1 March 2024 1:13 PM GMT
Summary
- ജീവിതത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോഴെല്ലാം സംരക്ഷകനായി ലൈഫ് ഇന്‍ഷുറന്‍സ് നിലകൊള്ളും
- അതിനൊപ്പം സമ്പാദ്യമോ നിക്ഷേപങ്ങളോ പോലുള്ള കൂടുതല്‍ ഉത്പന്നങ്ങളും വേണം
- യുലിപ് ഇന്‍ഷുറന്‍സ് പരിരക്ഷയ്്‌ക്കൊപ്പം നിക്ഷേപ അവസരങ്ങളും നല്‍കും
ലൈഫ് ഇന്‍ഷുറന്‍സുകള്‍ നികുതി ലാഭത്തിനുള്ള ഉപകരണം മാത്രമല്ല. അത് നല്‍കുന്ന സുരക്ഷിതത്വം, സമാധാനം എന്നിവ അതിലും വലുതാണ്. ഒരാള്‍ അയാളുടെ ജീവിതത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോഴെല്ലാം സംരക്ഷകനായി ലൈഫ് ഇന്‍ഷുറന്‍സ് നിലകൊള്ളും. ശരിയായ ഉത്പന്നം തെരഞ്ഞെടുക്കുക, ശരിയായ ഇന്‍ഷുറന്‍സ് ദാതാവിനെ കണ്ടെത്തുക, ശരിയായ കവറേജ് നല്‍കുക എന്നതാണ് ഏറ്റവും പ്രധാനം. ജീവിതത്തിന്റെ വഴിത്തിരുവുകളിലെ ലൈഫ് ഇന്‍ഷുറന്‍സിന്റെ സ്വാധീനം എങ്ങനെയാണെന്നു നോക്കാം.
ലൈഫ് ഇന്‍ഷുറന്‍സ് എടുക്കും മുമ്പ്
പോളിസി എടുക്കും മുമ്പേ പരിഗണിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് കടന്നുപോകേണ്ട ജീവിതത്തിലെ നാഴികക്കല്ലുകള്‍, ജീവിതശൈലി, കടങ്ങള്‍, ആഗ്രഹങ്ങള്‍-അഭിലാഷങ്ങള്‍ തുടങ്ങിയവയൊക്കെയാണ്. ഇതില്‍ അനുയോജ്യമായ ഒരു ലൈഫ് ഇന്‍ഷുറന്‍സ് സംരക്ഷണം കൃത്യമായി കണ്ടെത്തണം. അതിനനുസരിച്ചുള്ള പോളിസി കണ്ടെത്തണം. കാരണം എങ്കിലെ ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുത്തതുകൊണ്ട് നേട്ടമുള്ളു. വെറുതെ ഒരു പോളിസി കയ്യിലുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. അവ കൃത്യമായി പ്രവര്‍ത്തിക്കുന്നവയാണോ എന്ന് ഉറപ്പാക്കുക. ഗുരുതരമായ അസുഖങ്ങള്‍ക്കും ആകസ്മികമായുണ്ടാകുന്ന അപകടങ്ങള്‍ക്ക് കവറേജിനുമായി ആഡ്-ഓണ്‍ പോളിസികള്‍ പരിഗണിക്കേണ്ടത് നിര്‍ണായകമാണ്. കൂടാതെ, പോളിസി എടുക്കാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ കമ്പനിയുടെ
ക്ലെയിം സെറ്റില്‍മെന്റ് അനുപാതവും മറ്റ് പ്രസക്തമായ വിവരങ്ങളും പരിശോധിക്കണം. അതിലാണ് ഒരു ഇന്‍ഷുററുടെ വിശ്വാസ്യത. ഇഎംഐകളില്‍ പ്രീമിയം അടയ്ക്കുന്നത് പോലുള്ള വ്യവസ്ഥകളുണ്ടെങ്കില്‍ അത് പ്രയോജനപ്പെടുത്തുകയും ചെയ്യാം.
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് നികുതി കിഴിവിന് അര്‍ഹതയുണ്ടെന്ന് ഓര്‍മ്മിക്കുക. ഇതിലൊക്കെ പ്രധാനം കുടുംബത്തിലെ പ്രധാന വരുമാന സ്രോതസായ വ്യക്തിക്ക് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ അത് വൈകാരികവും മാനസികവും സാമ്പത്തികവുമായി വിഷമിപ്പിക്കുന്ന കാര്യമാണ്. വൈകാരിക നഷ്ടത്തിന് പകരം വയ്ക്കാന്‍ ഇതിന് കഴിയില്ല, പക്ഷേ കുറഞ്ഞത് സാമ്പത്തിക വശങ്ങള്‍ പരിപാലിക്കുന്നതിലൂടെ ഇത് നിങ്ങള്‍ക്കും കുടുംബത്തിനും മനസമാധാനത്തോടെ ജീവിക്കാന്‍ സഹായിക്കും. അവസാന നിമിഷം വാങ്ങുമ്പോള്‍ പോലും, അത് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനുമുള്ള ശരിയായ പരിരക്ഷയാണെന്ന് ഉറപ്പാക്കുക.
ജോലി
ജോലി കിട്ടിക്കഴിയുമ്പോള്‍ ആദ്യമെ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയിലാണ് ലൈഫ് ഇന്‍ഷുറന്‍സിന്റെ സ്ഥാനം. എത്ര നേരത്തെ ആരംഭിക്കുന്നുവോ അത്രയും നല്ലത്. കാരണം കുറഞ്ഞ പ്രീമിയത്തില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലോക്ക്-ഇന്‍ ചെയ്യാന്‍ സാധിക്കുന്നത് കരിയര്‍ ആരംഭിക്കുമ്പോള്‍ തന്നെ ഇന്‍ഷുറന്‍സും ആരംഭിക്കുമ്പോഴാണ്.
ജോലി കിട്ടിക്കഴിയുമ്പോള്‍ നിങ്ങളുടെ വരുമാനത്തെ ആശ്രയിച്ചാണ് ഭാവി പദ്ധതികള്‍ പ്ലാന്‍ ചെയ്യുന്നത്. അതിന് ജീവിതം സുരക്ഷിതമാക്കുന്നതിനൊപ്പം ചെലവുകള്‍ കൈകാര്യം ചെയ്യുകയും വേണം. അതുകൊണ്ടാണ് കരിയര്‍ ആരംഭിക്കുമ്പോഴെ കുറഞ്ഞ പ്രീമിയം ആനുകൂല്യത്തോടെ, കുടുംബത്തിനും നിങ്ങള്‍ക്കും മനസ്സമാധാനം ഉറപ്പാക്കാന്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്വന്തമാക്കണമെന്ന് പറയുന്നത്.
വിവാഹം
ഓരോരുത്തരുടെയും ജീവിതത്തില്‍ സ്വപ്നങ്ങളും ഉത്തരവാദിത്തങ്ങളും പങ്കിടുന്നതിന് ഒരാള്‍ കൂടി വരുന്ന ഘട്ടമാണ് വിവാഹം. അവിടെ നിങ്ങളുടെ പങ്കാളിക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കി അപ്രതീക്ഷിത സംഭവങ്ങളെക്കുറിച്ച് വിഷമിക്കാതെ ഒരുമിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ ലൈഫ് ഇന്‍ഷുറന്‍സ് സഹായിക്കും. അതിനൊപ്പം ഗുരുതരമായ രോഗങ്ങള്‍ക്കോ അപകടങ്ങള്‍ക്കോ കവറേജ് നല്‍കാന്‍ ഒരു ആഡ്-ഓണ്‍ പോളിസി കൂടി വാങ്ങുക. ഭാര്യമാര്‍ക്കായി മാരീഡ് വുമണ്‍ പ്രൊട്ടക്ഷന്‍ ആക്ടിനു കീഴില്‍ ഒരു പോളിസി വാങ്ങാം. അതില്‍ പങ്കാളിയുടെ മാതാപിതാക്കള്‍ക്കും കവറേജ് നല്‍കാം.
മാതാപിതാക്കളാകല്‍
മക്കളുണ്ടാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. അവര്‍ക്ക ഏറ്റവും മികച്ചതെല്ലാം നല്‍കണമെന്നാണ് ആഗ്രഹം. ഇത് സന്തോഷം, സംതൃപ്തി, അഭിമാനം എന്നിവയുടെ ഒരു വലിയ യാത്രയുടെ തുടക്കമാണ് കുട്ടിയുടെ വളര്‍ച്ച കാലഘട്ടങ്ങള്‍. വിദ്യാഭ്യാസം, ആരോഗ്യം, എന്നിങ്ങനെ കുട്ടിയുടെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകള്‍ എല്ലാം കൃത്യമായി ആസൂത്രണം ചെയ്യണം.
അതുകൊണ്ട് രക്ഷിതാക്കളുടെ ജീവിതത്തിലെ നിര്‍ഭാഗ്യകരമായ ഒരു സംഭവവും നിങ്ങളുടെ കുട്ടികളുടെ ഭാവിയെ തടസ്സപ്പെടുത്തില്ലെന്ന് ഉറപ്പാക്കാനും നിങ്ങളുടെ അഭാവത്തിലും അവര്‍ സന്തോഷത്തോടെ വളരണമെന്നും ഓര്‍ക്കുക. അതിനായാണ് ഇന്‍ഷുറന്‍സ്. അതിനൊപ്പം സമ്പാദ്യമോ നിക്ഷേപങ്ങളോ പോലുള്ള കൂടുതല്‍ ഉത്പന്നങ്ങളും വേണം.
റിട്ടയര്‍മെന്റ്
അതുവരെയുള്ള അലച്ചിലുകള്‍ക്കൊടുവില്‍ റിട്ടയര്‍മെന്റ് ആശ്വാസകരമാണ്. കാരണം അക്കാലമാകുമ്പോഴേക്കും നിങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍ കുറഞ്ഞിട്ടുണ്ടാവും. എന്നാല്‍ അക്കാലത്തും ഒരു ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനിന് ആശ്വാസവും സുരക്ഷയും നല്‍കാന്‍ കഴിയും. അതിനൊപ്പം 40 കളില്‍ ഒരു സേവിംഗ്‌സ് പ്ലാന്‍ അല്ലെങ്കില്‍ യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ (യുലിപ്) ഉപയോഗിച്ച് ഒരു റിട്ടയര്‍മെന്റ് നിധി കൂടി സ്വരൂപിക്കാം. യുലിപ് ഇന്‍ഷുറന്‍സ് പരിരക്ഷയ് ക്കൊപ്പം നിക്ഷേപ അവസരങ്ങളും നല്‍കും.