27 Feb 2024 10:37 AM GMT
Summary
- സമ്മാനങ്ങളും പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
- പിഎംഎസ് അംഗീകൃതമാണോ എന്ന് ഉറപ്പുവരുത്തിയിട്ടു വേണം നിക്ഷേപം നടത്താന്‍.
- സേവനങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിന് കമ്മീഷനോ ഇന്‍സെന്റീവോ ഒരിക്കലും നല്‍കുന്നില്ലെന്ന് ഉറപ്പാക്കണം.
മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പുകള്‍ തുടര്‍ക്കഥയാകുന്ന കാലത്ത് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് പഞ്ചാബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബന്‍സന്‍ സ്റ്റോക്ക് ട്രേഡിംഗാണ്. പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് സര്‍വീസ് (പിഎംഎസ്) സേവനങ്ങളാണ് നല്‍കുന്നതെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്.പക്ഷേ, സാധാരണ ഒരു പിഎംഎസ് സ്ഥാപനത്തിന്റേതു പോലെയല്ല ബന്‍സന്റെ പ്രവര്‍ത്തനങ്ങള്‍.
സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല
മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത പിഎംഎസ് സ്ഥാപനങ്ങളുടെ പട്ടികയില്‍ ബന്‍സന്‍ ഉള്‍പ്പെടുന്നില്ല. രജിസ്റ്റര്‍ ചെയ്ത കൂട്ടായ നിക്ഷേപ മാനേജ്‌മെന്റ് (സിമ്പനികളുടെ പട്ടികയിലും ഇത് ഉള്‍പ്പെട്ടിട്ടില്ല.
നിക്ഷേപം വര്‍ധിക്കുന്നത് വേഗത്തില്‍
സ്ഥാപനം ഉപഭോക്താക്കളെ ആകര്‍ഷിക്കാനും അവരിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ കൊണ്ടുവരുന്നതിന് പകരമായി വിലയേറിയ സമ്മാനങ്ങള്‍ നല്‍കുന്ന ഒരു പിരമിഡ് സ്‌കീമാണ് പ്രചരിപ്പിക്കുന്നത്. ബന്‍സന്‍ സ്റ്റോക്ക് ട്രേഡിംഗ് ആളുകളില്‍ നിന്ന് പണം ശേഖരിക്കുകയും അവരുടെ നിക്ഷേപം 'വളരെ വേഗത്തില്‍' വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. മാത്രമല്ല ഇതിന് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗി (എം എല്‍ എം) ന്റെ ഒരു ഘടനയുമുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതായത് പദ്ധതിയില്‍ അംഗമാകുന്ന ഒരാള്‍ അയാള്‍ ഉണ്ടാക്കുന്ന ലാഭത്തിന്റെ ഒരു പങ്കിന് പകരമായി ഈ സേവനം പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ ആളുകളെ പദ്ധതിയിലേക്ക് ഉള്‍പ്പെടുത്താം. ഇങ്ങനെ പുതിയ ആളുകളെ കൊണ്ടു വരുന്നവര്‍ക്ക് പുതിയ ഉപഭോക്താക്കളുണ്ടാക്കുന്ന ലാഭത്തില്‍ നിന്ന് അഞ്ച് ശതമാനം പ്രതിമാസ വരുമാനവും കൂടുതല്‍ ആളുകളെ ക്ലയന്റുകളായി കൊണ്ടുവരുന്നതില്‍ നിന്നുള്ള അധിക വരുമാനവും ലഭിക്കുമെന്നാണ് വാഗ്ദാനം.
നിയമ വിരുദ്ധം
ഇത് തികച്ചും നിയമവിരുദ്ധമാണ്. പ്രധാനമായും രണ്ട് ചട്ട ലംഘനങ്ങളാണ് ഇവിടെ നടക്കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഒന്ന് പിഎംഎസ് റെഗുലേഷന്‍സ്, മറ്റൊന്ന് കളക്ടീവ് ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം റെഗുലേഷന്‍സ്. ഫണ്ടുകള്‍, സെക്യൂരിറ്റികള്‍, പോര്‍ട്ട്‌ഫോളിയോ എന്നിവ കൈകാര്യം ചെയ്യുന്നതിന് ഒരു സ്ഥാപനം ഒരു പിഎംഎസായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഒരു പൊതു ലക്ഷ്യത്തിലേക്ക് പണം സമാഹരിക്കുകയാണെങ്കില്‍ അത് ഒരു കളക്റ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം (്‌സിഐഎസ്)മായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
എങ്ങനെയാണ് പ്രവര്‍ത്തനം
എ എന്നൊരു വ്യക്തി ബി എന്നൊരു വ്യക്തിയെ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയാണെങ്കില്‍, എയ്ക്ക് അതിന്റെ ട്രേഡിംഗ് ലാഭവും അതിനൊപ്പം ബിയുടെ ട്രേഡിംഗ് ലാഭത്തിന്റെ ഒരു ശതമാനവും ലഭിക്കും. ആദ്യ ലെവലുകളില്‍ വ്യാപാര ലാഭത്തിന്റെ 10 ശതമാനമാണ് ഈ പിഎംഎസ് വാഗ്ദാനം ചെയ്യുന്നത്. ഇനി ബി എന്ന വ്യക്തി സി എന്ന വ്യക്തിയെ കൊണ്ടു വന്നാല്‍ എയ്ക്ക് രണ്ട് ലെവലുകളിലെയും ലാഭത്തിന്റെ നിശ്ചിത ശതമാനം നേടാന്‍ കഴിയും. ലെവല്‍ 1 ബിയുടെ ലാഭത്തിന്റെ 10 ശതമാനത്തില്‍ നിന്നും ലെവല്‍ 2 സിയുടെ ലാഭത്തിന്റെ 8 ശതമാനത്തില്‍ നിന്നുമായിരിക്കും. ഇങ്ങനെ 15 ഓളം ലെവലുകളടങ്ങിയതാണ് ഈ സ്‌കീം. അവസാനത്തെ ലെവലായ 15 ലെത്തുമ്പോള്‍ ലാഭത്തിന്റെ ഒരു ശതമാനമാണ് ലഭിക്കുന്നത്.
ഒരു ലെവല്‍ ആരംഭിക്കുന്നതിന്, ഒരു പുതിയ ഉപഭോക്താവ് കുറഞ്ഞത് 50,000 രൂപ നിക്ഷേപിക്കണമെന്നാണ് ബന്‍സന്റെ പരസ്യത്തില്‍ പറയുന്നത്.
വിലപിടിപ്പുള്ള സമ്മാനങ്ങള്‍
തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലേക്കുള്ള യാത്ര, 25,000 രൂപയുടെ ലാപ്‌ടോപ്പ്, ഇരുചക്ര വാഹനം, ഹാച്ച്ബാക്ക്-ആഢംബര സെഡാന്‍, വീട് എന്നിങ്ങനെയുള്ള സമ്മാനങ്ങളും പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപഭോക്താവ് കൊണ്ടുവരുന്ന ബിസിനസിനനുസരിച്ചാണ് സമ്മാനങ്ങള്‍ 15 ലക്ഷം രൂപയുടെ ബിസിനസ് കൊണ്ടുവരുന്ന ഉപഭോക്താവിന് തായ് ലന്‍ഡിലേക്കുള്ള യാത്ര സമ്മാനമായി ലഭിക്കും. മുപ്പത് കോടി രൂപയുടെ ബിസിനസിന് ആഡംബര സെഡാനും 50 കോടി രൂപയ്ക്ക് ഒരു കോടി രൂപയുമാണ് പ്രതിഫലം.
വിവിധ നിയമങ്ങള്‍ പാലിക്കണം
രജിസ്റ്റര്‍ ചെയ്ത പിഎംഎസ് കമ്പനി തങ്ങളുടെ സേവനങ്ങള്‍ വിതരണം ചെയ്യുന്നതിനായി വിവിധ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. സവേനങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പ്രതിഫലം നല്‍കുന്ന ബന്‍സന്റെ എംഎല്‍എം ഘടന പിഎംഎസിന് നിര്‍ദ്ദേശിച്ചിട്ടുള്ള പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണ്.
2023 മാര്‍ച്ചില്‍ പോര്‍ട്ട്‌ഫോളിയോ മാനേജര്‍മാര്‍ക്കായി പുറപ്പെടുവിച്ച മാസ്റ്റര്‍ സര്‍ക്കുലര്‍ അനുസരിച്ച്, പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിന് കമ്മീഷനോ ഇന്‍സെന്റീവോ ഒരിക്കലും നല്‍കുന്നില്ലെന്ന് എല്ലാ വിതരണക്കാരും ഉറപ്പാക്കണം.
കൂടാതെ പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസസ് (പിഎംഎസ്) ഡിസ്ട്രിബ്യൂട്ടേഴ്‌സ് സര്‍ട്ടിഫിക്കേഷന്‍ എക്‌സാമിനേഷന്‍ പാസാവുകയും വിതരണക്കാര്‍ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ (എന്‍ഐഎസ്എം) നിന്ന് സര്‍ട്ടിഫിക്കേഷന്‍ ഉണ്ടെന്ന് പോര്‍ട്ട്‌ഫോളിയോ മാനേജര്‍മാര്‍ ഉറപ്പാക്കേണ്ടതുണ്ട്.
സെബി അംഗീകൃതമാണോ എന്നറിയാം
ഇനി നിങ്ങള്‍ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്ന പിഎംഎസ് അല്ലെങ്കില്‍ നിക്ഷേപത്തിനായി നിങ്ങളെ സമീപിക്കുന്ന പിഎംഎസ് അംഗീകൃതമാണോ എന്ന് ഉറപ്പുവരുത്തിയിട്ടു വേണം നിക്ഷേപം നടത്താന്‍. ഇത് എങ്ങനെ പരിശോധിക്കുമെന്നാണ് സംശയമെങ്കില്‍ അതിനുള്ള വഴി ഇതാണ്. പിഎംഎസിനോട് അവരുടെ സെബി രജിസ്‌ട്രേഷന്‍ നമ്പര്‍ ആവശ്യപ്പെടുക. അതിനുശേഷം സെബിയുടെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് ഈ നമ്പര്‍ നല്‍കി സെബി അംഗീകൃതമാണോയെന്ന് പരിശോധിക്കാം. അതിനുശേഷം മാത്രം നിക്ഷേപം നടത്തുക.