23 Jan 2024 12:15 PM GMT
Summary
- നികുതിയുടെ കാര്യത്തില്‍ ഇപിഎഫ്ഒയുമായി തുല്യത വശ്യപ്പെട്ടിട്ടുണ്ട്.
- എന്‍പിഎസില്‍ തൊഴിലുടമയുടെ സംഭാവനയായ 10 ശതമാനത്തിനാമ് നികുതി ഇളവ്.
- പഴയ നികുതി വ്യവസ്ഥയില്‍ സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിനാണ് ഇളവ്.
കേന്ദ്ര സര്‍ക്കാര്‍ ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്) കൂടുതല്‍ ആകര്‍ഷകമാക്കിയേക്കുമെന്ന് സൂചന. അതിനായി 75 വയസിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപം, പിന്‍വലിക്കലുകള്‍ എന്നിവയ്ക്ക് നികുതിയിളവുകള്‍ തുടങ്ങിയ ഓപ്ഷനുകള്‍ നല്‍കിയേക്കും. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) നികുതിയുടെ കാര്യത്തില്‍ ഇപിഎഫ്ഒയുമായി തുല്യത വശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ വരുന്ന ബജറ്റില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ എന്‍പിഎസിലെയും ഇപിഎഫ്ഒയിലെയും തൊഴിലുടമകളുടെ സംഭാവനയുടെ കാര്യത്തില്‍ വ്യത്യാസമുണ്ട്. എന്‍പിഎസില്‍ തൊഴിലുടമയുടെ സംഭാവനയായ 10 ശതമാനത്തിനാമ് നികുതി ഇളവ്. എന്നാല്‍ ഇപിഎഫ്ഒയില്‍ 12 ശതമാനത്തിനാണ് ഇളവ്.എന്‍പിഎസിലൂടെ ദീര്‍ഘകാല സമ്പാദ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും 75 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാരുടെ നികുതി ഭാരം കുറയ്ക്കുന്നതിനുമാണ് എന്‍പിഎസിന്റെ ആന്വിറ്റി ഭാഗം 75 വയസ്സ് മുതല്‍ ഉടമകള്‍ക്ക് നികുതി രഹിതമാക്കണമെന്നും ബജറ്റിലേക്കുള്ള നിര്‍ദ്ദേശങ്ങളായി ഉയര്‍ന്നു വരുന്നത്.
കൂടാതെ, 75 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് എന്‍പിഎസ് വരുമാനമുണ്ടെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് ഉറപ്പാക്കാന്‍ പലിശയ്ക്കും പെന്‍ഷനുമൊപ്പം എന്‍പിഎസും ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും ഉണ്ട്. നിലവില്‍ എന്‍പിഎസിലെ 60 ശതമാനം ഒറ്റത്തവണ പിന്‍വലിക്കുമ്പോള്‍ അത് നികുതി രഹിതമാണ്. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ എന്‍പിഎസ് സംഭാവനകള്‍ക്ക് നികുതി ഇളവുകള്‍ നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്.
നിലവില്‍, സെക്ഷന്‍ 80 സിസിഡി (1 ബി) പ്രകാരം എന്‍പിഎസിലെ ഒരു വ്യക്തിയുടെ സംഭാവന പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിലാണ് കണക്കാക്കുന്നത്. പഴയ നികുതി വ്യവസ്ഥയില്‍ സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിനാണ് ഇളവ്. പെന്‍ഷന്‍ സമ്പ്രദായം അവലോകനം ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിന് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ധനകാര്യ സെക്രട്ടറി ടി വി സോമനാഥന്റെ കീഴില്‍ ഒരു സമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.