14 July 2023 2:30 PM GMT
Summary
- വാർഷിക ശമ്പളത്തിന്റെ 10 മടങ്ങ് ലൈഫ് കവർ
- 60 വയസ് വരെ ഇൻഷുറൻസ് കവറേജ്
- വാർഷിക വരുമാനവും പ്രായവും കണക്കാക്കുന്നതോടൊപ്പം ചെലവഴിക്കുന്ന തുക കൂടെ പരിഗണിക്കണം
ഒരു ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി വാങ്ങാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ ഉയര്‍ന്നുവരുന്ന പ്രധാന ചോദ്യം എത്ര രൂപയുടെ കവറേജ് ആവശ്യമുണ്ട് എന്നതാണ്. മതിയായ പരിരക്ഷ എടുക്കുന്നില്ലെങ്കില്‍ പോളിസിയുടെ ലക്ഷ്യം നടപ്പാകണമെന്നില്ല. നിങ്ങളുടെ മരണശേഷം കുടുംബത്തിന് വേണ്ടത്ര സാമ്പത്തിക സുരക്ഷ ലഭിക്കില്ല. പോളിസി വാങ്ങുന്ന വ്യക്തിയുടെ ഹ്യൂമണ്‍ ലൈഫ് വാല്യു അഥവാ മാനുഷിക ജീവിത മൂല്യം (HLV) കണക്കാക്കുന്നതിലൂടെ ശരിയായ കവറേജ് തുകയിലേക്ക് എത്തിച്ചേരാം. അതല്ലെങ്കില്‍ ചില പോളിസി വാങ്ങാന്‍ ഉപയോഗിക്കുന്ന റൂള്‍ ഓഫ് തമ്പ്‌സ് ഇവിടെ പ്രയോഗിക്കാം. പോളിസി കവറേജ് തുക കണ്ടെത്താന്‍ സഹായിക്കുന്ന ചില ഘടകങ്ങളിതാ.
വാര്‍ഷിക ശമ്പളം
ലൈഫ് കവറിന്റെ അളവ് കണക്കാക്കാന്‍ ഉപയോഗിക്കുന്ന ഒരു പൊതു മാനദണ്ഡം പോളിസി വാങ്ങുന്നയാളുടെ വാര്‍ഷിക ശമ്പളമാണ്. സാധാരണഗതിയില്‍, നിങ്ങളുടെ വാര്‍ഷിക ശമ്പളത്തിന്റെ 10 മടങ്ങ് ലൈഫ് കവര്‍ മതിയാകും. എന്നാലിത് എല്ലാവര്‍ക്കും മതിയാകണമെന്നില്ല. വാര്‍ഷിക വരുമാനത്തിന്റെ 10-20 മടങ്ങ് വേണം പോളിസി കവറേജ് എന്നതാണ് റൂള്‍ ഓഫ് തമ്പ്. എന്തു കൊണ്ട് ഇത്രയും അധികം വേണമെന്ന് ഉദാഹരിക്കാം.
വാര്‍ഷിക വരുമാനം 10 ലക്ഷം രൂപയും വാര്‍ഷിക ചെലവ് 6 ലക്ഷം രൂപയാണെന്ന് കരുതാം. 7.5 ശതമാനം പണപ്പെരുപ്പ നിരക്കുണ്ടെങ്കില്‍, ഓരോ 10 വര്‍ഷത്തിലും ചെലവുകള്‍ ഇരട്ടിയാകും. തുടര്‍ന്ന്, 20 വര്‍ഷത്തില്‍, ചെലവുകള്‍ക്കായി നിങ്ങള്‍ക്ക് 1.8 കോടി രൂപ (60 ലക്ഷം രൂപയും 1.2 കോടി രൂപയും) വേണ്ടിവരും. ഇത് നിങ്ങളുടെ നിലവിലെ വാര്‍ഷിക വരുമാനത്തിന്റെ 18 ഇരട്ടിയാണ്. ഇതാണ് ഉയര്‍ന്ന കവറേജ് എടുക്കുന്നതിന് കാരണവും. ഇതിനോടകം മികച്ച സാമ്പത്തിക സ്ഥിതിയിലെത്തിയ വ്യക്തികള്‍ക്ക് 1012 മടങ്ങ് നിയമം ഗുണം ചെയ്യും. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് 15-20 മടങ്ങ് കവറേജ് തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
പ്രായം
ജോലി ചെയ്യുന്നൊരു വ്യക്തി, ജോലി കാലത്ത് മരണപ്പെട്ടാല്‍ കുടുംബത്തിന് വരുമാന മാര്‍ഗം നല്‍കുകയാണ് ലൈഫ് ഇന്‍ഷുറന്‍സിന്റെ ലക്ഷ്യം. സാധാരണഗതിയില്‍ 60/65 വര്‍ഷം വരെ പരിരക്ഷ ലഭിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളാണ് ആവശ്യം. 60 വയസ് വരെ ഇന്‍ഷൂറന്‍സ് കവറേജ് വേണമെന്നാണ് റൂള്‍ ഓഫ് തമ്പ്. ഇതിന് മുകളിലേക്ക് പോയാല്‍ പ്രീമിയം കൂടും. പോളിസി തുടങ്ങുന്ന ഘട്ടത്തില്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ആവശ്യകത പരിമിതമായിരിക്കാം.
വിവാഹം, കുട്ടികളുണ്ടാകുക തുടങ്ങിയ ഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ ലൈഫ് ഇന്‍ഷൂറന്‍സിന്റെ ആവശ്യകത വര്‍ധിക്കും. ഈ ഘട്ടത്തില്‍ വരുമാനവും നിക്ഷേപവും കുടുംബത്തിന്റെ ചെലവുകള്‍ വഹിക്കാന്‍ പര്യാപ്തമായേക്കില്ല. ഈ സമയത്ത് ലൈഫ് ഇന്‍ഷൂറസിനോട് മുഖം തിരിച്ചേക്കാം. 35-40 വയസുണ്ടെങ്കില്‍ വാര്‍ഷിക വരുമാനത്തിന്റെ 15 ഇരട്ടി ലൈഫ് കവര്‍ എടുക്കാം. 40 വയസിനപ്പുറം പ്രായമുണ്ടെങ്കില്‍ വരുമാനത്തിന്റെ 10-12 ഇരട്ടി കവര്‍ മതിയാകും എന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
ചെലവുകളും ലക്ഷ്യങ്ങളും
വാര്‍ഷിക വരുമാനവും നിലവിലെ പ്രായവും ലൈഫ് ഇന്‍ഷൂറന്‍സ് സംബന്ധിച്ച സൂചനകള്‍ നല്‍കുമെങ്കിലും സമ്പാദിക്കുന്നതിനൊപ്പം എത്ര ചെലവഴിക്കുന്നു എന്നത് കൂടി പരിഗണിക്കണം. ഒരു കുടുംബത്തിന് അടുത്ത 20 വര്‍ഷത്തിനുള്ളില്‍ അവരുടെ പതിവ് ചെലവുകളും ജീവിതത്തിലെ വിവിധ ലക്ഷ്യങ്ങള്‍ക്കും (കുട്ടികളുടെ വിദ്യാഭ്യാസം, ഒരു കാര്‍ വാങ്ങല്‍ പോലുള്ളവ) നിറവേറ്റാന്‍ ആവശ്യമായ തുക എത്രയാണെന്ന് അറിയണം. ഈ തുക പണപ്പെരുപ്പത്തിന് അനുസരിച്ച് ക്രമീകരിക്കണം. തുടര്‍ന്ന് വായ്പകള്‍ പോലുള്ള ബാധ്യതകള്‍ ചേര്‍ക്കുക. ഇതില്‍ നിന്ന് ആകെ സമ്പാദ്യവും നിക്ഷേപങ്ങളും ലിക്വിഡേറ്റ് ചെയ്യാന്‍ കഴിയുന്ന ആസ്തികളും കുറച്ചാല്‍ അന്തിമ തുക ലഭിക്കും.
നിങ്ങള്‍ക്ക് 50 ലക്ഷം രൂപ വായ്പ കുടിശ്ശികയുണ്ടെങ്കില്‍, സം അഷ്വേര്‍ഡ് കണക്കാക്കുമ്പോള്‍ ഈ തുക ഉള്‍പ്പെടുത്തണം. കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ആസൂത്രണം ചെയ്ത 30 ലക്ഷം രൂപയില്‍ 10 ലക്ഷം രൂപ നിങ്ങള്‍ ഇതിനകം സമ്പാദിച്ചെങ്കില്‍, കണക്കുകൂട്ടലുകളില്‍ 20 ലക്ഷം രൂപ ചേര്‍ത്താല്‍ മതിയാകും.