26 March 2024 12:45 PM
Summary
- ഏപ്രിലോടെയാണ് ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്
- വാടക പേയ്‌മെന്റുകള്‍ക്കിനി റിവാര്‍ഡില്ല
- വിമാനത്താവളങ്ങളിലെ ലോഞ്ച് പ്രവേശനത്തിലും മാറ്റം
രാജ്യത്തെ ക്രെഡിറ്റ് ദാതാക്കളില്‍ വമ്പന്‍മാരായ എസ്ബിഐ, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയവര്‍ അവരുടെ ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളില്‍ അടുത്തിടെ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ അറിഞ്ഞ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍ അത് പണിയായേക്കും.ഏപ്രിലോടെയാണ് ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്നൊന്നു നോക്കാം.
എസ്ബിഐ
ഏപ്രില്‍ 1 മുതല്‍ ചില ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള വാടക പേയ്‌മെന്റ് ഇടപാടുകളില്‍ റിവാര്‍ഡ് പോയിന്റുകള്‍ നല്‍കുന്നത് നിര്‍ത്തലാക്കുമെന്ന് എസ്ബിഐ കാര്‍ഡ് പ്രഖ്യാപിച്ചിരുന്നു.
എസ്ബിഐ കാര്‍ഡ് എലൈറ്റ്, എസ്ബിഐ കാര്‍ഡ് എലൈറ്റ് അഡ്വാന്റേജ്, എസ്ബിഐ കാര്‍ഡ് പള്‍സ്, സിംപ്ലിക്ലിക് എസ്ബിഐ കാര്‍ഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ചില ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള വാടക പേയ്‌മെന്റ് ഇടപാടുകളില്‍ റിവാര്‍ഡ് പോയിന്റുകള്‍ നേടുന്നത്ഏപ്രില്‍ 15 ന് അവസാനിക്കും.
യെസ് ബാങ്ക്
ഏപ്രില്‍ 1 മുതല്‍, ഒരു കലണ്ടര്‍ പാദത്തില്‍ 10,000 രൂപയോ അതില്‍ കൂടുതലോ ചെലവഴിക്കുന്ന യെസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് കോംപ്ലിമെന്ററി ഡൊമസ്റ്റിക് ലോഞ്ച് ആക്‌സസിന് അര്‍ഹതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുന്‍ പാദത്തിലെ ചെലവ് അടുത്ത പാദത്തിലെ ലോഞ്ച് പ്രേവേശനത്തിന് ഉപയോഗിക്കാം.
ഐസിഐസിഐ ബാങ്ക്
ഏപ്രില്‍ ഒന്നു മുതല്‍ മുന്‍ കലണ്ടര്‍ പാദത്തില്‍ 35,000 രൂപ ചെലവഴിച്ച് നിങ്ങള്‍ക്ക് ഒരു കോംപ്ലിമെന്ററി എയര്‍പോര്‍ട്ട് ലോഞ്ച് പ്രവേശനം ആസ്വദിക്കാം. മുമ്പത്തെ കലണ്ടര്‍ പാദത്തില്‍ നടത്തിയ ചെലവഴിക്കല്‍ തുടര്‍ന്നുള്ള കലണ്ടര്‍ പാദത്തിലേക്കുള്ള പ്രവേശനത്തിനു ഉപയോഗിക്കാം. ഏപ്രില്‍,മെയ്,ജൂണ്‍ പാദത്തില്‍ കോംപ്ലിമെന്ററി ലോഞ്ച് ആക്‌സസിന് യോഗ്യത നേടുന്നതിന് ജനുവരി, ഫെബ്രുവരി, മാര്‍ച്ച് പാദത്തില്‍ കുറഞ്ഞത് 35,000 രൂപ ചെലവഴിക്കേണ്ടതുണ്ട്.
ആക്‌സിസ് ബാങ്ക്
ഇന്ധനം, ഇന്‍ഷുറന്‍സ്, സ്വര്‍ണ്ണം, ആഭരണങ്ങള്‍ എന്നിവയ്ക്കുള്ള ചെലവ് അടിസ്ഥാനമാക്കി എഡ്ജ് റിവാര്‍ഡ് പോയിന്റുകള്‍ക്ക് അര്‍ഹതയില്ല. വാര്‍ഷിക ഫീസില്‍ ഇളവ് ലഭിക്കാന്‍ ഇന്‍ഷുറന്‍സ്, സ്വര്‍ണ്ണം, ആഭരണങ്ങള്‍, ഇന്ധനം എന്നിവയ്ക്കുള്ള ചെലവഴിക്കല്‍ ഒഴിവാക്കും. ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ലൗഞ്ചുകളിലെ ഗസ്റ്റ് സന്ദര്‍ശന പരിധിയ എട്ടില്‍ നിന്നും നാലായി കുറയ്ക്കും.