച്ച് ടിക്കറ്റ് വാങ്ങിയാലും 10,000 രൂപ മാത്രമാണ് കിട്ടുന്നത്. 4,000 രൂപയിലധികം ഡീസലിന് വേണ്ടി ചെലവാക്കണം. ഇപ്പോഴാണെങ്കില്‍ വില കത്തിയകറുന്നതിനാല്‍ ഇന്നു വാങ്ങുന്ന വിലയല്ല നാളെ. ഒരു ജീവനക്കാരന് ശബളം 700 രൂപയാണ്. എല്ലാ ചെലവുകളും കിഴിച്ച് കയ്യില്‍ കിട്ടുന്നത് 500 രൂപയില്‍ താഴെ മാത്രമാണ്. ഈ പറഞ്ഞ യാത്രക്കാരുടെ എണ്ണം സാധാരണ ദിവസങ്ങളില്‍, ഏഴയലത്ത് എത്തില്ല. അന്നേരം ജീവക്കാര്‍ക്കുള്ള ശമ്പളം പോലും കയ്യില്‍ നിന്നാണ് എടുത്തുകൊടുക്കുന്നത്." ബോട്ടുടമകള്‍ പറയുന്നു.

മട്ടാഞ്ചേരിയിലേക്ക് ദിവസേന നാല് സര്‍വീസുകള്‍ ഉണ്ടായിരുന്നതാണ്. മണ്ണ് മൂടി ജലപാത നികന്നത് ഈ സര്‍വീസുകള്‍ നിര്‍ത്താന്‍ കാരണമായി. ടൂറിസ്റ്റുകള്‍ കൂടുതല്‍ എത്തുന്ന മട്ടാഞ്ചേരിയില്‍ സര്‍വ്വീസ് നടത്താന്‍ പറ്റുന്നില്ലെന്ന പരാതിയാണ് ജിയാസും, ശശീന്ദ്രനും ശശിയും പങ്കുവയ്ക്കുന്നത്. ബോട്ട് മുതലാളിമാര്‍ എന്ന പേര് നോവാണെന്നാണ് ഇവരുടെ പക്ഷം. 32 ബോട്ട് ഉടമകളും അവര്‍ക്ക് കീഴില്‍ 18 ജീവനക്കാരുമായി ഏതാണ്ട് 50 കുടുംബങ്ങളാണ് വെല്ലിംഗ്ടണ്ണിംല്‍ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നത്.

വെല്ലിംഗ്ടണ്‍ ദ്വീപിലെ ബോട്ട് ഉടസ്ഥാവകാശം അന്നാട്ടുകാര്‍ക്ക് മാത്രമുള്ളതാണ്. തദ്ദേശീയര്‍ക്ക് ഇത് ഏറെ ഉപകാരപ്രദമാണ്. നിലവിലെ ബോട്ടുടമകള്‍, ചുറ്റുമുള്ള കായല്‍ വരുമാന മാര്‍ഗമാക്കാന്‍ കാരണവും അതുതന്നെയാണ്.

"സര്‍ക്കാര്‍ സഹായം ഞങ്ങള്‍ക്ക് കാര്യമായി കിട്ടുന്നില്ല. സഹായം തരേണ്ടവര്‍ തന്നെ വാതിലുകള്‍ അടയ്ക്കുകയാണ്. കടമെടുത്തും, മറ്റ് ബാധ്യതയിലുമാണ് ബോട്ട് വാങ്ങിയവരാണ് ഞങ്ങള്‍." 35 വര്‍ഷത്തിലേറെയായി ഈ മേഖലയിലുള്ള കോയ പറയുന്നു. മറൈന്‍ ഡ്രൈവിലെ ആളും തിരക്കും ഈ ദ്വീപിലില്ലെന്നതും വ്യവസായത്തിന് വെല്ലുവിളിയാണ്.

വെല്ലിംഗ്ടണിന്റെ ദ്വീപ്

വെല്ലിംഗ്ടണ്‍ ഐലന്റ് -കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന ഈ മനുഷ്യ നിര്‍മ്മിത ദ്വീപിനു പറയാന്‍ കഥകള്‍ ഒരുപാടുണ്ട്. ചരിത്രപരമായും വാണിജ്യപരമായും ഏറെ പ്രാധാന്യമുള്ള ഈ ദ്വീപ് കൊച്ചിയുടെ മറ്റൊരു മുഖമാണ്. ഈ ദ്വീപിന് ഒരു പ്രതാപ കാലമുണ്ടായിരുന്നു. മറൈന്‍ ഡ്രൈവിനും മുന്‍പ് കൊച്ചിയിലേക്കെത്തുന്ന സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നത് ഈ കൊച്ചു ദ്വീപായിരുന്നു. തണല്‍ വിരിച്ച മരങ്ങള്‍ വഴിയൊരുക്കുന്ന വിശാലമായ പാതയോരങ്ങള്‍. അങ്ങുമിങ്ങും കാണുന്ന സൈനിക കേന്ദ്രങ്ങള്‍, ഏറെക്കുറേ ശാന്തമാണ് വെല്ലിംഗ്ടണ്‍. കപ്പല്‍ ശാലകളും ചരക്ക് നീക്കങ്ങളും കായലിന്റെ സൗന്ദര്യവും ഒട്ടും ചോരാതെ വെല്ലിംഗ്ടണ്ണിലുണ്ട്. കേരളത്തിന്റെ തേയില കയറ്റുമതിയും ലേലവുമെല്ലാം ഈ പ്രദേശത്താണെന്നതും വെല്ലിംഗ്ടണ്ണിന് വ്യാവസായിക ശ്രദ്ധ നല്‍കുന്നു.

കൊച്ചി തുറമുഖത്തേയ്ക്ക് വലിയ കപ്പലുകള്‍ അടുക്കുന്നതിന് വേണ്ടി കൊച്ചി കായലിന് ആഴം കൂട്ടാനായി എടുത്ത മണ്ണും ചെളിയും നിക്ഷേപിച്ചുണ്ടാക്കിയ ദ്വീപാണിത്. ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന വെല്ലിംഗ്ടണ്‍ പ്രഭുവിന്റെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസ് എന്ന കൊച്ചി റെയില്‍വേ സ്റ്റേഷനും ഇവിടെയാണ്. കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേയ്ക്ക് പോകുന്ന യാത്രാക്കപ്പലുകള്‍ പുറപ്പെടുന്നത് ഈ ദ്വീപില്‍ നിന്നാണ്. ലക്ഷദ്വീപ് വിനോദസഞ്ചാരവിഭാഗമായ സ്പോര്‍ട്ട്സിന്റെ (സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് നാച്ചുര്‍ ടൂറിസം ആന്റ് സ്പോര്‍ട്ട്സ്) ഓഫീസ് ഈ ദ്വീപിലാണ് പ്രവര്‍ത്തിക്കുന്നത്.