15 Sep 2023 10:45 AM GMT
Summary
- ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഈ മാസം 30 ന് അവസാനിക്കും.
സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം (എസ്സിഎസ്എസ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്സി), മറ്റ് പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളിലെ നിക്ഷേപകര്‍ക്ക് ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഈ മാസം 30 ന് അവസാനിക്കും.
അതത് പോസ്റ്റ് ഓഫീസിലോ ബാങ്ക് ബ്രാഞ്ചിലോ ആധാര്‍ വിവരം സമര്‍പ്പിക്കണം, അല്ലാത്ത പക്ഷം ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നത് വരെ ഈ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നാണ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
നിലവിലുള്ള നിക്ഷേപകര്‍ക്കും ഈ ഉത്തരവ് ബാധകമാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 31 നാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമം ആറ് മാസം വരെ സാവകാശം നല്‍കിയിരുന്നു.
അക്കൗണ്ട് മരവിക്കപ്പെട്ടാല്‍, നിക്ഷേപകന് പലിശ ലഭിക്കാതെ വരും. പിപിഎഫ് അല്ലെങ്കില്‍ സുകന്യ സമൃദ്ധി അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാനാകില്ല. കൂടാതെ മെച്യൂരിറ്റി തുക നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യില്ല.
അക്കൗണ്ട് തുറക്കുന്ന സമയത്ത് പാന്‍ വിവരം നല്‍കാത്ത നിക്ഷേപകരുടെ അക്കൗണ്ടിലെ ബാലന്‍സ് അമ്പതിനായിരം രൂപ കവിയുക, ഏതെങ്കിലും സാമ്പത്തിക വര്‍ഷത്തില്‍ അക്കൗണ്ടിലെ എല്ലാ ക്രെഡിറ്റുകളുടെയും ആകെ തുക ഒരു ലക്ഷം രൂപ കവിയുക, ഒരു മാസത്തിനുള്ളില്‍ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കലുകളുടെയും കൈമാറ്റങ്ങളുടെയും ആകെ തുക പതിനായിരം രൂപ കവിയുക എന്നിവ സംഭവിച്ചാല്‍ രണ്ട് മാസത്തിനുള്ളില്‍ അക്കൗണ്ട് ഓഫീസില്‍ ആധാര്‍ സമര്‍പ്പിക്കണം.