22 Aug 2023 10:19 AM GMT
Summary
- ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ ജി ഡി എൻട്രി ചോദിക്കാറുണ്ട്
- പോൾ ആപ്പിൽ എളുപ്പത്തിൽ ലഭ്യമാവും
ഇൻഷുറൻസ് ഏറ്റവും കൂടുതൽ രക്ഷക്കെത്തുന്നത് അപ്രതീക്ഷിതമായ അപകടങ്ങൾ ഉണ്ടാവുമ്പോഴാണ്. പ്രത്യേകിച്ച് വാഹനാപകടങ്ങൾ ഉണ്ടാവുമ്പോൾ വരുന്ന വലിയ തോതിൽ ഉള്ള ചെലവുകൾ നേരിടാൻ ഇൻഷുറൻസ് അത്യാവശ്യമാണ്. എന്നാൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ പോവുമ്പോൾ വിവിധ രേഖകൾ ആവശ്യപ്പെടാറുണ്ട്. വാഹനാപകടങ്ങൾ സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്. ഒരു പ്രദേശത്ത് നടക്കുന്ന വാഹനാപകടങ്ങൾ ഉൾപ്പെടെ യുള്ള പ്രധാന സംഭവങ്ങൾ പോലീസ് സ്റ്റേഷനിൽ ജനറൽ ഡയറിയിൽ രേഖപ്പെടുത്തി വെക്കും. അപകടസമയത്ത് ഇൻഷുറൻസ് കമ്പനികൾ സ്ഥിരീകരണത്തിനായി ജി ഡി എൻട്രി വിശദാംശങ്ങൾ ആവശ്യപ്പെടാറുണ്ട്. പലപ്പോഴും പല സാങ്കേതിക ബുദ്ധിമുട്ടുകൾ മൂലം ഇതിനു താമസം നേരിടുക പതിവായിരുന്നു.
ജിഡി എൻട്രി പോൽ ആപ്പിൽ സൗജന്യമായി ലഭിക്കും
എന്നാൽ സ്റ്റേഷനിൽ വരാതെ തന്നെ ജി.ഡി. എൻട്രി ലഭിക്കുന്നതിന് കേരള പോലീസിന്റെ മൊബൈൽ ആപ്പായ പോൽ ആപ്പിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സേവനം തികച്ചും സൗജന്യമാണ്.
എങ്ങനെ ലഭ്യമാക്കാം
സേവനം ലഭ്യമാകാൻ മൊബൈൽ ആപ്ലിക്കേഷനിൽ പേരും മൊബൈൽ നമ്പറും നൽകുക. ഒ.ടി.പി. മൊബൈലിൽ വരും. പിന്നെ, ആധാർ നമ്പർ നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒരിക്കൽ റജിസ്ട്രേഷൻ നടത്തിയാൽ പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾക്കും അതുമതി.
വാഹനങ്ങളുടെ ഇൻഷൂറൻസിന് ജി ഡി എൻട്രി കിട്ടാൻ ഇതിലെ 'റിക്വസ്റ്റ് ആക്സിഡന്റ് ജി ഡി ' എന്ന സേവനം തെരെഞ്ഞെടുത്ത്നിങ്ങളുടെ പേര്, ജനനത്തീയതി, മൊബൈൽ ഫോൺ നമ്പർ, ഇ-മെയിൽ, മേൽവിലാസം എന്നിവ നൽകി തിരിച്ചറിയൽ രേഖ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അതിനു ശേഷം ആക്‌സിഡന്റ് സംബന്ധിച്ച വിവരങ്ങൾ നൽകുകയും സംഭവത്തിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യുകയും വേണം. വാഹനത്തിന്റെ വിവരങ്ങൾ കൂടി നൽകി അപേക്ഷ സബ്മിറ്റ് ചെയ്യാവുന്നതാണ്.
അപേക്ഷയിന്മേൽ പോലീസ് പരിശോധന പൂർത്തിയായശേഷം ജി ഡി എൻട്രി അനുവദിക്കും. അത് ആപ്പിൽ നിന്ന് ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ വാഹനം പരിശോധിച്ച ശേഷമായിരിക്കും സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. ഈ സേവനം കേരള പോലീസിന്റെ തുണ വെബ്പോർട്ടലിലും ലഭ്യമാണ്.