image

3 April 2023 11:30 AM GMT

Insurance

ജോലി പോയാല്‍ ഗ്രൂപ്പ് ലൈഫ് ഇന്‍ഷൂറന്‍സിന് പ്രസക്തിയുണ്ടോ? എന്ത് ചെയ്യണം, അറിയാം

Sabeena T K

group life insurance relevant in case of job loss
X

Summary

  • പിരിച്ചുവിടുകയോ ജോലി രാജിവെക്കുകയോ വിരമിക്കുകയോ ചെയ്താല്‍ ഈ ഇന്‍ഷൂറന്‍സിന്റെ പരിരക്ഷ നഷ്ടമാകും.


ഇപ്പോള്‍ പിരിച്ചുവിടലുകളുടെ കാലമാണ്. പല വമ്പന്‍ കമ്പനികളും ആയിരക്കണക്കിന് ജീവനക്കാരെയാണ് ചുരുങ്ങിയ സമയത്തിനകം പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ഒരു സ്ഥാപനത്തില്‍ ജോലി ഉണ്ടായിരിക്കെ ലഭിക്കുന്ന പല സാമ്പത്തിക ആനുകൂല്യം പെട്ടെന്ന് നിന്ന് പോകും. അതില്‍പ്പെട്ട ഒന്നാണ് തൊഴിലുടമ നല്‍കുന്ന ഗ്രൂപ്പ് ലൈഫ് ഇന്‍ഷൂറന്‍സ്. എന്നാല്‍ പിരിച്ചുവിടുകയോ ജോലി രാജിവെക്കുകയോ വിരമിക്കുകയോ ചെയ്താല്‍ ഈ ഇന്‍ഷൂറന്‍സിന്റെ പരിരക്ഷ നഷ്ടമാകും. ജോലിയുള്ള സമയം എടുക്കുന്ന സാമ്പത്തിക തീരുമാനങ്ങള്‍ ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ഗുണം ചെയ്യാതെ പോകും. അതുകൊണ്ട് തന്നെ ലൈഫ് ഇന്‍ഷൂറന്‍സ് പോലുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ എല്ലാക്കാലത്തും നടപ്പിലാക്കാവുന്ന ഗുണം ലഭിക്കുന്ന പോളിസികള്‍ വേണം തിരഞ്ഞെടുക്കാന്‍. സ്ഥാപനം നല്‍കുന്ന ഗ്രൂപ്പ് ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതികളെ വിശ്വസിച്ച് ജീവനും ജീവിതവും പരിരക്ഷ ഉറപ്പാക്കാതിരിക്കരുത്; ഇത് വലിയ തിരിച്ചടിയുണ്ടാക്കും.

അതുകൊണ്ട് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന ഇക്കാലത്ത് ജോലി നഷ്ടമാകുന്ന സാഹചര്യം ഉണ്ടായാല്‍ പോലും ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷ നഷ്ടമാകാത്ത വിധത്തിലുള്ള ചില പോളിസികളുണ്ട്. അത് ഇവിടെ പറയാം.

ഹോള്‍ ലൈഫ് ഇന്‍ഷൂറന്‍സ്

ഇത് ഒരു സുസ്ഥിര ഇന്‍ഷൂറന്‍സ് പോളിസിയാണ്. ജീവിതകാലം മുഴുവന്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുതരുന്നു. ഇതിന് പ്രീമിയം ഒറ്റത്തവണ അടക്കുകയോ നിശ്ചിതകാലത്തേക്ക് മാത്രം അടക്കുകയോ മരണം വരെ അടക്കുകയോ ആകാം. ജീവിതത്തിലുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികള്‍ മുമ്പില്‍ കണ്ടുകൊണ്ട് ഈ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുന്നതാണ് ഉചിതം. അടക്കുന്ന പ്രീമിയത്തില്‍ ഒരു ഭാഗം ക്യാഷ് വാല്യൂ ഗ്രോത്ത് കോമ്പണന്റായി പോകും. മതിയായ തോതില്‍ പണ മൂല്യം വളര്‍ന്നാല്‍ ഈ അക്കൗണ്ടില്‍ നിന്ന് കടമെടുക്കുകയോ പിന്‍വലിക്കുകയോ ചെയ്യാം. പോളിസി സറണ്ടര്‍ ചെയ്യുകയാണെങ്കില്‍ നിശ്ചിത ചാര്‍ജ് പിന്‍വലിച്ച ശേഷമുള്ള പണമൂല്യമാണ് ഇന്‍ഷൂറര്‍ തിരിച്ചു തരിക. ജോലി നഷ്ടം പോലുള്ള സംഭവങ്ങളുണ്ടായാല്‍ ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് നഷ്ടമാകുന്നത് പോലെയുള്ള കാര്യങ്ങള്‍ ഹോള്‍ ലൈഫ് ഇന്‍ഷൂറന്‍സില്‍ സംഭവിക്കില്ല. ഈ പോളിസി മരണശേഷം കുടുംബത്തിന് സാമ്പത്തിക പിന്തുണ ഉറപ്പാക്കാനും സഹായിക്കുന്നു.

യൂണിവേഴ്‌സല്‍ ലൈഫ് ഇന്‍ഷൂറന്‍സ്

ഈ പ്ലാനും ഒരു സ്ഥിര ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയാണ്. ജീവിതകാലം മുഴുവന്‍ പരിരക്ഷയും ക്യാഷ് വാല്യൂ ഗ്രോത്ത് കോംപണന്റും ഉറപ്പ് തരുന്നു. പണമൂല്യത്തിന്റെ വളര്‍ച്ച പലിശ നിരക്കിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ചാണ് നടക്കുന്നത്. ഈ പോളിസിയിലെ പണമൂല്യം ആവശ്യത്തിന് വളര്‍ന്നുകഴിഞ്ഞാല്‍ അത് ഉപയോഗിച്ച് തന്നെ ബാക്കി പ്രീമിയം അടക്കാന്‍ സാധിക്കും. ഹോള്‍ ലൈഫ് ഇന്‍ഷൂറന്‍സിനേക്കാള്‍ ചെലവ് കുറവാണ് ഈ പോളിസിക്ക് . എന്നാല്‍ ടേം ലൈഫ് ഇന്‍ഷൂറന്‍സിനേക്കാള്‍ ചെലവ് കൂടും.

ടേം ലൈഫ് ഇന്‍ഷൂറന്‍സ്

ഈ ഇന്‍ഷൂറന്‍സ് പോളിസി പണമൂല്യത്തിനോളമോ ജീവിതകാലം മുഴുവനോ ഉണ്ടായിരിക്കില്ല. പത്തോ മുപ്പതോ വര്‍ഷത്തേക്ക് മാത്രമായിരിക്കും ടേം ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നത്. എത്ര കാലത്തേക്ക് വേണം എന്ന് പോളിസി എടുക്കുന്നയാള്‍ മുന്‍കൂട്ടി തീരുമാനിക്കണം. സ്ഥിര ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയേക്കാളൊക്കെ താങ്ങാവുന്ന പോളിസിയാണിത്. മറ്റുള്ളവയെ അപേക്ഷിച്ച് ചെലവ് കുറയും. ദീര്‍ഘകാലത്തേക്ക് പരിരക്ഷ ആവശ്യമില്ലെങ്കിലും മരണ ശേഷം വലിയ ആനുകൂല്യം ലഭിക്കാനും ടേം ലൈഫ് ഇന്‍ഷൂറന്‍സായിരിക്കും കൂടുതല്‍ നല്ലത്.