27 Feb 2024 11:07 AM GMT
Summary
- 16ാം ഗഡുവിന്റെ വിതരണം ഈ മാസം 28ന് (ഫെബ്രുവരി 28) നടക്കും
- കേന്ദ്രസര്‍ക്കാര്‍ കണക്കുപ്രകാരം 8.56 കോടി കര്‍ഷകരാണ് ആനുകൂല്യം നേടാന്‍ യോഗ്യര്‍
- കേരളത്തിൽ 23.41 ലക്ഷം പേരാണ് പദ്ധതിക്ക് കീഴിൽ തുക കൈപ്പറ്റുന്നത്
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന (പി.എം. കിസാന്‍) 16ാം ഗഡുവിന്റെ വിതരണം ഈ മാസം 28ന് (ഫെബ്രുവരി 28) നടക്കും.
കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുപ്രകാരം 8.56 കോടി കര്‍ഷകരാണ് പദ്ധതിയുടെ ആനുകൂല്യം നേടാന്‍ യോഗ്യര്‍. പ്രതിവര്‍ഷം 2,000 രൂപ വീതം മൂന്ന് ഗഡുക്കളായി 6,000 രൂപയാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്.
1.86 കോടിപ്പേരുമായി ഉത്തര്‍പ്രദേശാണ് ഏറ്റവുമധികം യോഗ്യരുള്ള സംസ്ഥാനങ്ങളില്‍ മുന്നില്‍. മഹാരാഷ്ട്രയില്‍ നിന്ന് 85 ലക്ഷം കര്‍ഷകരും മദ്ധ്യപ്രദേശില്‍ നിന്ന് 76 ലക്ഷം പേരുമുണ്ട്. കേരളത്തില്‍ 23.41 ലക്ഷം പേരുണ്ടെന്നാണ് കണക്ക്. 15-ാം ഗഡു വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ കേരളത്തിൽ 100 ശതമാനം ആളുകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്.
അതേസമയം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളള അനര്‍ഹരെ കണ്ടെത്തി നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോടും ബാങ്കുകളോടും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അദായ നികുതി അടയ്ക്കുന്നവരടക്കം പി.എം കിസാന്‍ ആനുകൂല്യം കൈപ്പറ്റുന്നുണ്ടെന്ന് കേന്ദ്രം കണ്ടെത്തിയിരുന്നു.
കേരളത്തില്‍ 30,416 അനര്‍ഹരുണ്ടെന്നാണ് കണക്ക്. ഇവരില്‍ നിന്ന് ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കും. ഇതിനകം തന്നെ 2,190 പേര്‍ പണം തിരിച്ചടച്ചിട്ടുണ്ട്.