23 March 2024 7:04 AM GMT
Summary
- രേഖകള്‍ പേപ്പര്‍ രഹിതമാകും
- പ്രീമിയം കുറഞ്ഞാല്‍ അതും നേട്ടമാകും
- പ്ലാറ്റ്‌ഫോം യാഥാര്‍ഥ്യമാകുന്നതോടെയെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരൂ
ഇന്‍ഷുറന്‍സ് പോളിസികള്‍ ഓണ്‍ലൈനായി വില്‍ക്കാനും വാങ്ങാനുമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ ബീമ സുഗം പോര്‍ട്ടലിന് അനുമതി നല്‍കി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). 2047 ഓടെ രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ഇന്‍ഷുറന്‍സ് ലഭ്യമാക്കുക എന്നതാണ് ഐആര്‍ഡിഎഐയുടെ വീക്ഷണം. ഇത് സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബീമ സുഗം അവതരിപ്പിക്കുന്നതെന്നാണ് ഐആര്‍ഡിഎഐ വ്യക്തമാക്കുന്നത്.
എന്താണ് ബീമ സുഗം
ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ബീമ സുഗം. വിപണിയിലുള്ള കമ്പനികളുടെയെല്ലാം ലൈഫ്, ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. പോളിസി ഉടമകള്‍ക്ക് എന്‍ഡ് ടു എന്‍ഡ് സേവനമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. പോളിസി വാങ്ങല്‍, പുതുക്കല്‍, ക്ലെയിം സെറ്റില്‍മെന്റ്, പോര്‍ട്ടബിലിറ്റി, പരാതിപരിഹാരം തുടങ്ങിയ സേവനങ്ങളെല്ലാം ഈ പ്ലാറ്റ്‌ഫോമില്‍ ഉപഭോക്താക്കള്‍ക്കായി നല്‍കും.
പോളിസി ഉടമകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഇടനിലക്കാര്‍, ഏജന്റുമാര്‍ എന്നിവരുള്‍പ്പെടെ ഇന്‍ഷുറന്‍സ് ബിസിനസ് രംഗത്തെ എല്ലാ പങ്കാളികള്‍ക്കും ഈ പ്ലാറ്റ്‌ഫോം ഏക ജാലക സംവിധാനമായി പ്രവര്‍ത്തിക്കും. ഇന്‍ഷുറന്‍സ് ബിസിനസ് രംഗത്തുടനീളം സുതാര്യത, കാര്യക്ഷമത, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുമെന്നും ഐആര്‍ഡിഎഐ വ്യക്തമാക്കുന്നു.
പേപ്പര്‍ രഹിത സേവനം
നിലവില്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും നേരിട്ടോ, ഏജന്റുമാര്‍ മുഖേനയോ ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുമ്പോള്‍ നിരവധി ഫോമുകള്‍ പൂരിപ്പിക്കുകയും പല രേഖകളും പേപ്പര്‍ രൂപത്തില്‍ സൂക്ഷിക്കുകയും ചെയ്യണം. പിന്നീട് പോളിസി പുതുക്കാനോ ക്ലെയിമുകള്‍ക്കോ ചെല്ലുമ്പോള്‍ ഈ രേഖകളെല്ലാം കൊണ്ടു പോവുകയും വേണം. എന്നാല്‍, ഈ രേഖകളെല്ലാം ഇലക്ട്രോണിക് രൂപത്തിലാണെങ്കില്‍ സുരക്ഷിതത്തെക്കുറിച്ചോ, സൂക്ഷിക്കുന്നതിനോക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ല. ഇതിനുള്ള അവസരവും ബീമ സുഗം നല്‍കും.
ബീമാ സുഗം വഴി ഒരു പോളിസി വാങ്ങുമ്പോള്‍, പോളിസിയുടെ സോഫ്റ്റ് പകര്‍പ്പുകള്‍ ഒരു ഇലക്ട്രോണിക് ഇന്‍ഷുറന്‍സ് അക്കൗണ്ട് വഴിയാകും ലഭ്യമാക്കുക. ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരാനുണ്ട്. ഇന്‍ഷുറര്‍ ഈ ഓപ്ഷന്‍ പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കേണ്ടിവരുമെന്നാണ് റെഗുലേറ്ററിന്റെ അഭിപ്രായം.
പോളിസികള്‍ ഒറ്റ ജാലകത്തില്‍
ലൈഫ്, ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സുകളെല്ലാം ഒറ്റ ജാലകത്തില്‍ ലഭ്യമാകുന്നതുകൊണ്ട് ഓരോ കമ്പനിയുടെയും പ്ലാറ്റ്‌ഫോമുകളില്‍ കയറിയിറങ്ങി ബുദ്ധിമുട്ടേണ്ടി വരില്ല.
താങ്ങാനാവുന്ന വില
ബീമ സുഗം വഴി ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങാനാകുന്നതോടെ പ്രീമിയം കുറയുകയും അതുവഴി ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്ന നിലയിലേക്ക് പോളിസികള്‍ എത്തുമെന്നും അഭിപ്രായമുണ്ട്. നിലവില്‍ ഏജന്റുമാര്‍ മുഖേനയും മറ്റുമാണ് പോളിസി വാങ്ങുന്നത്. ഇതുവഴി കമ്മീഷന്‍ ഇനത്തില്‍ ഒരു തുക നല്‍കേണ്ടി വരും. പ്രീമിയം കൂടാനുള്ള ഒരു കാരണമിതാണ്. ബീമ സുഗം വരുന്നതോടെ ഇത് കുറയും. പ്ലാറ്റ്‌ഫോം വഴി നേരിട്ട് വാങ്ങുന്ന പോളിസികള്‍ക്ക് പ്രീമിയം നിരക്കില്‍ കിഴിവ് നല്‍കാന്‍ ഒരു ഇന്‍ഷുറര്‍ക്ക് കഴിയുമെന്ന് റെഗുലേറ്റര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ബീമ സുഗം പ്ലാറ്റ്‌ഫോം യാഥാര്‍ഥ്യമാകുന്നതോടെയെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരൂ.