18 April 2024 11:16 AM GMT
Summary
- പതിവായി പേയ് മെന്റുകള്‍ നടത്തുകയാണെങ്കില്‍, ക്രെഡിറ്റ് പരിധി ഉയര്‍ന്നേക്കാം
- ചില ക്രെഡിറ്റ് കാര്‍ഡുകള്‍ ആദ്യ വര്‍ഷത്തെ വാര്‍ഷിക ഫീസ് ഒഴിവാക്കാറുണ്ട്
- ഒരു കാര്‍ഡ് എടുക്കുന്നതിന് മുമ്പ് വ്യത്യസ്ത ഇടപാടുകള്‍ക്കും സേവനങ്ങള്‍ക്കും നിരക്കുകള്‍ എങ്ങനെയാണ് ബാധകമെന്ന് പരിശോധിക്കുക
ക്രെഡിറ്റ് കാര്‍ഡ് കയ്യിലില്ലാത്തവര്‍ ചുരുക്കമല്ലേ. ഷോപ്പിംഗുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരും കൂടുതലാണ്. കാഷ് ബാക്കുകള്‍, ഡിസ്‌കൗണ്ടുകള്‍, ഓഫറുകള്‍ എന്നിവയൊക്കെയാണ് ക്രെഡിറ്റ് കാര്‍ഡുകളെ ആകര്‍ഷകമാക്കുന്നത്. പക്ഷേ, ക്രെഡിറ്റ് കാര്‍ഡിനെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കണമെങ്കില്‍ അതുമായി ബന്ധപ്പെട്ടിരിക്കുന്ന വാക്കുകള്‍ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട 12 കാര്യങ്ങളെ ഒന്നു പരിചയപ്പെട്ടാലോ?
റിവോള്‍വിംഗ് ക്രെഡിറ്റ്
കടമെടുപ്പ് സംബന്ധിച്ച കരാറാണിത്. ഇത്തരത്തിലുള്ള വായ്പയില്‍ കടമെടുത്ത മുഴുവന്‍ തുക അല്ലെങ്കില്‍ ഭാഗികമായി തിരിച്ചടയ്ക്കാന്‍ കഴിയും. കൃത്യസമയത്ത് പേയ്‌മെന്റുകള്‍ നടത്തുകയും അക്കൗണ്ട് തുറന്നിരിക്കുകയും ചെയ്യുന്നിടത്തോളം ഒരു നിശ്ചിത പരിധി വരെ വായ്പ എടുക്കുന്നത് തുടരാം. നിങ്ങള്‍ക്ക് ലഭ്യമായ വായ്പയുടെ അളവ്, ഓരോ മാസവും നിങ്ങള്‍ അടയ്‌ക്കേണ്ട ഏറ്റവും കുറഞ്ഞ തുക, എത്ര തിരച്ചടയ്ക്കുന്നു എന്നതിനെ ആശ്രയിച്ച് വായ്പാ തുക മാറും.
വായ്പാ പരിധി/ ക്രെഡിറ്റ് പരിധി
ഓരോ ബില്ലിംഗ് സൈക്കിളിലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചെലവഴിക്കാന്‍ കഴിയുന്ന പരമാവധി തുകയാണ് ക്രെഡിറ്റ് പരിധി അഥവാ വായ്പാ പരിധി. കാര്‍ഡ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെയും കൃത്യസമയത്ത് പണമടയ്ക്കുന്നുണ്ടോ എന്നതിനെയും അടിസ്ഥാനമാക്കി ഇത് മാറാം. പതിവായി പേയ് മെന്റുകള്‍ നടത്തുകയാണെങ്കില്‍, ക്രെഡിറ്റ് പരിധി ഉയര്‍ന്നേക്കാം. എന്നാല്‍ പേയ് മെന്റുകള്‍ നടത്താന്‍ വൈകിയാല്‍ പരിധി അതേപടി തുടരുകയോ കുറയുകയോ ചെയ്‌തേക്കാം.
ബാലന്‍സ് ട്രാന്‍സ്ഫര്‍
ഒന്നില്‍ കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് ഒരു ക്രെഡിറ്റ് കാര്‍ഡിലെ ബാധ്യത മറ്റൊന്നിലേക്ക് മാറ്റാനുള്ള അവസരമാണിത്. പലിശ നിരക്ക് കുറയ്ക്കാന്‍ ഇത് സഹായിക്കും.
ബില്ലിംഗ് സൈക്കിള്‍
ഒരു തവണ ക്രെഡിറ്റ് കാര്‍ഡ് ബില്ലടച്ചതിനുശേഷം അടുത്ത ക്രെഡിറ്റ് കാര്‍ഡ് ബില്ലടയ്ക്കാനുള്ള കാലയളവാണ് ബില്ലിംഗ് സൈക്കിള്‍. പൊതുവേ ഇത് ഒരുമസമായാണ് കണക്കാക്കുന്നത്.
ഡ്യൂ ഡേറ്റ്
ക്രെഡിറ്റ് കാര്‍ഡ് ബില്ല് പിഴകളൊന്നുമില്ലാതെ അടയ്‌ക്കേണ്ട തീയതിയാണ് ഡ്യൂ ഡേറ്റ്. ഡ്യൂ ഡേറ്റിനു ശേഷമാണ് ബില്ലടയ്ക്കുന്നതെങ്കില്‍ പിഴയായി ഒരു തുക നല്‍കേണ്ടി വരും.
വാര്‍ഷിക ഫീസ്/ ആന്വല്‍ ഫീസ്
ക്രെഡിറ്റ് കാര്‍ഡിനായി എല്ലാ വര്‍ഷവും നല്‍കേണ്ട ഒരു നിശ്ചിത തുകയാണ് വാര്‍ഷിക ഫീസ്. സാധാരണയായി 500 മുതല്‍ 2,999 രൂപ വരെ അല്ലെങ്കില്‍ അതില്‍ കൂടുതലാണ് വാര്‍ഷിക ഫീസായി ഈടാക്കാറ്. ഈ ഫീസ് അടയ്ക്കുന്നത് ക്യാഷ് ബാക്ക്, റിവാര്‍ഡ് പോയിന്റുകള്‍ അല്ലെങ്കില്‍ എയര്‍ലൈന്‍ മൈലുകള്‍ പോലുള്ള ആനുകൂല്യങ്ങള്‍ നല്‍കും. ചില ക്രെഡിറ്റ് കാര്‍ഡുകള്‍ ആദ്യ വര്‍ഷത്തെ വാര്‍ഷിക ഫീസ് ഒഴിവാക്കാറുണ്ട്.
ക്രെഡിറ്റ് സ്‌കോര്‍
'300 നും 900 നും ഇടയിലുള്ള ക്രെഡിറ്റ് സ്‌കോര്‍ കടം തിരിച്ചടവിന്റെ വിശ്വാസ്യതയെയാണ് സൂചിപ്പിക്കുന്നത്. ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്നതാണെങ്കില്‍, വായ്പകള്‍ക്ക് അംഗീകാരം ലഭിക്കാനും മികച്ച പലിശനിരക്ക് ലഭിക്കാനും സാധ്യതയുണ്ട്. ക്രെഡിറ്റ് ചരിത്രം നോക്കിയാണ് ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണ്ണയിക്കുന്നത്, അതില്‍ അക്കൗണ്ടുകളുടെ എണ്ണം, കടത്തിന്റെ അളവ്, കടങ്ങള്‍ എത്ര സ്ഥിരതയോടെ തിരിച്ചടച്ചു, മറ്റ് പ്രസക്തമായ ഘടകങ്ങള്‍ എന്നിവ പോലുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുന്നു.
ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് നിബന്ധനകളും കൃത്യസമയത്ത് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ നിങ്ങള്‍ക്ക് എത്രത്തോളം സാധ്യതയുണ്ടെന്നും വിലയിരുത്താന്‍ വായ്പ നല്‍കുന്നവര്‍ ക്രെഡിറ്റ് സ്‌കോര്‍ ഉപയോഗിക്കും.
ഗ്രേസ് പിരീഡ്
വായ്പ അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് പോലുള്ളവയുടെ പേയ്‌മെന്റ് നിശ്ചിത തീയതിക്ക് ശേഷം നടത്താന്‍ അനുവദിക്കുന്ന സമയമാണ് ഗ്രേസ് കാലയളവ്. കൃത്യ തീയതിയില്‍ തിരിച്ചടവ് നടത്തിയില്ലെങ്കിലും അത് മൂലം നെഗറ്റീവ് പ്രത്യാഘാതങ്ങളൊന്നുമില്ലാതെ പേയ് മെന്റ് നടത്താന്‍ നല്‍കുന്ന അധിക സമയമാണിത്.
ആനുവല്‍ പെര്‍സന്റജ് റേറ്റ്
നിശ്ചിത തീയതിക്കുള്ളില്‍ ഒരു ബില്ലിംഗ് സൈക്കിളിന്റെ കുടിശ്ശിക പൂര്‍ണ്ണമായി അടച്ചില്ലെങ്കില്‍ ഈടാക്കുന്ന വാര്‍ഷിക പലിശയെ സൂചിപ്പിക്കുന്നതാണ് എപിആര്‍. അടയ്ക്കാത്ത കുടിശ്ശികയ്ക്ക് എല്ലാ മാസവും പലിശ ഈടാക്കും. ഈടാക്കുന്ന പ്രതിമാസ പലിശ അറിയാന്‍ എപിആറിനെ 12 കൊണ്ടാണ് വിഭജിക്കുന്നത്.
പലിശ നിരക്ക്
ക്രെഡിറ്റ് കാര്‍ഡിലെ പലിശ നിരക്കുകള്‍ കാര്‍ഡ് എന്തിനാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ച് വ്യത്യാസപ്പെടാം. തവണകളായി (ഇഎംഐ) പണം അടയ്ക്കുന്നതിന് ഈടാക്കുന്ന പലിശ നിരക്ക് സാധാരണ നടത്തേണ്ട പേയ്‌മെന്റ് സമയം നീട്ടുന്നതിനേക്കാള്‍ കുറവാണ്. ചെലവഴിക്കല്‍ പരിധിയേക്കാള്‍ കൂടുതല്‍ ചെലവഴിക്കുകയാണെങ്കില്‍ പലിശ നിരക്ക് വീണ്ടും വ്യത്യാസപ്പെടാം. ഒരു കാര്‍ഡ് എടുക്കുന്നതിന് മുമ്പ് വ്യത്യസ്ത ഇടപാടുകള്‍ക്കും സേവനങ്ങള്‍ക്കും നിരക്കുകള്‍ എങ്ങനെയാണ് ബാധകമെന്ന് പരിശോധിക്കുക.
ചാര്‍ജ്ബാക്ക് / തര്‍ക്കങ്ങള്‍
ക്രെഡിറ്റ് കാര്‍ഡ് കമ്പനിയില്‍ നിന്നുള്ള പ്രതിമാസ ബില്ലില്‍ ഒരു തെറ്റ് ശ്രദ്ധയില്‍പ്പെട്ടാല്‍, കാര്‍ഡ് കമ്പനിക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കാം. നിങ്ങളുടെ അറിയിപ്പ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ അവര്‍ മറുപടി നല്‍കണം.
ഓവര്‍ ലിമിറ്റ് ചാര്‍ജ്
ക്രെഡിറ്റ് കാര്‍ഡ് പരിധിയേക്കാള്‍ കൂടുതല്‍ തുക ചെലവഴിക്കുകയാണെങ്കില്‍, ഓവര്‍-ലിമിറ്റ് ഫീസ് ഈടാക്കിയേക്കാം. ഈ ഫീസ് സാധാരണയായി ഒരു നിശ്ചിത തുകയാണ്, പക്ഷേ ഇത് ക്രെഡിറ്റ് സ്‌കോറിനെ ബാധിച്ചേക്കാം, കാരണം ഇത് ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന കാര്യമാണ്.