27 May 2023 4:00 PM GMT
Summary
- സിംഗിള്‍ പ്രീമിയം പോളിസിക്ക് നികുതി നല്‍കണം
- ടിഡിഎസും വേണ്ടി വരും
- ഒരു ലക്ഷത്തിന് താഴെ നികുതി വേണ്ട
ഇന്‍ഷൂറന്‍സ് പോളിസി പരിരക്ഷയ്ക്ക് വേണ്ടി മാത്രമല്ല ആളുകള്‍ എടുക്കുന്നത്. നികുതി ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയും ആളുകള്‍ മറ്റ് പല സാമ്പത്തിക പദ്ധതികള്‍ പോലെ ഇന്‍ഷൂറന്‍സ് പോളിസികളും എടുക്കാറുണ്ട്. പോളിസി എടുത്താല്‍ ആദായനികുതി നിയമം
സെക്ഷന്‍ 80 സി പ്രകാരം പല ഇളവുകളും കിട്ടും. എന്നാല്‍ പോളിസി എടുത്താല്‍ നികുതി നല്‍കേണ്ടി വരുന്ന ചില കാര്യങ്ങളുമുണ്ടെന്ന് എത്ര പേര്‍ക്ക് അറിയാം. ഇതൊക്കെ അറിഞ്ഞില്ലെങ്കില്‍ നികുതി അടക്കേണ്ടി വരുമ്പോള്‍ നേരെ വിപരീതമായിരിക്കും ഫലം. അതുകൊണ്ട് നികുതിയിളവിന് പകരം നികുതി അടക്കേണ്ടി വരുന്ന ഘട്ടങ്ങളെ കുറിച്ച് പറയാം.
പോളിസി മെച്യൂരിറ്റി
പോളിസി കാലാവധി തികച്ചു കഴിഞ്ഞാല്‍ മെച്യുറായെന്ന് പറയാം. ഒരു ഇന്‍ഷൂറന്‍ പോളിസി എടുത്ത് മെച്യുറായി കഴിഞ്ഞാല്‍ ലഭിക്കുന്ന തുകയ്ക്ക് ആദായനികുതി നല്‍കേണ്ടി വരും. ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയില്‍ നിന്ന് ലഭിക്കുന്ന ഏത് തുകയും നികുതിക്ക് വിധേയമാണ്. ഇന്‍ഷൂര്‍ ചെയ്ത മൊത്തം തുകയുടെ പത്തോ ഇരുപതോ ശതമാനം പ്രീമിയം ഉയര്‍ന്നാല്‍ പൂര്‍ണമായും നികുതി നല്‍കേണ്ടി വന്നേക്കാം. ഓരോ പോളിസിക്കും ഓരോ വിധത്തിലാണെന്ന് മാത്രം.
ടിഡിഎസ്
ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിക്ക് ടിഡിഎസ് അടക്കേണ്ടി വരും. 2014 ഒക്ടോബര്‍ മുതല്‍ ഇന്‍ഷൂറന്‍സ് പോളിസിയില്‍ നിന്ന് ലഭിക്കുന്ന തുക ഒരു ലക്ഷത്തില്‍ അധികമായാല്‍ കമ്പനി ഒരു ശതമാനം ടിഡിഎസ് പിടിച്ച ശേഷമാണ് പേയ്‌മെന്റ് നടത്തുക. ബോണസ് പേയ്‌മെന്റുകള്‍ക്കും ടിഡിഎസ് ബാധകമാണ്. എന്നാല്‍ ഈ തുക ഒരു ലക്ഷത്തിന് താഴെയാണെങ്കില്‍ ടിഡിഎസ് നല്‍കേണ്ടതില്ല. എന്നാല്‍ പൂര്‍ണമായും നികുതി വിധേയാണ്. അതുപോലെ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ചെയ്യുമ്പോള്‍ ടിഡിഎസ് ആയി അടച്ചത് തിരിച്ചുകിട്ടും.
സിംഗിള്‍ പ്രീമിയം ഇന്‍ഷൂറന്‍സ് പോളിസി
ഒറ്റത്തവണ പ്രീമിയം മൊത്തമായി അടക്കുന്ന ഇന്‍ഷൂറന്‍സ് പോളിസിയെടുത്താല്‍ മുഴുവന്‍ തുകയ്ക്കും ആദായനികുതി നല്‍കേണ്ടി വരും. ഉദാഹരണത്തിന് ഒരാള്‍ 1,10,000 രൂപ മെച്യൂരിറ്റി മൂല്യമുള്ള പോളിസി എടുത്തതായി കണക്കാക്കുക. 2013 സെപ്തംബര്‍ 16ന് അദ്ദേഹം ഒറ്റത്തവണ പ്രീമിയമായി 45000 രൂപ അടച്ചു. ഇത് സം അഷ്വേര്‍ഡിന്റെ പത്ത് ശതമാനത്തില്‍ അധികമാണ്. അതിനാല്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിന് നികുതി നല്‍കണം. കൂടാതെ ആദായ നികുതി നിയമത്തിന്റെ 10(10ഡി) പ്രകാരമുള്ള ഇളവുകളൊന്നും ലഭിക്കില്ല.