9 May 2023 11:30 AM GMT
ആരോഗ്യ ഇന്‍ഷൂറന്‍സിന് വലിയ പ്രാധാന്യമുണ്ട്. പ്രായമേറുന്തോറും അസുഖങ്ങള്‍ വരാനുള്ള സാധ്യതയും കൂടുന്നു.അതുകൊണ്ട് തന്നെ ആരോഗ്യകാര്യങ്ങളില്‍ വലിയ ശ്രദ്ധ നല്‍കുന്നതിനൊപ്പം മതിയായ പരിരക്ഷ ഉറപ്പാക്കാനും മറക്കരുത്. ഒരു ഇരുപത്തിയഞ്ചുകാരന് വേണ്ട പരിരക്ഷയല്ല നാല്‍പതുകാരന് വേണ്ടത്. നേരത്തെ തന്നെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുത്തവര്‍ക്ക്് അവരുടെ പ്രായത്തിന് അനുസരിച്ച് കവറേജ് അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്.
എന്തുകൊണ്ട് കൂടുതല്‍ കവറേജ്
നാല്‍പത് വയസിന് ശേഷം ജീവിതശൈലീ രോഗങ്ങള്‍ കൂടാനുള്ള സാധ്യതയുണ്ട്. ഈ പ്രായപരിധിയിലുള്ളവര്‍ക്ക് സാമ്പത്തിക ഉത്തരവാദിത്തങ്ങളും പ്രതിസന്ധികളുമൊക്കെ പതിവാണ്. ഭവന വായ്പ, കുട്ടികളെ നോക്കല്‍,മുതിര്‍ന്നവരുടെ ഉത്തരവാദിത്തം തുടങ്ങി പലവിധ പ്രശ്‌നങ്ങളുള്ള പ്രായമാണിത്. ഈ സമയത്ത് സ്വന്തം ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പോലും സമയമില്ലാത്തവിധം ഓട്ടപാച്ചിലായിരിക്കും .
40 വയസുകഴിഞ്ഞാല്‍ പലവിധ ആരോഗ്യപ്രശ്‌നങ്ങളും ഉടലെടുക്കും. അതുകൊണ്ട് തന്നെ നാല്‍പത് വയസ് എത്തിയാല്‍ കൂടുതല്‍ പരിരക്ഷ ഉറപ്പാക്കുന്ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഉണ്ടായിരിക്കേണ്ടതാണ്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രി ചെലവുകളും കുതിച്ചുയരും. അപ്പോള്‍ മതിയായ ആരോഗ്യ പരിരക്ഷയില്ലെങ്കില്‍ സാമ്പത്തിക ആസൂത്രണമൊക്കെ തകിടം മറിയും. അമ്പതുകളിലേക്ക് എത്തിതുടങ്ങും മുമ്പ് തന്നെ മതിയായ ഇന്‍ഷൂറന്‍സ് കവറേജുള്ള പോളിസികള്‍ എടുത്ത് വെക്കണം. ഓരോരുത്തരും അവരുടെ ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ടി വരുന്ന ചെലവ് കൂടുന്നതിന് അനുസരിച്ച് ഹെല്‍ത്ത് കവറേജും അപ്‌ഗ്രേഡ് ചെയ്യണം.
എങ്ങിനെ അപ്‌ഗ്രേഡ് ചെയ്യാം
ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് അപ്‌ഗ്രേഡ് ചെയ്യുന്നത് പരിഗണിക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.കുടുംബത്തിന്റെ മെഡിക്കല്‍ ഹിസ്റ്ററി, പാരമ്പര്യ സാഹചര്യങ്ങള്‍,ഭക്ഷണക്രമം,വ്യായാമം,സ്‌ട്രെസ്സ് മാനേജ്‌മെന്റ് തുടങ്ങിയ കാര്യങ്ങളൊക്കെ ശ്രദ്ധിക്കണം. പുകവലി ,മദ്യപാനം എന്നിവ ഉണ്ടെങ്കില്‍ ജീവിതശൈലി രോഗങ്ങള്‍ക്ക് കൂടി സാധ്യതയുണ്ടാകും. ഇവയൊക്കെ നോക്കി വരാന്‍സാധ്യതയുള്ള അസുഖങ്ങള്‍ ഏതെന്ന് മനസിലാക്കിയ ശേഷം വേണം വയസിന് അനുസൃതമായി കവറേജ് അപ്‌ഗ്രേഡ് ചെയ്യാന്‍.
നിലവില്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഉള്ളവര്‍ക്ക് പോളിസിയുടെ പരിധി വര്‍ധിപ്പിക്കാന്‍ എളുപ്പമാണ്. പോളിസി പുതുക്കുമ്പോള്‍ കവറേജ് അപ്‌ഗ്രേഡ് ചെയ്യാന്‍ നിര്‍ദേശിക്കാം. അല്ലെങ്കില്‍ ആഡ് ഓണ്‍ കവര്‍ വാങ്ങുകയും ചെയ്യാം. ഒരു ഫിക്‌സഡ് ബെനഫിറ്റ് കവറുള്ള പദ്ധതിയാണ് വാങ്ങുന്നതെങ്കില്‍ അതില്‍ ആശുപത്രി ചെലവുകളും ഗുരുതര രോഗങ്ങള്‍ക്കുള്ള പരിരക്ഷയും ഉറപ്പായും നല്‍കും. അതുകൊണ്ട് തന്നെ സമ്പാദ്യം കുറവുള്ളവര്‍ക്ക് ഇത്തരത്തിലുള്ള പോളിസികള്‍ വാങ്ങുന്നതാണ് ഉചിതം.
അതുപോലെ പ്രധാന പോളിസിക്ക് അപ്പുറമുള്ള ഒരു സൂപ്പര്‍ ടോപ്പ് അപ്പ് കവറും പരിഗണിക്കാം. ഉദാഹരണമായി പതിനഞ്ച് ലക്ഷം രൂപയുടെ ഒരു പോളിസിയുണ്ടെന്ന് വിചാരിക്കുക. എന്നാല്‍ ഈ കവറേജ് പോരെന്ന് തോന്നിയാല്‍ 25 മുതല്‍ 35 ലക്ഷം രൂപവരെ കവറേജിനായി പോളിസി പരിഷ്‌കരിക്കാം. ക്ലെയിം തുക 15 ലക്ഷത്തിന് മുകളിലാണെങ്കില്‍ മാത്രമേ ഈ കവറേജ് ലഭിക്കുകയുള്ളൂ. ഒരു ടോപ്പ് അപ്പ് കവര്‍ വാങ്ങുന്ന തുക സാധാരണ പോളിസി മൂല്യം വര്‍ധിപ്പിക്കുന്നതിന് അടക്കേണ്ട പ്രീമിയത്തേക്കാള്‍ കുറവാണ്.