image

22 May 2023 7:16 AM GMT

Services

മുംബൈയില്‍ സബര്‍ബന്‍ ട്രെയിനുകള്‍ ഒഴിവാക്കും; പകരം വന്ദേഭാരത് ഓടും

MyFin Desk

മുംബൈയില്‍ സബര്‍ബന്‍ ട്രെയിനുകള്‍ ഒഴിവാക്കും; പകരം വന്ദേഭാരത് ഓടും
X

Summary

  • വന്ദേഭാരത് എക്‌സ്പ്രസിന്റെ മിനി പതിപ്പാണ് വന്ദേഭാരത് മെട്രോ
  • മെട്രോ ട്രെയിന്‍ പോലെ തന്നെ എട്ട് കോച്ചുകള്‍ വന്ദേഭാരത് മെട്രോയ്ക്കുമുണ്ടാകും
  • സാമ്പത്തിക തലസ്ഥാനമായ മുംബൈയുടെ ജീവനാഡിയാണ് ലോക്കല്‍ ട്രെയിനുകള്‍


മുംബൈ നഗരത്തിന്റെ ജീവനാഡിയായ മുംബൈ ലോക്കല്‍ ട്രെയിനുകള്‍ ഉടന്‍ തന്നെ ഒഴിവാക്കും. പകരം വന്ദേഭാരത് മെട്രോ ട്രെയിനുകള്‍ ഓടും. സബര്‍ബന്‍ റെയില്‍വേ ശൃംഖല നവീകരിക്കുന്നതിനായി 238 വന്ദേഭാരത് മെട്രോ ട്രെയിനുകള്‍ വാങ്ങാന്‍ റെയില്‍വേ ബോര്‍ഡ് വെള്ളിയാഴ്ച (മെയ് 20) അംഗീകാരം നല്‍കിയതോടെയാണ് സബര്‍ബന്‍ ട്രെയിനുകളുടെ സേവനം അവസാനിപ്പിക്കാന്‍ പോകുന്നത്.

മെയ്ക് ഇന്‍ ഇന്ത്യ (make in india) മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്ന ടെക്‌നോളജി പാര്‍ട്ണറാണ് വന്ദേഭാരത് മെട്രോ ട്രെയിനുകള്‍ നിര്‍മിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസിന്റെ മിനി പതിപ്പാണ് വന്ദേഭാരത് മെട്രോ. 2023-24-ലെ കേന്ദ്ര ബജറ്റിലാണ് ഇത് പ്രഖ്യാപിച്ചത്.

മെട്രോ ട്രെയിന്‍ പോലെ തന്നെ എട്ട് കോച്ചുകള്‍ വന്ദേഭാരത് മെട്രോയ്ക്കുമുണ്ടാകും.

യാത്രക്കാര്‍ക്ക് അതിവേഗ ഷട്ടില്‍ സര്‍വീസ് പോലുള്ള അനുഭവം തന്നെയായിരിക്കും വന്ദേഭാരത് മെട്രോയും നല്‍കുക.

സബര്‍ബന്‍ ട്രെയിന്‍ നെറ്റ് വര്‍ക്കിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനായി റെയില്‍വേ മന്ത്രാലയവും മഹാരാഷ്ട്ര സര്‍ക്കാരും നേതൃത്വം നല്‍കുന്ന മുംബൈ അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട്-III (MUTP-III), 3A (MUTP-IIIA) എന്നിവയ്ക്കു കീഴിലാണ് ഈ റേക്കുകള്‍ (കോച്ചുകള്‍) വാങ്ങുന്നതെന്ന് മുംബൈ റെയില്‍ വികാസ് കോര്‍പറേഷന്‍ (എംആര്‍വിസി)വക്താവ് പറഞ്ഞു.

മുംബൈ അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട്-III, IIIA എന്നിവ യഥാക്രമം 10,947, 33,690 കോടി രൂപയുടേതാണ്.

സാമ്പത്തിക തലസ്ഥാനമായ മുംബൈയുടെ ജീവനാഡിയാണ് ലോക്കല്‍ ട്രെയിനുകള്‍.

ലക്ഷക്കണക്കിന് യാത്രക്കാരാണ് അവരുടെ ദൈനംദിന യാത്രയ്ക്കായി ഈ ട്രെയിനുകളില്‍ കയറുന്നത്.

വെസ്റ്റേണ്‍ റെയില്‍വേയും (ഡബ്ല്യുആര്‍), സെന്‍ട്രല്‍ റെയില്‍വേയും (സിആര്‍) നടത്തുന്ന രണ്ട് സബര്‍ബന്‍ റെയില്‍വേ ഇടനാഴികള്‍ 319 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്. എസി ലോക്കല്‍സ് ഉള്‍പ്പെടെ മൊത്തം 3,129 സര്‍വീസുകളാണ് നടത്തുന്നത്.

വന്ദേഭാരത് മെട്രോ ട്രെയിനുകള്‍ വരുന്നതോടെ യാത്രക്കാര്‍ക്ക് സുരക്ഷിതവും സുഖപ്രദവുമായ യാത്രാനുഭവം സാധ്യമാകുമെന്നാണു റെയില്‍വേ വകുപ്പ് പറയുന്നത്.