image

23 March 2024 9:41 AM GMT

Loans

കുറഞ്ഞ പലിശ നിരക്കില്‍ വ്യക്തിഗത വായ്പ സ്വന്തമാക്കാന്‍ ഇക്കാര്യങ്ങളൊന്നു നോക്കാം

MyFin Desk

കുറഞ്ഞ പലിശ നിരക്കില്‍ വ്യക്തിഗത വായ്പ സ്വന്തമാക്കാന്‍ ഇക്കാര്യങ്ങളൊന്നു നോക്കാം
X

Summary

  • റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ആപ്പുകളില്‍ നിന്നുമാത്രം വായ്പ എടുക്കാന്‍ ശ്രദ്ധിക്കാം
  • ക്രെഡിറ്റ് സ്‌കോര്‍ വിട്ടൊരു കളിയുമില്ലെന്ന് ഓര്‍ക്കണം
  • വായ്പ ഒരു ബാധ്യതയാകരുത്


പണത്തിന് അത്യാവശ്യം വളരുന്ന സാഹചര്യങ്ങില്‍ പണം ലഭിക്കാനിടയുള്ള വഴികളെല്ലാം അന്വേഷിക്കും. അതില്‍ മുന്നില്‍ നില്‍ക്കുന്നത് വ്യക്തിഗത വായ്പാ മാര്‍ഗങ്ങളാകും. പക്ഷേ, വ്യക്തിഗത വായ്പ എടുക്കുന്നത് അത്ര എളുപ്പമല്ല. അതുപോലെ എടുത്ത് കഴിഞ്ഞാല്‍ പണി കിട്ടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്.

ക്രെഡിറ്റ് സ്‌കോര്‍

വായ്പയാണോ എങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ വിട്ടൊരു കളിയുമില്ലെന്ന് ഓര്‍ക്കണം. അതുകൊണ്ട് നല്ല ക്രെഡിറ്റ് സ്‌കോറുണ്ടെങ്കിലെ വായ്പ കിട്ടു. വായ്പ എടുക്കാനൊരുങ്ങുന്ന ആളിന്റെ തിരിച്ചടവ് ചരിത്രം, നിലവിലെ വായ്പകള്‍, വായ്പാ അന്വേഷണങ്ങള്‍ ഇതൊക്കെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ സൂക്ഷിക്കുന്നത് വായ്പ വേഗത്തില്‍ ലഭിക്കാന്‍ സഹായിക്കും. അതുമാത്രമല്ല ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുള്ളവര്‍ക്ക് പലിശ നിരക്കിലും കുറവ് ലഭിക്കും.

വായ്പാ ദാതാക്കളെ താരതമ്യം ചെയ്യാം

വായ്പ എടുക്കും മുമ്പ് വായാപ് ദാതാക്കളെ താരതമ്യം ചെയ്യുന്നത് നല്ലതാണ്. വായ്പാ തുക, പ്രോസസസിംഗ് ഫീസ്, പലിശ നിരക്ക്, തിരിച്ചടവ് കാലാവധി, പിഴപ്പലിശ എന്നിവയെല്ലാം താരതമ്യം ചെയ്യാം. ഇപ്പോള്‍ വായ്പാ ദാതാക്കളെല്ലാം ഓണ്‍ലൈനായി തന്നെ വായ്പകള്‍ ലഭ്യമാക്കുന്നുണ്ട് അതിനാല്‍ ഓണ്‍ലൈനായി തന്നെ താരതമ്യവും ചെയ്യാം.

വായ്പാ ചെലവുകളെക്കുറിച്ചറിയാം

ഒരു വായ്പ എടുക്കല്‍ അത്ര എളുപ്പമല്ല. അതിന് അല്‍പ്പം ചെലവുണ്ടെന്ന് കൂടി ഓര്‍ക്കണം. വായ്പാ തുകയില്‍ നിന്നും പ്രോസസിംഗ് ഫീസ്, പ്രീപെയ്‌മെന്റ് ചാര്‍ജ്, ലേറ്റ് പേയ്‌മെന്റ് ചാര്‍ജ് എന്നിങ്ങനെ വിവിധ ചാര്‍ജുകള്‍ ഈടാക്കും. അത് എത്രത്തോളമാണെന്ന് അറിഞ്ഞു വേണം വായ്പ എടുക്കാന്‍. വായ്പ എടുക്കുന്ന തുകയില്‍ നല്ലൊരു ഭാഗം ഇങ്ങനെയുള്ള ചെലവുകള്‍ക്കായി നല്‍കേണ്ടി വന്നാല്‍ പിന്നെ വായ്പ വെറുമൊരു ബാധ്യത മാത്രമായി തീരുമെന്ന് ഓര്‍ക്കണം.

തിരിച്ചടയ്ക്കാനുള്ള ശേഷി പരിശോധിക്കാം

വായ്പ എടുക്കുമുമ്പേ അല്ലെങ്കില്‍ വായ്പയെക്കുറിച്ച് അലോചിക്കുമ്പോഴെ പരിശോധിക്കേണ്ട കാര്യമാണ് തിരിച്ചടയ്ക്കാനുള്ള ശേഷി. വരുമാനം എത്ര, ചെലവുകള്‍ എത്ര എന്നതൊക്കെ കണക്കാക്കി. വായ്പാ തിരിച്ചടവ് എന്ന അധിക ചെലവുകൂടി താങ്ങാനാകുമോയെന്ന് പരിശോധിക്കാം. എത്ര തുക തിരിച്ചടയ്ക്കാനാകും എന്ന് കണക്കാക്കി അതിനനുസരിച്ചുള്ള തുക വായ്പയായി എടുക്കാം.

അനധികൃത വായ്പാ ആപ്പുകളെക്കുറിച്ച് ജാഗ്രത

നിമിഷങ്ങള്‍ക്കുള്ളില്‍ വ്യക്തിഗത വായ്പകള്‍ ലഭ്യമാക്കുന്ന നിരവധി ആപ്പുകള്‍ സജീവമാണ്. പലതിനും പ്രോസസിംഗ് ഫീസ്, പലിശ എന്നിവ ഉയര്‍ന്ന നിലയിലായിരിക്കും. പലതിന്റെയും തിരിച്ചടവ് പൂര്‍ത്തിയാക്കിയാലും പിന്നെയും പിന്നെയും ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍, അമിത പലിശ ഈടാക്കല്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കൂടി ഇത്തരം വായ്പാ ആപ്പുകള്‍ക്കുണ്ട്. അതുകൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ആപ്പുകളില്‍ നിന്നുമാത്രം വായ്പ എടുക്കാന്‍ ശ്രദ്ധിക്കാം.