24 Nov 2022 8:49 AM GMT
ഓട്ടമില്ലെങ്കില്‍ പ്രീമിയം വേണ്ട, വാഹനങ്ങള്‍ക്ക് റിവാഡ് ഡേ അനവദിച്ച് കൊട്ടക് മഹീന്ദ്ര ഇന്‍ഷുറന്‍സ്
MyFin Desk
Summary
വാഹനം 20-60 ദിവസത്തേക്ക് ഉപയോഗിക്കാതെ തുടരുകയാണെങ്കില്‍, പോളിസി ഉടമയ്ക്ക് 15 ശതമാനം കിഴിവിന് അര്‍ഹതയുണ്ട്, ഇത് 61-120 ദിവസത്തേക്ക് ഉപയോഗത്തിലില്ലെങ്കില്‍ 25 ശതമാനം വരെ ഉയരും. പോളിസി ഉടമ 121 ദിവസത്തില്‍ കൂടുതല്‍ വാഹനം ഉപയോഗിച്ചില്ലെങ്കില്‍, ഡിസ്‌കൗണ്ട് 40 ശതമാനമായി ഉയരും. ഈ ആഡ് ഓണ്‍ പോളിസിയുടെ പ്രീമിയം 250 രൂപയാണ്
നിങ്ങള്‍ കാര്‍ സ്ഥിരമായി ഉപയോഗിക്കാറില്ലേ? എങ്കില്‍ ഇന്‍ഷുറന്‍സ് കവറേജ് ഉപയോഗിച്ച് പ്രീമിയത്തില്‍ ലാഭം നേടാന്‍ സാധിക്കും. കൊട്ടക് മഹീന്ദ്ര ജനറല്‍ ഇന്‍ഷുറന്‍സാണ് മീറ്റര്‍ എന്ന പേരില്‍ മോട്ടോര്‍ ഇന്‍ഷുറന്‍സില്‍ ആഡ് ഓണ്‍ അഥവാ റൈഡര്‍ പോളിസി അവതരിപ്പിച്ചിരിക്കുന്നത്. ഈ പോളിസി ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തെ അവരുടെ വാഹനത്തിന്റെ ഉപയോഗവുമായി ബന്ധിപ്പിക്കാം. സ്ഥിരമായി കാര്‍ ഉപയോഗിക്കാതെ പോര്‍ച്ചില്‍ ഇട്ട് പോകുന്ന വാഹന ഉടമകള്‍ക്ക് വെറുതെ കിടക്കുന്ന ദിവസങ്ങളില്‍ 'റിവാഡ് ഡേ' അനുവദിക്കും.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
മീറ്റര്‍ (സ്വിച്ച്-ഓണ്‍/ഓഫ്) ആഡ്-ഓണ്‍ പോളിസി തെരഞ്ഞെടുത്തതിന് ശേഷം, ഉപഭോക്താക്കള്‍ പ്ലേസ്റ്റോര്‍ അല്ലെങ്കില്‍ ആപ്സ്റ്റോറില്‍ നിന്നും കൊട്ടക് മീറ്റര്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഇതില്‍ വാഹന ഉടമകള്‍ക്ക് അവരുടെ കാര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വാഹനത്തിന്റെ ഉപയോഗത്തെ അടിസ്ഥാനമാക്കി ഓണാക്കാനും ഓഫാക്കാനും സാധിക്കും. ഒരു ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഈ സൗകര്യം ലഭ്യമാകും. ഈ ആപ്ലിക്കേഷന്‍ വഴി കണക്കുകൂട്ടിയ ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് പോളിസി ഉടമകള്‍ക്ക് റിവാര്‍ഡ് ഡേ നല്‍കുന്നത്. തുടര്‍ച്ചയായി 24 മണിക്കൂര്‍ ഉപയോഗിക്കാതിരിക്കുമ്പോഴാണ് 'റിവാര്‍ഡ് ഡേ' നല്‍കുന്നത്.
പോളിസി പുതുക്കുമ്പോഴോ അല്ലെങ്കില്‍ ഡാമേജ് പ്രീമിയത്തിന്റെ 40 ശതമാനം വരെ ക്യാഷ്ബാക്ക് തിരഞ്ഞെടുത്തുകൊണ്ടോ ഈ റിവാര്‍ഡ് ദിവസങ്ങള്‍ റിഡീം ചെയ്യാം. വാഹനം 20-60 ദിവസത്തേക്ക് ഉപയോഗിക്കാതെ തുടരുകയാണെങ്കില്‍, പോളിസി ഉടമയ്ക്ക് 15 ശതമാനം കിഴിവിന് അര്‍ഹതയുണ്ട്, ഇത് 61-120 ദിവസത്തേക്ക് ഉപയോഗത്തിലില്ലെങ്കില്‍ 25 ശതമാനം വരെ ഉയരും. പോളിസി ഉടമ 121 ദിവസത്തില്‍ കൂടുതല്‍ വാഹനം ഉപയോഗിച്ചില്ലെങ്കില്‍, ഡിസ്‌കൗണ്ട് 40 ശതമാനമായി ഉയരും. ഈ ആഡ് ഓണ്‍ പോളിസിയുടെ പ്രീമിയം 250 രൂപയാണ്.
ആവശ്യാധിഷ്ഠിത ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുള്ള ആവശ്യം പ്രത്യേകിച്ചും കോവിഡിന് ശേഷം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വര്‍ക്ക് ഫ്രം ഹോം പോളിസികള്‍ക്കൊപ്പം ഉയര്‍ന്ന ഇന്ധന വിലയും വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പവും മിക്ക വാഹന ഉടമകളുടെയും ഡ്രൈവിംഗ് മുന്‍ഗണനകളില്‍ മാറ്റം വരുത്തി. ഈ സാഹചര്യത്തില്‍ ഉപയോഗിക്കാത്ത വാഹനങ്ങളുടെ എണ്ണവും കൂടി.