1 Dec 2022 5:31 AM GMT
Summary
നിരക്ക് വർധനയുടെ വേഗതയിൽ മിതത്വം പാലിക്കുമെന്ന ഫെഡ് ചീഫ് ജെറോം പവലിന്റെ പ്രസ്താവന തുടർന്നുള്ള വിപണിയുടെ മുന്നേറ്റം തുടരുന്നതിനു കൂടുതൽ പ്രചോദനമാകും
മുംബൈ : ആഗോള വിപണിയുടെ മുന്നേറ്റം നൽകുന്ന പിന്തുണയും വിദേശ നിക്ഷേപകരുടെ വർധിത താത്പര്യവും ഇന്ത്യൻ മാർക്കറ്റിന് അനൂകൂലഘടകമായി തുടരുന്നു. കഴിഞ്ഞ ഏഴു ദിവസങ്ങളിലും തുടർച്ചയായി നേട്ടത്തിൽ തുടരുന്ന വിപണി, ഇന്നും ആദ്യഘട്ട വ്യാപാരത്തിൽ ലാഭത്തിലാണ്. ഐടി ഓഹരികളുടെ വാങ്ങലും കൂടുതൽ കരുത്തേകുന്നുണ്ട്. വ്യപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സ്, 483.42 പോയിന്റ് വർധിച്ച് 63,583.07 ലും, നിഫ്റ്റി 129.25 പോയിന്റ് ഉയർന്ന് 18,887.60 ലുമെത്തി.
സെൻസെക്സിൽ, ടെക്ക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്സിഎൽ ടെക്‌നോളജീസ്, വിപ്രോ, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്ഡിഎഫ് സി ബാങ്ക്, ലാർസെൻ ആൻഡ് റ്റ്യുബ്രോ, എച്ച്ഡിഎഫ് സി എന്നിവ നേട്ടത്തിലാണ്. ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻ ടിപിസി എന്നിവ നഷ്ടത്തിലാണ്. ഏഷ്യൻ വിപണിയിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ലാഭത്തിലാണ്.
ബുധനാഴ്ച യുഎസ് വിപണി നേട്ടത്തിലാണ് അവസാനിച്ചത്. "നിരക്ക് വർധനയുടെ വേഗതയിൽ മിതത്വം പാലിക്കുമെന്ന ഫെഡ് ചീഫ് ജെറോം പവലിന്റെ പ്രസ്താവന തുടർന്നുള്ള വിപണിയുടെ മുന്നേറ്റം തുടരുന്നതിനു കൂടുതൽ പ്രചോദനമാകും," ജിയോ ജിത് ഫിനാൻഷ്യൽ സർവീസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ഡോളർ സൂചിക 105.5 ലേക്ക് ഇടിഞ്ഞതും, യുഎസിന്റെ 10 വർഷത്തെ ബോണ്ട് യിൽഡ് 3.63 ശതമാനമായി കുറഞ്ഞതും വിദേശ നിക്ഷേപം വർധിക്കുന്നതിന് അനുകൂലമായ ഘടകങ്ങളാണെന്നും വിജയകുമാർ പറഞ്ഞു. ബുധനാഴ്ച സെൻസെക്സ്, 417.81 പോയിന്റ് വർധിച്ച് 63,099.65 ലും നിഫ്റ്റി 140.30 പോയിന്റ് നേട്ടത്തിൽ 18,758.35 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ 2.89 ശതമാനം വർധിച്ച് ബാരലിന് 85.43 ഡോളറായി. വിദേശ നിക്ഷേപകർ ബുധനാഴ്ച 9,010.41 കോടി രൂപയുടെ ഓഹരികൾ വാങ്ങി.