image

21 Jan 2023 10:29 AM GMT

Insurance

80-ഡി പരിധി കൂട്ടുമോ? ലൈഫ് ഇന്‍ഷുറന്‍സിന് പ്രത്യേക സെക്ഷന്‍ വരുമോ?

MyFin Desk

insurance expectations budget
X

Summary

60 വയസില്‍ താഴെയുള്ളവര്‍ക്ക് ഇത് 25,000 രൂപ വരെയാണ്. 60 വയസിന് മുകളിലാണെങ്കില്‍ 50,000 വും.



ഇന്‍ഷുറന്‍സ് മേഖല പുതിയ ബജറ്റില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്? മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല ഇനിയും വളരേണ്ടതുണ്ട്. കൂടുതല്‍ ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ പല നടപടികളും കൈക്കൊള്ളേണ്ടതുണ്ടെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ നിരന്തരം ആവശ്യപ്പെടുന്നതാണ്. കോവിഡിന് ശേഷം ഈ മേഖല കുറച്ച് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയെങ്കിലും ബജറ്റിലടക്കം പല ആനുകൂല്യങ്ങള്‍ കൂട്ടി ചേര്‍ക്കേണ്ടത് രാജ്യത്തെ ഇന്‍ഷുറന്‍സ് വ്യാപനത്തിന് അനിവാര്യമാണ്.

80 ഡി പരിധി കൂട്ടുക

ഇന്‍ഷുറന്‍സ് രംഗുള്ളവര്‍ നിരന്തരം ആവശ്യപ്പെടുന്ന ഒന്നാണ് ഇത്. നിലവില്‍ ആദായ നികുതി വകുപ്പ് സെക്ഷന്‍ 80 ഡി അനുസരിച്ച് 60 വയസില്‍ താഴെയുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ആദായ നികുതി ഒഴിവുണ്ട്. സ്വന്തമായും പങ്കാളിക്കും ആശ്രിതരായ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിനാണ് ഒഴിവ്.

60 വയസില്‍ താഴെയുള്ളവര്‍ക്ക് ഇത് 25,000 രൂപ വരെയാണ്. 60 വയസിന് മുകളിലാണെങ്കില്‍ ഇത് 50,000 ആണ്. ഇനി നികുതി അടയ്ക്കുന്ന ആളും മാതാപിതാക്കളും 60 ന് മുകളിലാണെങ്കില്‍ ഇന്‍ഷുറന്‍സ് പ്രീമിയം ആയി 1 ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാം. എന്നാല്‍ നിലവില്‍ ചികിത്സാ ചെലവ് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഇത് ഉയര്‍ത്തണമെന്നാണ് ആവശ്യം. കാരണം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ കടന്നുവരവോടെ ചികിത്സാ രംഗം വലിയ ചെലവേറിയതായി മാറി. നിലവിലെ 25,000 ലിമിറ്റ് 50,000 ആയും അര ലക്ഷം എന്നത് ഒരുലക്ഷമായും ഉയര്‍ത്തണമെന്നാണ് ആവശ്യം.

പ്രത്യേക സെകഷ്ന്‍

നിലവില്‍ സെക്ഷന്‍ 80 സി അനുസരിച്ച് ഒരാള്‍ക്ക് ലഭിക്കുന്ന പരമാവധി കിഴിവ് 1.5 ലക്ഷം രൂപയുടേതാണ്. സെക്ഷന്‍ 80 സിസിസി അനുസരിച്ച് ആന്വിറ്റിയിലും പെന്‍ഷന്‍ പദ്ധതിയിലും നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് നികുതി ഒഴിവ് ലഭിക്കും. പക്ഷെ ഇത് 80 സിയുമായി ക്ലബ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. നിലവില്‍ പിപിഎഫ്, അഞ്ച് വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം, ഇഎല്‍എസ്എസ് മ്യൂച്ച്വല്‍ ഫണ്ട്, ഭവന വായ്പ തിരിച്ചടവ് (പ്രിന്‍സിപ്പല്‍) ഇതെല്ലാമാണ് 80 സിയില്‍ വരുന്നത്. പണപ്പെരുപ്പത്തിലും ജീവിത ചെലവിലും കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട് എങ്കിലും കഴിഞ്ഞ 9 വര്‍ഷമായി ഈ പരിധി ഉയര്‍ത്തിയിട്ടില്ല. അതുകൊണ്ട് സെക്ഷന്‍ 80 ഡി പോലെ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് മാത്രമായി പുതിയ സെക്ഷന്‍ കൊണ്ടുവന്നാല്‍ കൂടുതല്‍ പേരെ ഇന്‍ഷുറന്‍സ് പദ്ധതികളിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞേക്കും. 2023-24 ബജറ്റില്‍ അത്തരം ഒരു നീക്കം ഇന്‍ഷുറന്‍സ് മേഖല പ്രതീക്ഷിക്കുന്നുണ്ട്.