15 Jan 2024 10:07 AM GMT
Summary
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്സവകാല ഓഫറുകള്‍ മാര്‍ച്ച് 31 വരെ നീട്ടി. ബാങ്കിന്റെ റീട്ടെയില്‍ വായ്പാ ബുക്ക് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഫറുകള്‍ മൂന്ന് മാസത്തേക്കു കൂടി നീട്ടിയത്. 2023 ഡിസംബര്‍ 31 വരെയായിരുന്നു ഓഫര്‍ കാലാവധി.
ഉത്സവകാല ഓഫറില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും വായ്പ എടുക്കുന്നവര്‍ക്ക് പലിശയില്‍ ഇളവ്, പ്രോസസിംഗ് ഫീസില്‍ ഇളവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നാണ് ബാങ്കിന്റെ ജനറല്‍ മാനേജര്‍ (റീട്ടെയില്‍ അസെറ്റ്) വിവേക് കുമാര്‍ വ്യക്തമാക്കുന്നു.
സെന്റ് ഗൃഹ് ലക്ഷമി സ്‌കീം, സെന്റ് ബിസിനസ് സ്‌കീം തുടങ്ങിയ പദ്ധതികള്‍ക്ക് പലിശ നിരക്ക് 8.35 ശതമാനമാണ്. ഇത് നിലവിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞയാഴ്ച്ച ബാങ്ക് ഡല്‍ഹിയിലെ പ്രധാന റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഏകദേശം 150 ഡിയറക്ട് സെയില്‍സ് ഏജന്റുമാര്‍, 50 പ്രമുഖ ബില്‍ഡര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
മിക്ക ഉല്‍പ്പന്നങ്ങളുടെയും പലിശനിരക്ക് ഉയര്‍ന്നിട്ടുണ്ടെന്നും കൂടുതല്‍ വര്‍ധനവിന് സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ബാധ്യതകളുടെ നിരക്കുകളും ഏറെക്കുറെ തുല്യമാണെന്നും ലിക്വിഡിറ്റി കൈകാര്യം ചെയ്യാവുന്ന പരിധിയിലാണെന്നും വിവേക് കുമാര്‍ പറഞ്ഞു.
കോ-ലെന്‍ഡിംഗ് മോഡലിലൂടെ ബാങ്ക് ഗണ്യമായ ആസ്തി നിര്‍മ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.