image

6 Oct 2023 4:27 PM IST

Loans

അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ നിന്നും നാല് ലക്ഷം വരെ സ്വര്‍ണ വായ്പാ

MyFin Desk

gold loan up to 4 lakhs from urban cooperative banks
X

Summary

  • വായ്പാ കാലാവധി അവസാനിക്കുമ്പോള്‍ പലിശയും മുതലും ഒരുമിച്ച് അടയ്ക്കുന്ന രീതിയാണ് ബുള്ളറ്റ് റീപേയ്‌മെന്റ്.
  • രണ്ട് ലക്ഷം രൂപയില്‍ നിന്നുമാണ് വായ്പാ പരിധി ഉയര്‍ത്തിയത്.


അര്‍ബന്‍ സഹകരണ ബാങ്കുകളിലെ സ്വര്‍ണ വായ്പാ പരിധി രണ്ട് ലക്ഷം രൂപയില്‍ നിന്നും നാല് ലക്ഷം രൂപയായി ഉയര്‍ത്തി ആര്‍ബിഐ. ഒറ്റ തവണ വായ്പാ തിരിച്ചടവ് നടത്തുന്ന (ബുള്ളറ്റ് റീപേയ്‌മെന്റ്) പദ്ധതികളുടെ പരിധിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

2023 മാര്‍ച്ച് 31 നുള്ളില്‍ മുന്‍ഗണന മേഖലകള്‍ക്കുള്ള വായ്പ ലക്ഷ്യങ്ങള്‍ നേടിയിട്ടുള്ള സഹകരണ ബാങ്കുകള്‍ക്കാണ് വായ്പാ പരിധി ഉയര്‍ത്താന്‍ അനുമതിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.

ബുള്ളറ്റ് റീപേയ്‌മെന്റ്

വായ്പാ കാലാവധി അവസാനിക്കുമ്പോള്‍ പലിശയും മുതലും ഒരുമിച്ച് അടയ്ക്കുന്ന രീതിയാണ് ബുള്ളറ്റ് റീപേയ്‌മെന്റ്. ഈ പദ്ധതി പ്രകാരം ഇഎംഐയായോ, വായ്പാ കാലാവധിക്കിടയിലോ പലിശയോ, മുതലോ അടയ്‌ക്കേണ്ടതില്ല. വായ്പക്കാര്‍ പതിവായി പ്രതിമാസ ഇഎംഐകള്‍ അടയ്‌ക്കേണ്ടതില്ലാത്തതിനാല്‍, വായ്പാ തിരിച്ചടയ്ക്കാന്‍ അവര്‍ക്ക് കൂടുതല്‍ സമയവും സാവകാശവും ലഭിക്കും. എന്നാല്‍, പലിശ പ്രതിമാസം കണക്കാക്കും.

നേരത്തെ, എല്ലാ സഹകരണ ബാങ്കുകള്‍ക്കും ബുള്ളറ്റ് തിരിച്ചടവ് ഓപ്ഷനോടെ ഒരു ലക്ഷം രൂപ വരെ സ്വര്‍ണ്ണ വായ്പാ അനുവദിക്കാന്‍ അനുവാദമുണ്ടായിരുന്നു. അത്തരം വായ്പകളുടെ കാലയളവ് സാധാരണയായി അനുവദിച്ച തീയതി മുതല്‍ 12 മാസവുമായിരുന്നു. ബുള്ളറ്റ് റീപേയ്‌മെന്റ് സ്‌കീമാണെങ്കില്‍ ബാങ്കുകള്‍ പലിശ ഉള്‍പ്പെടെ വായ്പ തുകയില്‍ 75% ലോണ്‍-ടു-വാല്യൂ അനുപാതം നിലനിര്‍ത്തണമെന്നാണ് ആര്‍ബിഐ നിര്‍ദ്ദേശം.

എംഎസ്എംഇ മേഖലയിലുള്ള സംരംഭകര്‍ക്ക് പ്രവര്‍ത്തന മൂലധനം കണ്ടെത്തുന്നതു പോലെയുള്ള ആവശ്യങ്ങള്‍ക്ക് ഇത്തരം വായ്പകള്‍ സഹായകരമാണെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം. സ്വര്‍ണ വായ്പാ പരിധി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗരേഖ പുറത്തിറക്കുമെന്ന്് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.