image

5 Sept 2023 9:32 PM IST

Pension

55 രൂപയുണ്ടോ, ഒരു പെന്‍ഷന്‍ പദ്ധതി എടുക്കട്ടേ?

ശ്രുതി ലാല്‍

pension plans
X

Summary

  • കൃഷി മന്ത്രാലയം, കര്‍ഷക ക്ഷേമ വകുപ്പ്, എല്‍ഐസി എന്നിവ ചേർന്നാണ് പ്രധാനമന്ത്രി കിസാന്‍ മന്‍ധന്‍ യോജന
  • 42 വിഭാഗങ്ങളിലായുള്ള അസംഘടിത തൊഴിലാളി വിഭാഗങ്ങളെ
  • 60 വയസ് പൂര്‍ത്തിയാകുന്നത് വരെ മാസത്തില്‍ വിഹിതം അടക്കണം


കയ്യിലൊതുങ്ങുന്ന തുക നിക്ഷേപിച്ചാല്‍ വയസാം കാലത്ത് മാസവരുമാനം. അതും സര്‍ക്കാര്‍ ഗാരന്റിയോടെ.

അറുപതാം വയസില്‍ ലഭിച്ച് തുടങ്ങുന്ന മാസവരുമാനം നിക്ഷേപകന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം തുടരും. പദ്ധതിയില്‍ സര്‍ക്കാരും നിങ്ങള്‍ക്കായി ഒരു തുക നിക്ഷേപിക്കും. നിക്ഷേപകന്റെ മരണ ശേഷം പങ്കാളിക്ക് 50 ശതമാനം പെന്‍ഷന്‍ ലഭിക്കും. വിഹിതം അടയ്ക്കുന്ന കാലയളവില്‍ നിക്ഷേപകന്‍ മരിച്ചാല്‍ പങ്കാളിക്ക് വിഹിതം അടച്ച് പദ്ധതിയില്‍ തുടരാം. പദ്ധതി തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അടച്ച തുക പലിശ ചേര്‍ത്ത് തിരികെ ലഭിക്കും.

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പ്രധാനമന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന പദ്ധതിയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങളാണിവ. രാജ്യത്തെ ഏകദേശം 42 കോടി അസംഘടിത തൊഴിലാളികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍

പദ്ധതി എന്ത്? എങ്ങനെ?

2019-20 ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച സാമൂഹിക ക്ഷേമ പെന്‍ഷന്‍ പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ മന്‍ധന്‍ യോജന. കൃഷി മന്ത്രാലയം, കര്‍ഷക ക്ഷേമ വകുപ്പ്, എല്‍ഐസി എന്നിവയാണ് പ്രധാനമന്ത്രി കിസാന്‍ മന്‍ധന്‍ യോജനയുടെ അമരക്കാര്‍. പദ്ധതി പ്രകാരം അര്‍ഹരായ കര്‍ഷകര്‍ക്ക് 60 വയസ് പൂര്‍ത്തിയായാല്‍ പ്രതിമാസം 3,000 രൂപ പെന്‍ഷന്‍ ലഭിക്കും. ഇതിന്റെ ഏറ്റവും വലിയ സവിശേഷത പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയാണെന്നതാണ്. ചേരുന്നയാളുടെ പ്രായത്തിന് അനുസരിച്ച് മാസം അടയ്ക്കേണ്ട തുക തീരുമാനിക്കും. ഇതിന് അനുസൃതമായ തുക കേന്ദ്രസര്‍ക്കാരും അടയ്ക്കും.

ആര്‍ക്കെല്ലാം അപേക്ഷിക്കാം

രാജ്യത്തെ 42 വിഭാഗങ്ങളിലായുള്ള അസംഘടിത തൊഴിലാളി വിഭാഗങ്ങളെയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ഇതില്‍ പ്രധാനമായും റിക്ഷാ വലിക്കുന്നവര്‍, ചുമട്ടുതൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, ഉച്ചഭക്ഷണ ജീവനക്കാര്‍, ഇഷ്ടിക ചൂളകളില്‍ ജോലി ചെയ്യുന്നവര്‍, ചെരുപ്പ് കുത്തുന്നവര്‍, തുണി എടുക്കുന്നവര്‍, വീട്ടുജോലിക്കാര്‍, അലക്കുകാര്‍, വീട്ടുജോലിക്കാര്‍, കര്‍ഷക തൊഴിലാളികള്‍, നിര്‍മാണത്തൊഴിലാളികള്‍, ബീഡി തൊഴിലാളികള്‍, കൈത്തറി തൊഴിലാളികള്‍, തുകല്‍ തൊഴിലാളികള്‍, ഓഡിയോ വിഷ്വല്‍ തൊഴിലാളികള്‍ അല്ലെങ്കില്‍ സമാനമായ മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കും പദ്ധതിയില്‍ അപേക്ഷിക്കാം.

പദ്ധതിയെ അടുത്തറിയാം

പദ്ധതി പ്രകാരം അപേക്ഷ നല്‍കാന്‍ മേല്‍പറഞ്ഞ തൊഴില്‍ മേഖലയില്‍ ജോലി എടുക്കുന്ന ഒരാളായിരിക്കണം നിങ്ങള്‍. പ്രായപരിധി 18 മുതല്‍ 40 വയസ് വരെ. പ്രായത്തിന് അനുസരിച്ചാണ് പ്രധാനമന്ത്രി ശ്രം യോഗി മന്‍ധന്‍ യോജനയില്‍ മാസ അടവ്. 55 രൂപ മുതല്‍ 200 രൂപ വരെയായിരിക്കുമിത്. നിങ്ങള്‍ എത്ര തുക പ്രതിമാസം അടയ്ക്കണമെന്നത് പട്ടിക നോക്കി മനസിലാക്കാം.

വയസ് അടക്കേണ്ട തുക

18 55 രൂപ

20 61 രൂപ

25 80 രൂപ

30 110 രൂപ

35 150 രൂപ

40 200 രൂപ

നടപടികള്‍ ഇങ്ങനെ?

പദ്ധതിയില്‍ അംഗങ്ങളാവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അടുത്തുള്ള പൊതുസേവന കേന്ദ്രം വഴി അപേക്ഷ നല്‍കാം. ആധാര്‍ കാര്‍ഡ്. സേ വിംഗ്‌സ് ബാങ്ക് അക്കൗണ്ട് നമ്പറോ ജന്‍ ധന്‍ അക്കൗണ്ട് നമ്പറും അപേക്ഷ സമയത്ത് കൈയ്യില്‍ കരുതണം. സംശയ നിവാരണത്തിന് ഇ.എസ്.ഐ.സി, ഇ.പി.എഫ്.ഒ, എല്‍.ഐ.സി ബ്രാഞ്ച് ഓഫീസുകള്‍, എല്ലാ കേന്ദ്ര- സംസ്ഥാന ലേബര്‍ ഓഫീസുകള്‍ തുടങ്ങിയവയെ സമീപിക്കാം. ആദ്യ മാസത്തവണ പണമായി സമര്‍പ്പിക്കണം. പ്രായം കണക്കാക്കി മാസത്തില്‍ അടയ്ക്കേണ്ട തുക വെബ്സൈറ്റില്‍ കണക്കാക്കും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ മാസത്തില്‍ അക്കൗണ്ടില്‍ നിന്ന് പണം ഓട്ടോ ഡെബിറ്റായി നടക്കും.

ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

60 വയസ് പൂര്‍ത്തിയാകുന്നത് വരെ മാസത്തില്‍ വിഹിതം അടയ്ക്കണം.നാഷണല്‍ പെന്‍ഷന്‍ സ്‌കീം (എന്‍പിഎസ്), എംപ്ലോയീസ് ഫണ്ട് ഓര്‍ഗനൈസേഷന്‍ സ്‌കീം തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് കീഴില്‍ വരുന്നവര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കില്ല. അപേക്ഷകന്റെ മാസവരുമാനം 15,000 രൂപയോ താഴെയോ ആയിരിക്കണം. ആദായ നികുതി അടയ്ക്കുന്നവര്‍ക്കും പെന്‍ഷന്‍ ലഭിക്കില്ല.