2 April 2024 10:34 AM GMT
ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ബില്ലടച്ചാല്‍ മെയ് 1 മുതല്‍ സര്‍ച്ചാര്‍ജ്
MyFin Desk
Summary
- ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളില്‍ അടുത്തിടെ ആക്‌സിസ് ബാങ്ക്, എസ്ബിഐ എന്നിവ മാറ്റം വരുത്തിയിരുന്നു
- യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് അത്ര ലാഭകരമായ ബിസിനസല്ല
- റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കാന്‍ ദുരുപയോഗം ചെയ്‌തേക്കാം
ആക്‌സിസ് ബാങ്ക്, എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കു പുറമേ പുതിയ പരിഷ്‌കാരവുമായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, യെസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍. കറന്റ് ബില്ല്, ഗ്യാസ്, വെള്ളത്തിന്റെ ബില്ല്, കേബിള്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ എന്നിവയ്ക്കായുള്ള ബില്ലുകള്‍ അടയ്ക്കാന്‍ ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ മെയ് ഒന്നുമുതലാണ് സര്‍ച്ചാര്‍ജ് ഈടാക്കുന്നത്.
യെസ് ബാങ്ക്
യെസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കറന്റ് ബില്ല്, ഗ്യാസ്, വെള്ളം തുടങ്ങിയ ബില്ലുകള്‍ അടയ്ക്കുമ്പോള്‍ ചെലവ് 15000 രൂപയ്ക്ക് മുകളിലാണെങ്കില്‍ ഒരു ശതമാനം സര്‍ച്ചാര്‍ജും 18 ശതമാനം ജിഎസ്ടിയുമാണ് ഈടാക്കുന്നത്. യെസ് ബാങ്കിന്റെ പ്രൈവറ്റ് ക്രെഡിറ്റ് കാര്‍ഡാണെങ്കില്‍ ഈ സര്‍ച്ചാര്‍ജ് ബാധകമല്ല. ചെലവ് 15000 രൂപയ്ക്ക് താഴെയാണെങ്കിലും സര്‍ച്ചാര്‍ജ് ബാധകമല്ല.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചുള്ള യൂട്ടിലിറ്റി ബില്‍ അടവുകള്‍ 20,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ ഒരു ശതമാനം സര്‍ച്ചാര്‍ജും 18 ശതമാനം ജിഎസ്ടിയും നല്‍കണം. ഫസ്റ്റ് പ്രൈവറ്റ് ക്രെഡിറ്റ് കാര്‍ഡ്, എല്‍ഐസി ക്ലാസിക് ക്രെഡിറ്റ് കാര്‍ഡ്, എല്‍ഐസി സെലക്റ്റ് ക്രെഡിറ്റ് കാര്‍ഡ് എന്നിവയ്ക്ക് ഈ നിര്‍ദ്ദേശം ബാധകമല്ല.
ബാങ്കുകളെ സംബന്ധിച്ച് മാര്‍ജിന്‍ വളരെ കുറഞ്ഞ ബിസിനസാണിത്. കൂടാതെ, പല ഉപഭോക്താക്കളും അവരുടെ ബിസിനസ് യൂട്ടിലിറ്റി ബില്ലുകള്‍ അടച്ച് റിവാര്‍ഡ് പോയിന്റുകള്‍ നേടാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നു എന്നതും സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തുന്നതിന് കാരണമായിട്ടുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.