image

4 May 2024 9:21 AM GMT

Loans

മ്യൂച്വല്‍ ഫണ്ട് ഈടു നല്‍കി വായ്പയെടുക്കാം; ഇക്കാര്യങ്ങളൊന്നു നോക്കാം

MyFin Desk

loan secured by mutual fund
X

Summary

  • വായ്പക്കാര്‍ക്ക് അവരുടെ നിക്ഷേപങ്ങള്‍ ലിക്വിഡേറ്റ് ചെയ്യാതെ തല്‍ക്ഷണം സാമ്പത്തിക സഹായം ലഭിക്കും
  • പലിശ നിരക്ക്, തിരിച്ചടവ് രീതി എന്നിവയൊക്കെ ഇത്തരം വായ്പകളെ ആകര്‍ഷകമാക്കുന്നുണ്ട്
  • ആവശ്യമുണ്ടെങ്കില്‍ മാത്രം ഇത്തരം ഓപ്ഷനെ ആശ്രയിക്കാവൂ


കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മ്യൂച്വല്‍ ഫണ്ടുകള്‍ ഇന്ത്യന്‍ നിക്ഷേപകരുടെ പ്രധാന നിക്ഷേപ ഓപ്ഷനുകളിലൊന്നായി മാറിയിട്ടുണ്ട്. മികച്ച റിട്ടേണ്‍, നിക്ഷേപത്തിലെ വൈവിധ്യവത്കരണം എന്നിവയൊക്കെയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന നിക്ഷേപ രീതിയായി മാറാന്‍ കാരണം.

മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്കിടയില്‍ ഇപ്പോള്‍ പ്രിയമേറുന്ന ഒന്നാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ഈടായി വായ്പയെടുക്കുന്നത്. ഈട് ആവശ്യമില്ലാത്ത സുരക്ഷിതമല്ലാത്ത വായ്പകളുമായി ബന്ധപ്പെട്ട് ബാങ്കുകളില്‍ നിന്നുള്ള നിയന്ത്രണങ്ങള്‍, വായ്പയുടെ പേരിലുള്ള തട്ടിപ്പുകള്‍ എന്നിവയുടെ പശ്ചാത്തലത്തിലാണ് മ്യൂച്വല്‍ ഫണ്ടുകള്‍ക്കെതിരായ വായ്പകള്‍ ഒരു പ്രധാന ഓപ്ഷനായി ഉയര്‍ന്നു വരുന്നത്. വായ്പക്കാര്‍ക്ക് അവരുടെ നിക്ഷേപങ്ങള്‍ ലിക്വിഡേറ്റ് ചെയ്യാതെ തല്‍ക്ഷണം സാമ്പത്തിക സഹായം ലഭിക്കും.

റിഡംപ്ഷന്‍ ഒഴിവാക്കാം

മ്യൂച്വല്‍ ഫണ്ടുകള്‍ക്കെതിരായ വായ്പകള്‍ (എല്‍എഎംഎഫ്-ലോണ്‍ എഗെയിനിസ്റ്റ് മ്യൂച്വല്‍ ഫണ്ട്) നിക്ഷേപകരെ അവരുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയെ അതുപോലെ നിലനിര്‍ത്താന്‍ സഹായിക്കും. അതുകൊണ്ട് നേരത്തെ നിക്ഷേപം പിന്‍വലിക്കേണ്ട ആവശ്യമില്ല. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു നിര്‍ണായക ഘടകമാണ്. കാരണം എന്തെങ്കിലുമൊരു സാമ്പത്തിക ലക്ഷ്യത്തിനായിട്ടാകും നിക്ഷേപം ആരംഭിച്ചിട്ടുണ്ടാവുക. എന്നാല്‍, അപ്രതീക്ഷിതമായ എന്തെങ്കിലും സാഹചര്യം വരുമ്പോള്‍ നിക്ഷേപം പിന്‍വലിക്കേണ്ടി വന്നേക്കാം. എന്നാല്‍, വായ്പാ ഓപ്ഷനുള്ളതുകൊണ്ട് അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാനുള്ള പണം സ്വരൂപിക്കാനും നിക്ഷേപം സൂക്ഷിക്കാനും കഴിയും.

പലിശനിരക്ക്

സാധാരണയായി 9 മുതല്‍ 11 ശതമാനം വരെയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ഈടായുള്ള വായ്പകള്‍ക്ക് ഈടാക്കുന്ന പലിശ. വ്യക്തിഗത അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകളേക്കാള്‍ വളരെ കുറഞ്ഞ പലിശനിരക്കാണിത്.

വേഗത്തില്‍ ലഭ്യം

കൂടാതെ, വായ്പാ നല്‍കാന്‍ എന്‍ബിഎഫ്‌സികളും ഫിന്‍ടെക്കുകളും ഇന്ന് സജീവമായതിനാല്‍ വായ്പാ അംഗീകാരം വേഗത്തിലുള്ളതും തടസ്സരഹിതവുമായ പ്രക്രിയയായി മാറിയിട്ടുണ്ട്. അത് ഫണ്ടുകള്‍ക്കായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്യുന്നുണ്ട്. വായ്പക്കാര്‍ക്ക് അവരുടെ ആസ്തികള്‍ ലിക്വിഡേറ്റ് ചെയ്യാതെ വായ്പകള്‍ ലഭ്യമാകാന്‍ ഇത്തരം വായ്പകള്‍ അനുവദിക്കുന്നതിനാല്‍, റിഡംപ്ഷന്‍ ചെയ്യുമ്പോള്‍ സംഭവിച്ചേക്കാവുന്ന മൂലധന നേട്ട നികുതികളൊന്നും ഇതിനെ ബാധിക്കില്ല. അതിനാല്‍, മ്യൂച്വല്‍ ഫണ്ടുകള്‍ അധിഷ്ടിത വായ്പകള്‍ കുറഞ്ഞ നികുതി ബാധ്യത നിലനിര്‍ത്തിക്കൊണ്ട് വായ്പക്കാരെ അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കുന്നു.

ഒരു ഓവര്‍ ഡ്രാഫ്റ്റ് പോലെ

മ്യൂച്വല്‍ ഫണ്ടുകള്‍ ഈടായുള്ള വായ്പകള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റിന്റെ ഒരു രീതിയുണ്ട്. ഇത്തരം വായ്പ നല്‍കുന്നവര്‍ ജപ്തി ഫീസും പിഴകളും ഒഴിവാക്കുകയും വായ്പക്കാരന്റെ സൗകര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു ണ്ട്. കൂടാതെ, കര്‍ശനമായ തിരിച്ചടവ് ഷെഡ്യൂളുകളില്ലാത്തതിനാല്‍ വായ്പക്കാര്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് തിരിച്ചടവ് ഷെഡ്യൂളുകള്‍ ക്രമീകരിക്കാം.

ആകര്‍ഷകമായ പലിശനിരക്ക്, സൗകര്യപ്രദമായ തിരിച്ചടവ് രീതി, പെട്ടെന്നുള്ള അംഗീകാരം എന്നിവ മ്യൂച്വല്‍ ഫണ്ട് ഈടായുള്ള വായ്പകളെ ആകര്‍ഷകമാക്കുന്നുണ്ട്. പക്ഷേ, തീരുമാനമെടുക്കും മുമ്പ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്.