24 March 2023 4:54 AM GMT
ഒരു വീട്ടില്‍ സാധാരണയായി ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നത് വരുമാനമുള്ളവരുടെ പേരിലാണ്. പ്രത്യേകിച്ചും കുടുംബനാഥന്റെ പേരിലെന്ന് പറയാം. കുടുംബത്തിന്റെ പരിരക്ഷ അവരില്ലാത്ത സാഹചര്യം ഉണ്ടായാല്‍ ഉറപ്പാക്കാനാണിത്. എന്നാല്‍ എന്തുകൊണ്ടാണ് വീട്ടമ്മമാരുടെ പേരില്‍ ടേം ഇന്‍ഷൂറന്‍സ് എടുക്കാത്തത്. വരുമാനം കൊണ്ടുവരാത്ത വിഭാഗമായതിനാലും അവര്‍ എക്കാലവും ലൈവായി വീട്ടിലുണ്ടാകുമെന്ന തെറ്റിദ്ധാരണയാലുമാണ് ഇത് വിട്ടുകളയുന്നത്. അവരുടെ അസാന്നിധ്യം വരുമാനമുള്ള മുതിര്‍ന്ന അംഗത്തേക്കാള്‍ വലിയ സാമ്പത്തിക നഷ്ടവും മാനസിക സമ്മര്‍ദ്ദവും ബുദ്ധിമുട്ടേറിയ സാഹചര്യവുമുണ്ടാക്കുമെന്നതാണ് വാസ്തവം. വരുമാന സ്‌ത്രോസ്സ് നഷ്ടപ്പെട്ടാല്‍ വീട്ടുചെലവും കുട്ടികളുടെ പഠിത്തവുമൊക്കെ താളം തെറ്റിക്കുമെന്ന യഥാര്‍ത്ഥ്യമുണ്ടെങ്കിലും വീട്ടിലിരിക്കുന്ന വീട്ടമ്മമാരുടെ പേരില്‍ ടേം ഇന്‍ഷൂറന്‍സ് പ്ലാന്‍ ചേരേണ്ടത് നിര്‍ബന്ധമാണ്.
എന്തുകൊണ്ട് ടേം ഇന്‍ഷൂറന്‍സ് വേണം?
ഏതൊരാളുടെയും ജോലി സമയം എട്ടോ ഒമ്പതോ മണിക്കൂറാണ്. എന്നാല്‍ ഒരു വീട്ടമ്മ ചെയ്യുന്ന ജോലിയ്ക്ക് കൃത്യമായി മണിക്കൂര്‍ നിശ്ചയിക്കുക സാധ്യമല്ല. പലരും 12 മണിക്കൂറെങ്കിലും വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നു.ഒരവധി പോലും ജീവിതാവസാനം വരെ ആര്‍ക്കും ഇല്ല. അതുകൊണ്ട് തന്നെ ഒരു വീട്ടമ്മയുടെ ജോലിയുടെ ഭാരമോ തോതോ അളക്കുന്നത് അസാന്നിധ്യമാണ്. ഒരു കുക്കിന്റെയും ക്ലീനിങ് സ്റ്റാഫിന്റെയും ഹോം നഴ്‌സിന്റെയും ട്യൂഷന്‍ ടീച്ചറുടെയും തുടങ്ങി നിരവധി വേഷങ്ങളാണ് ഇവര്‍ക്ക് അണിയേണ്ടി വരുന്നത്.
അതുകൊണ്ട് തന്നെ ഇവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ ഒഴിവ് നികത്താന്‍ ഒരാളെക്കൊണ്ട് സാധിക്കില്ല. അവരുടെ അഭാവത്തില്‍ ഇത്രയും റോളിലേക്ക് ഒരാളെ ജോലിക്ക് വെക്കാനോ അവരുടെ നഷ്ടം നികത്താനോ സാധ്യമല്ല. അതുകൊണ്ട് തന്നെ ഒരു വീട്ടമ്മയ്ക്ക് അപകടം സംഭവിച്ച് കിടപ്പിലാകുകയോ ദൗര്‍ഭാഗ്യകരമായ വിധി വന്നുചേര്‍ന്നാലോ അവരുടെ അസാന്നിധ്യത്തില്‍ കുടുംബത്തിന് ഉണ്ടാകാവുന്ന ദുരിതാവസ്ഥയില്‍ പരിരക്ഷ ഉറപ്പാക്കാന്‍ ടേം ഇന്‍ഷൂറന്‍സ് നല്ലതാണ്.
അവരുടെ അഭാവത്തില്‍ കുട്ടികളെ നോക്കാനും വീട്ടുജോലികള്‍ ചെയ്യാനും ഭക്ഷണം തയ്യാറാക്കാനും കുടുംബത്തിന് ഒരു മുഴുവന്‍ സമയ വീട്ടുജോലിക്കാരനെ നിയമിക്കേണ്ടി വന്നേക്കാം. കുട്ടികളെ അവരുടെ പഠനത്തില്‍ സഹായിക്കാന്‍ ഒരു അദ്ധ്യാപകനെയും കുടുംബത്തിലെ പ്രായമായ അംഗങ്ങളെ നോക്കാന്‍ ഒരു നഴ്‌സിനെയും ഏര്‍പ്പാടാക്കേണ്ടി വന്നേക്കാം.
ഇതൊക്കെ നിലവിലെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്ന കാര്യങ്ങളാണ്. ദു:ഖകരമായ അവസ്ഥയില്‍ ഒരു ലൈഫ് ഇന്‍ഷൂറന്‍സ് പേഔട്ട് കുടുംബത്തിന്റെ സാമ്പത്തിക ഭാരം ലഘൂകരിക്കാന്‍ വളരെയേറെ സഹായിക്കും.
ഗുണങ്ങള്‍
താങ്ങാനാവുന്ന പ്രീമിയമാണ് വീട്ടമ്മമാര്‍ക്കുള്ള ടേം ഇന്‍ഷൂറന്‍സിന്റെ പ്രത്യേകത. കുറഞ്ഞ ചെലവില്‍ മികച്ച ലൈഫ് കവറേജാണ് ഇത്തരം പോളിസികള്‍ വാഗ്ദാനം ചെയ്യുന്നത്. മിക്ക ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളും സ്ത്രീകളുടെ പോളിസികള്‍ക്ക് കുറഞ്ഞ പ്രീമിയമാണ് ഏര്‍പ്പെടുത്തുന്നത്. നേരത്തെ ഇത്തരം പോളിസികളില്‍ അംഗങ്ങളാകുന്നവര്‍ക്ക് ദീര്‍ഘകാലത്തേക്ക് കുറഞ്ഞ പ്രീമിയം മാത്രമേ അടക്കേണ്ടി വരികയുള്ളൂ.
ദൈനംദിന ജീവിതത്തിനുള്ള ഉയര്‍ന്ന ചെലവുകളും വലിയ മെഡിക്കല്‍ ഫീസുകളും ചെലവുകളുമൊക്കെ കാരണം വീട്ടമ്മമാര്‍ പൊതുവേ അവരുടെ ആരോഗ്യപ്രശ്‌നങ്ങളുമൊക്കെ അവഗണിക്കാറാണ് പതിവ്. എന്നാല്‍ ടേം ഇന്‍ഷൂറന്‍സ് എടുക്കുമ്പോള്‍ ഒരു ആഡ് ഓണ്‍ ഹെല്‍ത്ത് കവര്‍ കൂടി എടുത്താല്‍ ഭാവിയില്‍ ആശുപത്രി ബില്ലിനെ പേടിക്കാതെ ജീവിക്കാം. കൂടാതെ ജീവിത പങ്കാളിയുടെ പേരിലുള്ള ടേം ഇന്‍ഷൂറന്‍സ് പ്ലാനിന് നികുതിയിളവ് ഉണ്ട്. 1961 ആദായനികുതി വകുപ്പിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് ഇളവുകള്‍ ലഭിക്കുന്നത്.