3 May 2024 9:29 AM GMT
Summary
- വ്യക്തിഗത വായപകള്‍ 10 മിനിറ്റ് മുതല്‍ 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമുകളുണ്ട്
- സ്ഥാപനങ്ങള്‍ കയറിയിറങ്ങേണ്ട എന്നതാണ് ഏറ്റവും വലിയ നേട്ടം
- പക്ഷേ, ചില സന്ദര്‍ഭങ്ങളില്‍ പണിയാകാറുമുണ്ട്
പേഴ്‌സണല്‍ വായ്പാ രംഗത്ത് അനുദിനമെന്നോണമാണ് മാറ്റങ്ങള്‍ വരുന്നത്. സാങ്കേതിക വിദ്യയിലെ പുരോഗതി, കടുത്ത മത്സരം എന്നിവയൊക്കെ വ്യക്തിഗത വായ്പാ രംഗത്തെ മാറ്റങ്ങള്‍ക്ക് കാരണമാണ്. വായ്പാ ഓഫറുകള്‍ ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ലഭ്യമാക്കുന്നതില്‍ വായ്പാദാതാക്കള്‍ തമ്മില്‍ മത്സരമാണ്. മാത്രമല്ല, ഗ്രാമീണ മേഖലകളില്‍ ഇന്റര്‍നെറ്റ് ലഭ്യത വര്‍ധിച്ചതും ഓണ്‍ലൈന്‍ വായ്പാദാതാക്കളിലൂടെ വായ്പാ ആപ്ലിക്കേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തിലും ലളിതമായും നടപ്പിലാകുന്നതും പേഴ്‌സണല്‍ വായ്പാ വിതരണരംഗത്തെ നിര്‍ണായക മാറ്റങ്ങളാണ്. വ്യക്തിഗത വായ്പാ രംഗത്തെ ഗതി നിര്‍ണയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
ഡിജിറ്റല്‍ വായ്പാ പ്ലാറ്റ്‌ഫോമുകള്‍: പലപ്പോഴും വായ്പ എടുക്കുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്ന ഘടകം ധനകാര്യ സ്ഥാപനങ്ങള്‍ പലതവണ കയറിയിറങ്ങണം. ഓരോ തവണ ചെല്ലുമ്പോഴും ഓരോ രേഖകളും ആവശ്യപ്പെടും. പല തവണ സന്ദര്‍ശിച്ച് നിരവധി രേഖകള്‍ സമര്‍പ്പിച്ചു കഴിയുമ്പോഴാണ് വായ്പ ലഭിക്കില്ലെന്ന് അറിയുന്നത്. എന്നാല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ വരവോടെ വ്യക്തിഗത വായ്പകള്‍ക്ക് അപേക്ഷിക്കുന്നത് എളുപ്പമാണ്. നിരവധി രേഖകള്‍ സമര്‍പ്പിക്കേണ്ട. അത്യാവശ്യ വിവരങ്ങള്‍ നല്‍കുമ്പോള്‍ തന്നെ വായ്പാ ലഭ്യമാകുമോ ഇല്ലയോ എന്നറിയാം. ലഭ്യമായാല്‍ 24 മണിക്കൂറിനുള്ളില്‍ പണം അക്കൗണ്ടില്‍ ക്രെഡിറ്റാകുകയും ചെയ്യും.
നൂതന ക്രെഡിറ്റ് യോഗ്യത വിലയിരുത്തല്‍: വായ്പ നല്‍കുന്നവര്‍ ക്രെഡിറ്റ് സ്‌കോറുകള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നുവെന്നാണ് പറയാറ്. എന്നാല്‍, ആധുനിക രീതിയില്‍ വായ്പ നല്‍കുന്നവര്‍ ക്രെഡിറ്റ് യോഗ്യത അളക്കാന്‍ ബാങ്ക് ഇടപാടുകള്‍ അല്ലെങ്കില്‍ വരുമാന ലഭ്യത പോലുള്ള ബദല്‍ ഘടകങ്ങളെയാണ് കൂടുതല്‍ നോക്കുന്നത്. പരിമിതമായ ക്രെഡിറ്റ് സ്‌കോറോ നേര്‍ത്ത ക്രെഡിറ്റ് സ്‌കോറോ ഉള്ള വ്യക്തികള്‍ക്കും വായ്പാ ലഭ്യമാകുന്നത് എളുപ്പമാകും.
വര്‍ദ്ധിച്ച മത്സരം, മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍: വായ്പാ ദാതാക്കള്‍ തമ്മിലുള്ള ഉയര്‍ന്ന മത്സരം മത്സര പലിശനിരക്ക്, അനുയോജ്യമായ തിരിച്ചടവ് കാലയളവ്, ലളിതമായ ഇഎംഐ ക്രമീകരണങ്ങള്‍ അല്ലെങ്കില്‍ പിഴ രഹിത പ്രീപേമെന്റ് ഓപ്ഷനുകള്‍ പോലുള്ള സൗകര്യങ്ങള്‍ ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്.
പിയര്‍-ടു-പിയര്‍ (പി 2 പി) വായ്പ: വ്യക്തിഗത നിക്ഷേപകരില്‍ നിന്ന് നേരിട്ട് ഫണ്ട് കടമെടുക്കാന്‍ പ്രാപ്തമാക്കുന്ന രീതിയാണിത്. തടസ്സമില്ലാത്തതും സുരക്ഷിതവുമായ വായ്പയെടുക്കല്‍ അനുഭവം ഉറപ്പാക്കുന്ന ഇടനിലക്കാരായി പി 2 പി പ്ലാറ്റ്‌ഫോമുകള്‍ പലപ്പോഴും പ്രവര്‍ത്തിക്കാറുണ്ട്.
എംബഡഡ് ഫിനാന്‍സ്: ഒരാള്‍ തന്റെ വായാപാ യോഗ്യത പരിശോധിക്കുമ്പോള്‍ അയാള്‍ക്കായി പ്രത്യേകമായി തയ്യാറാക്കിയ ലോണ്‍ ഓഫര്‍ നല്‍കുന്ന രീതിയാണിത്. ഈ ആശയം എംബഡഡ് ഫിനാന്‍സ് എന്നറിയപ്പെടുന്നു. ഇത് കൂടുതല്‍ സൗകര്യപ്രദമായ വായ്പയെടുക്കല്‍ അനുഭവം വാഗ്ദാനം ചെയ്യുന്നു.
ഇതൊക്കെ പോസിറ്റീവായ കാര്യങ്ങളാണെങ്കിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള വായ്പകള്‍ അത്ര സുരക്ഷിതമല്ലെന്നു കൂടി ഓര്‍ക്കേണ്ടതുണ്ട്. ആര്‍ബിഐ അംഗീകൃതമല്ലാത്ത നിരവധി പ്ലാറ്റ്‌ഫോമുകളുണ്ട്. വായ്പ എടുത്ത് കഴിയുമ്പോള്‍ പ്രോസസിംഗ് ഫീസായി വായപാതുകയുടെ വലിയൊരു ശതമാനം ഈടാക്കുന്ന പ്ലാറ്റ്‌ഫോമുകളുണ്ട്. ഉയര്‍ന്ന പലിശ ഈടാക്കുന്നവരുണ്ട്. തിരിച്ചടവ് പൂര്‍ത്തിയാക്കിയാലും പിന്നെയും ഭീഷണിപ്പെടുത്തി പണം തട്ടുന്നവരും ഭീഷണിപ്പെടുത്തന്നവരുമുണ്ട്. അതുകൊണ്ട് സുരക്ഷിതമായ പ്ലാറ്റ്‌ഫോമല്ലെങ്കില്‍ പണിയാകുമെന്നോര്‍ക്കുക.