image

9 Jan 2024 10:52 AM GMT

Personal Finance

ഈ ക്രെഡിറ്റ് കാര്‍ഡുകളില്‍ വന്ന മാറ്റങ്ങള്‍ അറിഞ്ഞോ? ഇക്കാര്യങ്ങള്‍ ഒന്നു നോക്കൂ

MyFin Desk

did you know the changes in these credit cards
X

മിക്ക ആളുകളുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ് ക്രെഡിറ്റ് കാര്‍ഡുകള്‍. കാര്‍ഡ് എടുക്കാത്തവരെ വിളിച്ച് കാര്‍ഡ് എടുപ്പിക്കാനുള്ള ശ്രമത്തിലാണ് ബാങ്കുകള്‍. കാര്‍ഡുകള്‍ കയ്യിലുള്ളവര്‍ കൃത്യമായി കാര്‍ഡിന്റെ നിയമങ്ങളില്‍ ബാങ്ക് അല്ലെങ്കില്‍ കാര്‍ഡ് നല്‍കിയ കമ്പനികള്‍ വരുത്തുന്ന മാറ്റങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ പണി പാളും. ഇതാ നിയമങ്ങളില്‍ മാറ്റം വരുത്തിയ ചില കാര്‍ഡുകള്‍. എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയതെന്നു നോക്കാം.

എച്ച്ഡിഎഫ്‌സി ബാങ്ക്

ഡിസംബര്‍ ഒന്നു മുതലാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ റിഗാലിയ, മില്ലേനിയ ക്രെഡിറ്റ് കാര്‍ഡുകളില്‍ ചില മാറ്റങ്ങള്‍ ബാങ്ക് കൊണ്ടു വന്നത്. വിമാനത്താവളങ്ങളിലെ ലൗഞ്ചുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന മാറ്റം. എച്ച്ഡിഎഫ്‌സിയുടെ ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന വ്യക്തികള്‍ ഒരു വര്‍ഷത്തിലെ മൂന്ന് മാസത്തിനുള്ളില്‍ ഒരു കാര്‍ഡ് ഉപയോഗിച്ച് ഒരു ലക്ഷം രൂപയോ അതിലധികമോ ചെലവഴിച്ചാല്‍ വിമാനത്താവളങ്ങളുടെ ലൗഞ്ചുകളിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. ജനുവരി-മാര്‍ച്ച്, ഏപ്രില്‍ -ജൂണ്‍, ജൂലൈ- സെപ്റ്റംബര്‍, സെപ്റ്റംബര്‍-ഡിസംബര്‍ എന്നിങ്ങനെയാണ് മൂന്നു മാസക്കാലയളവ് കണക്കാക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് രണ്ട് കോപ്ലിമെന്ററി ലൗഞ്ച് അക്‌സസ് വൗച്ചറുകളാണ് ലഭിക്കുന്നത്. ചെലവഴിക്കല്‍ മാനദണ്ഡം പൂര്‍ത്തിയായാല്‍ എസ്എംഎസ് വഴി ലഭിക്കുന്ന ലിങ്കിലൂടെയോ, ബാങ്കിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കിലൂടെയോ ഈ സേവനം പ്രയോജനപ്പെടുത്താം.

എസ്ബിഐ കാര്‍ഡ്

2024 ജനുവരി ഒന്നുമുതലാണ് എസ്ബിഐ കാര്‍ഡില്‍ ചില മാറ്റങ്ങള്‍. പേടിഎം എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക അടച്ചാല്‍ ക്യാഷ് ബാക്ക് ഓഫര്‍ ഉണ്ടായിരുന്നു. ഇനി മുതല്‍ അതുണ്ടാകില്ലെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, 2023 നവംബര്‍ ഒന്ന് അനുസരിച്ച് സിംപ്ലിക്ലിക്ക്, സിംപ്ലിക്ലിക്ക് അഡ്വാന്റേജ് എസ്ബിഐ കാര്‍ഡ് അനുസരിച്ച് ഈസിഡൈനര്‍ ഓണ്‍ലൈന്‍ പര്‍ച്ചേസിന് 10X റിവാര്‍ഡ് പോയിന്റുണ്ടായിരുന്നത് 5X റിവാര്‍ഡ് പോയിന്റായി കുറച്ചു. എന്നാല്‍, അപ്പോളോ 24X7, ബുക്ക്‌മൈഷോ, ക്ലിയര്‍ട്രിപ്പ്, ഡോമിനോസ്, മിന്ത്ര, നെറ്റ്‌മെഡ്‌സ്, യാത്ര എന്നിവയില്‍ 10X റിവാര്‍ഡ് പോയിന്റ് ലഭ്യമാണ്.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്കിന്റെ 21 ക്രെഡിറ്റ് കാര്‍ഡുകളിലാണ് ഈ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നത്. എയര്‍പോര്‍ട്ട് ലൗഞ്ച് പ്രവേശനത്തിന് അര്‍ഹതയുള്ള ക്രെഡിറ്റ് കാര്‍ഡുകളിലെ ചെലവഴിക്കലിന് മാനദണ്ഡം നല്‍കിയിരിക്കുകയാണ്. 2024 ഏപ്രില്‍ ഒന്നു മുതലാണ് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ മാറ്റങ്ങളുണ്ടാകുന്നത്. കലണ്ടര്‍ വര്‍ഷത്തിലെ ഒരോ മൂന്ന് മാസത്തിലെയും ചെലവഴിക്കല്‍ 35,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ മാത്രമേ കോംപ്ലിമെന്ററി എയര്‍പോര്‍ട്ട് ലൗഞ്ച് ആക്‌സസ് ലഭിക്കു.