27 Aug 2024 8:48 AM GMT
Summary
- കോവിഡ് കാലത്ത് ഹെല്‍ത്ത് ഇഷുറന്‍സ് കമ്പനികള്‍ക്ക് നഷ്ടമുണ്ടായി
- ഇക്കാരണത്താല്‍ കമ്പനികള്‍ പിന്നീട് പ്രീമിയം വര്‍ധിപ്പിച്ചിരുന്നു
- ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇപ്പോള്‍ ലാഭകരമാണെങ്കിലും, ചികിത്സാ ചെലവ് ഉയര്‍ന്ന നിലയില്‍ തുടരുകയാണ്
രാജ്യത്തെ പ്രമുഖ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ അവരുടെ പോളിസികളുടെ പ്രീമിയം വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. എച്ച്ഡിഎഫ്സി എര്‍ഗോ, സ്റ്റാര്‍ ഹെല്‍ത്ത്, നിവാ ബുപ, ജനറല്‍ ഇന്‍ഷുറര്‍ ആയ ന്യൂഇന്ത്യ തുടങ്ങിയവര്‍ അവരുടെ പ്രീമിയത്തിലെ വര്‍ധന സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടു.
എച്ച്ഡിഎഫ്സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ് തങ്ങളുടെ മുന്‍നിര ആരോഗ്യ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളായ 'ഒപ്റ്റിമ സെക്യൂര്‍', 'ഒപ്റ്റിമ റിസ്റ്റോര്‍' എന്നിവയുടെ പ്രീമിയം ഓഗസ്റ്റില്‍ ഉയര്‍ത്തി. ഇതിനുശേഷം സ്റ്റാര്‍ ഹെല്‍ത്തും അലൈഡ് ഇന്‍ഷുറന്‍സും തങ്ങളുടെ 30% ഉല്‍പ്പന്നങ്ങള്‍ക്ക് 10% മുതല്‍ 15% വരെ പ്രീമിയം വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
നിവാ ബുപ അതിന്റെ ഏറ്റവും പഴയ ഉല്‍പ്പന്നങ്ങളിലൊന്നായ 'ഹെല്‍ത്ത് കമ്പാനിയന്‍' പ്രീമിയം ഉയര്‍ത്തുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ജനറല്‍ ഇന്‍ഷുറര്‍ ആയ ന്യൂ ഇന്ത്യ അഷ്വറന്‍സും അതിന്റെ ചില ഉല്‍പ്പന്നങ്ങളുടെ പ്രീമിയം 10% വര്‍ധിപ്പിക്കുകയാണ്. ഇത് ഈ വര്‍ഷം നവംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും.
മെഡിക്കല്‍ പണപ്പെരുപ്പം വര്‍ധിച്ചതാണ് പ്രീമിയം വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് വിദഗ്ധരും വ്യവസായ നിരീക്ഷകരും പറഞ്ഞു. മുന്‍കാല രോഗങ്ങളുടെ കാത്തിരിപ്പ് കാലാവധി നേരത്തേ നിശ്ചയിച്ചിരുന്ന നാല് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി കുറച്ചു.
ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ മൊറട്ടോറിയം കാലയളവ് എട്ട് വര്‍ഷത്തില്‍ നിന്ന് ഏപ്രില്‍ മുതല്‍ അഞ്ച് വര്‍ഷമായി കുറച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തേക്ക് തുടര്‍ച്ചയായി പ്രീമിയം അടച്ച പോളിസി ഉടമകള്‍ക്ക് അവരുടെ എല്ലാ ക്ലെയിമുകളും പോളിസിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പരിധി വരെ ഇന്‍ഷുറര്‍ അടയ്ക്കുന്നതിന് അര്‍ഹതയുണ്ട് എന്നാണ് ഇതിനര്‍ത്ഥം.
കൊവിഡ് പാന്‍ഡെമിക് സമയത്ത് ക്ലെയിമുകള്‍ കുതിച്ചുയരുകയും ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് നഷ്ടം സംഭവിക്കുകയും ചെയ്തു. അതിന്റെ ഫലമായി വ്യവസായത്തിലുടനീളം പ്രീമിയങ്ങളില്‍ വന്‍ വര്‍ധനവുണ്ടായി. ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇപ്പോള്‍ ലാഭകരമാണെങ്കിലും, ചികിത്സാ ചെലവ് ഉയര്‍ന്ന നിലയില്‍ തുടരുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നിരവധി ജനപ്രിയ പോളിസികളുടെ പ്രീമിയം ആരോഗ്യ ഇന്‍ഷുറന്‍സ് വര്‍ധിപ്പിക്കുന്നതിന് ഇത് കാരണമായി.
മൊത്തത്തില്‍, 52% ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഹോള്‍ഡര്‍മാരും തങ്ങളുടെ പ്രീമിയം കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 25% ത്തിലധികം വര്‍ധിച്ചതായി ഒരു സര്‍വേയില്‍ പറയുന്നു.