image

8 Dec 2023 1:00 PM GMT

Personal Finance

ഈ യുപിഐ ഓട്ടോ പേയ്‌മെന്റ്കൾ ഇനി ഒടിപി ഇല്ലാതെ നടത്താം

MyFin Desk

These UPI auto payments can now be done without OTP
X

Summary

  • 1 ലക്ഷം വരെയുള്ള മ്യൂച്ച്വല്‍ ഫണ്ട്, ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ എളുപ്പമാകും
  • ഇടപാടുകള്‍ കൂടുതല്‍ ലളിതമാക്കാനുള്ള നീക്കം
  • ഓട്ടോ പേയ്‌മെന്റിലൂടെ പിഴ, താമസം നേരിട്ടതിനുള്ള ലേറ്റ് ഫീ എന്നിവ ഒഴിവാക്കാം


ഒരു ലക്ഷം രൂപ വരെയുള്ള യുപിഐ ഓട്ടോ പേയ്‌മെന്റുകള്‍ക്ക് ഇനി ഒടിപി വേണ്ട. ഇന്നത്തെ പണനയ അവലോകന യോഗത്തിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ 15,000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഓട്ടോ പേയ്‌മെന്റുകള്‍ക്ക് ഒടിപി നല്‍കണമായിരുന്നു.

യുപിഐ ഇടപാടുകള്‍ക്ക് ദിനം പ്രതി പ്രചാരം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇടപാടുകള്‍ കൂടുതല്‍ ലളിതമാക്കുന്ന ഇത്തരം നടപടികള്‍ യുപിഐ പ്ലാറ്റ്‌ഫോമുകളെ ഉപഭോക്തൃ സൗഹൃദമാക്കുമെന്നാണ് ഈ മേഖലയിലുള്ളവരുടെ അഭിപ്രായം.

ഏതൊക്കെ ഇടപാടുകള്‍ക്കാണ് ഇളവ്

ഒരു ലക്ഷം രൂപവരെയുള്ള ചില ഇടപാടുകള്‍ക്കു മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. മ്യൂച്ച്വല്‍ ഫണ്ട് സ്ബ്‌സ്‌ക്രിപ്ഷന്‍, ഇന്‍ഷുറന്‍സ് പ്രീമിയം അടവ്, ക്രെഡിറ്റ് കാര്‍ഡ് റീപേയ്‌മെന്റ് എന്നിവയ്ക്കാണ് ഇളവ്.

ഇത് സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത് 2019 ലാണ് ഡിജിറ്റല്‍ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇ-മാന്‍ഡേറ്റുകള്‍ അവതരിപ്പിക്കുന്നത്. 2022 ല്‍ ഒടിപി ഉപയോഗിച്ചുള്ള അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്റിക്കേഷന്‍ പുതുക്കിയത് 2022 ലാണ്. നിലവില്‍ 8.5 കോടി ഇ-മാന്‍ഡേറ്റുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഓരോ മാസവും 2800 കോടി രൂപയുടെ ഇ-മാന്‍ഡേറ്റ് ഇടപാടുകള്‍ പ്രോസസ് ചെയ്യുന്നുമുണ്ട്.

എന്നാല്‍, മ്യൂച്ച്വല്‍ ഫണ്ട് സബ്‌സ്‌ക്രിപ്ഷന്‍, ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കല്‍, ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കല്‍ എന്നിവയുടെ പരിധി വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്താണ് ഇത് ഒരു ലക്ഷം രൂപയായി ഉയര്‍ത്തുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.

ടോക്കണൈസേഷന്‍ സഹായിച്ചു

ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ടോക്കണൈസേഷന്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചതോടെ യുപിഐ ഓട്ടോ പേയ്‌മെന്റിന് സ്വീകാര്യത ഏറിയിട്ടുണ്ട്. കാര്‍ഡുകളുടെ യഥാര്‍ഥ നമ്പറിനു പകരം നല്‍കുന്ന നമ്പറുകളാണ് ടോക്കണ്‍ എന്നറിയപ്പെടുന്നത്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയിലെ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് ടോക്കണൈസേഷന്‍ നടപ്പിലാക്കുന്നത്.

യുപിഐ ഓട്ടോ പേയ്‌മെന്റിന്റെ നേട്ടങ്ങള്‍

കൃത്യ സമയത്ത് പേയ്‌മെന്റ് നടത്താം. പിഴ, താമസം നേരിട്ടതിനുള്ള ലേറ്റ് ഫീ എന്നിവ ഒഴിവാക്കാം. ആവശ്യത്തിനനുസരിച്ച് സെറ്റ് ചെയ്യാം. അതായത് മാസം, മൂന്ന് മാസം കുടുമ്പോള്‍ എന്നിങ്ങനെ തിരിച്ചടവ് കാലാവധികള്‍ സെറ്റ് ചെയ്യാം.

ആവശ്യാനുസരണം നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്താം. തുക കൂട്ടുക കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ഇത് കൂടുതല്‍ പ്രാവര്‍ത്തികമാകുന്നത്. പേയ്‌മെന്റുകള്‍ക്കുള്ള സുരക്ഷിതവും സൗകര്യപ്രദവുമായ പേയ്‌മെന്റ് രീതിയാണിത്. സൗജന്യമായി ഇടപാടുകള്‍ നടത്താം. പേയ്‌മെന്റുകള്‍ക്കായി യാത്ര ചെയ്യുകയോ പ്രത്യേക സമയം കണ്ടെത്തുകയോ വേണ്ട. ഓരോ തവണയും രേഖകള്‍ സമര്‍പ്പിക്കുകയോ, പേപ്പര്‍ വര്‍ക്കുകള്‍ ചെയ്യുകയോ വേണ്ട.