9 Dec 2023 5:27 AM GMT
Summary
- അമിത പലിശ, സ്വകാര്യ വിവരം ചോര്‍ത്തൽ തുടങ്ങി പ്രവര്‍ത്തനങ്ങള്‍ നടത്തിയവ
- പലതിനും ഒരു കോടിയില്‍പ്പരം ഉപയോക്താക്കള്‍
- 2020 മുതലാണ് ഇത്തരം ആപ്പുകൾ വ്യാപകമായത്
പ്ലേസ്‌റ്റോറില്‍ നിന്ന് അനധികൃതമായ 17 ലോണ്‍ ആപ്പുകളെ നീക്കം ചെയ്ത് ഗൂഗിള്‍. വായ്പകള്‍ക്ക് അമിത പലിശ ഈടാക്കുക, ഭീഷണി, സ്വകാര്യ വിവരങ്ങളുള്‍പ്പെടെ ചോര്‍ത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആപ്പുകളെയാണ് നീക്കം ചെയ്തത്. ലോണ്‍ ആപ്പുകള്‍ വഴി വായ്പ എടുത്ത് കബളിപ്പിക്കപ്പെട്ടവരുടെയും ആത്മഹത്യ ചെയ്തവരുടെയും വാര്‍ത്തകള്‍ അടുത്ത കാലങ്ങളില്‍ വ്യാപകമായി വന്നിരുന്നു. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ഒരു കോടിയില്‍പ്പരം ഉപയോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്ത ലോണ്‍ ആപ്പുകളാണ് ഇവയില്‍ പലതും.
ഇത്തരം ആപ്പുകള്‍ പ്രധാനമായും മെക്‌സിക്കോ, ഇന്തോനേഷ്യ,തായലന്‍ഡ്, വിയറ്റ്‌നാം, ഇന്ത്യ, പാക്കിസ്താന്‍,സിംഗപ്പുര്‍ എന്നി രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കുന്നതിനൊടൊപ്പം വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുകയാണ് ഈ ആപ്പുകളുടെ ലക്ഷ്യം.
ഇത്തരം ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ യൂസർമാരുടെ ഫോണിലുളള സ്വകാര്യ വിവരങ്ങൾ ആക്സസ് ചെയ്യാനുള്ള അനുമതികൾ നൽകേണ്ടിവരും. ഈ ആപ്പുകളുടെ പ്രൈവസി പോളിസി അനുസരിച്ച് ഈ അനുമതി നൽകുകയും വേണം. കൂടാതെ ലോൺ അപേക്ഷാ പൂർത്തിയാക്കുന്നതിന് വ്യക്തിഗത വിവരങ്ങൾ നൽകാനും ഉപയോക്താക്കൾ നിർബന്ധിതരാകുന്നുണ്ട്. ഇതിലൂടെ ഫോണിലുളള വ്യക്തിഗത വിവരങ്ങൾ അവർക്ക് ലഭിക്കുന്നതോടെ ബ്ലാക്മെയിൽ ചെയ്യുന്നത് എളുപ്പമാകുന്നു. 2020 മുതലാണ് ഇത്തരം വ്യാജ ലോൺ ആപ്പുകൾ വ്യാപകമായത്.
നീക്കം ചെയ്ത ആപ്പുകൾ
1) AA Kredit
2) Amor Cash
3) GuayabaCash
4) EasyCredit
5) Cashwow
6) CrediBus
7) FlashLoan
8) Préstamos Crédito
9) Préstamos De Crédito-YumiCash
10) Go Crédito
11) Instantáneo Préstamo
12) Cartera Grande
13) Rápido Crédito
14) Finupp Lending
15) 4S Cash
16) TrueNaira
17) EasyCash