image

28 Feb 2024 12:03 PM GMT

Income Tax

നികുതിയാസൂത്രണം നേരത്തെ ചെയ്യൂ; ഇളവിനായി ഓടേണ്ട

MyFin Desk

നികുതിയാസൂത്രണം നേരത്തെ ചെയ്യൂ; ഇളവിനായി ഓടേണ്ട
X

Summary

  • ഇന്‍ഷുറന്‍സുകള്‍ക്ക് ലോക്ക് ഇന്‍ പിരീഡില്ല എന്നോര്‍ക്കുക.
  • ഓരോ വ്യക്തികളും ഒപ്പിടുന്ന രേഖകള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കണം.
  • തിടുക്കത്തിലാണ് പലരും ആവശ്യമില്ലാത്ത പോളിസികള്‍ വാങ്ങുന്നത്.


മാര്‍ച്ച് 31 നികുതിദായകര്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ എന്നിവയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. നികുതിദായകര്‍ നികുതിയിളവിനായി ഏതെങ്കിലുമൊക്കെ നിക്ഷേപ ഓപ്ഷനുകള്‍ തെരയുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികളും മ്യൂച്വല്‍ ഫണ്ട് ഹൗസുകളും അവരുടെ വില്‍പ്പന ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള നെട്ടോട്ടത്തിലാകും.

തിരക്കിനിടയില്‍ ശ്രദ്ധ വേണം

മാര്‍ച്ച് 31 എന്ന സമയപരിധിക്കുള്ളില്‍ നികുതി ലാഭ ഉപകരണങ്ങള്‍ കണ്ടെത്തുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഒരു ഇന്‍ഷുറന്‍സ് പോളിസിയും ഒരു മ്യൂച്വല്‍ ഫണ്ടും എടുക്കാനാഗ്രഹിക്കുന്ന തുടക്കക്കാര്‍ ഒരു യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസി (യുലിപ്) യല്ല വാങ്ങുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പലപ്പോഴും ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നുള്ള പരസ്യങ്ങളും ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ വാക്കുകളിലും പെട്ട് ഏതാണ് നല്ലത് എതാണ് മോശം എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ വരും. പക്ഷേ, ഉത്പന്നം മ്യൂച്വല്‍ ഫണ്ടാണോ അതോ യുലിപ്പാണോ എന്ന് നിര്‍ണ്ണയിക്കുന്നത് വളരെ ലളിതമാണ്. നിക്ഷേപ സമയത്ത്, നിങ്ങള്‍ ചെക്ക് എഴുതുന്നതോ ഓട്ടോ-ഡെബിറ്റ് അംഗീകാരം നല്‍കുന്നതോ അല്ലെങ്കില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കുന്നതോ ആയ സ്ഥാപനത്തിന്റെ പേര് പരിശോധിക്കണം. അത് മ്യൂച്വല്‍ ഫണ്ട് കമ്പനിയാണെങ്കില്‍ അതില്‍ മ്യൂച്വല്‍ ഫണ്ട് ഹൗസ് അല്ലെങ്കില്‍ അസെറ്റ് മാനേജ്‌മെന്റ് കമ്പനി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇന്‍ഷുറന്‍സ് കമ്പനികളില്‍ പേരനൊപ്പം ഇന്‍ഷുറന്‍സ് എന്ന് രേഖപ്പെടുത്തും.

ലോക്ക് ഇന്‍ പിരീഡ്

ഇന്‍ഷുറന്‍സുകള്‍ക്ക് ലോക്ക് ഇന്‍ പിരീഡില്ല എന്നോര്‍ക്കുക. ഓരോ വര്‍ഷവും പ്രീമിയം നല്‍കി പുതുക്കുകയാണ് ചെയ്യുന്നത്. ഇനി

യുലിപ്‌സ് ആണെങ്കില്‍ അഞ്ച് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവുണ്ട്. അതേസമയം മ്യൂച്വല്‍ ഫണ്ടുകളുടെ കാര്യത്തില്‍ ലോക്ക് ഇന്‍ പിരീഡ് ഇങ്ങനെയല്ല. ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമുകള്‍ക്ക് (ഇഎല്‍എസ്എസ് മ്യൂച്വല്‍ ഫണ്ടുകള്‍) മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് ഉണ്ട്.

ഇന്‍ഷുറന്‍സ് സുരക്ഷയ്ക്കാണ്

പലപ്പോഴും മികച്ച വരുമാനം എന്ന വാക്കില്‍ വീണു പോകുന്നവരാണ് പലരും. പക്ഷേ, ഓര്‍ക്കുക ഇന്‍ഷുറന്‍സ് സുരക്ഷയ്ക്കാണ്. ആശ്രിതന് അസുഖമോ, മരണമോ സംഭവിച്ചാല്‍ അത് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കരുത് എന്നതാണ് ഇന്‍ഷുറന്‍സിന്റെ പ്രധാന ലക്ഷ്യം. ഗ്യാരണ്ടീഡ് പരമ്പരാഗത പോളിസികള്‍ക്ക് കീഴില്‍ നാല് മുതല്‍ ആറ് ശതമാനം വരെയാണ് റിട്ടേണ്‍. മറ്റ് ഡെറ്റ് ഇന്‍സ്ട്രുമെന്റുകളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ഉയര്‍ന്ന വരുമാനം നേടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ആശ്രിതരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിന് ഇന്‍ഷുറന്‍സിനെയും വിവിധ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി മ്യൂച്വല്‍ ഫണ്ടുകളെയും ആശ്രയിക്കാം.

നികുതിയാസൂത്രണം അവസാന നിമിഷമല്ല

ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം ഉള്‍പ്പെടെയുള്ള ചില ഉപകരണങ്ങളിലെ നിക്ഷേപത്തിന് 1.5 ലക്ഷം രൂപ വരെ നികുതി കിഴിവുകള്‍ ആദായ നികുതി വകുപ്പിന്റെ സെക്ഷന്‍ 80 സി പ്രകാരം ലഭിക്കും. പക്ഷേ, പലരും സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം നികുതി ലാഭിക്കണം എന്ന ലക്ഷ്യത്തോടെ മാത്രം തിടുക്കത്തിലാണ് പലരും ആവശ്യമില്ലാത്ത പോളിസികള്‍ വാങ്ങുന്നത്. എന്നാല്‍, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപം, ഭവനവായ്പയുടെ തിരിച്ചടവ്, കുട്ടികളുടെ സ്‌കൂള്‍ ട്യൂഷന്‍ ഫീസ് മുതലായവയ്ക്കും നികുതിയിളവുകള്‍ ലഭിക്കും. ഇത്തരം നികുതിയിളവുകള്‍ക്ക് അര്‍ഹമാണോയെന്ന് നോക്കുക. പലരും ഇത് നോക്കാതെയാകും പുതിയ നികുതി ലാഭ നിക്ഷേപ ഓപ്ഷനുകള്‍ കണ്ടെത്തുന്നത്. പലപ്പോഴും ഇത് വലിയ മണ്ടത്തരമാകാറുമുണ്ട്. ആവര്‍ത്തിക്കുന്ന ഈ മണ്ടത്തരങ്ങള്‍ക്ക് പരിഹാരം വേണമെങ്കില്‍ നികുതി ആസൂത്രണത്തെ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ചെയ്യേണ്ട ഒരു പ്രവൃത്തിയായി കാണാതിരിക്കുക. ഇത് ഓരോരുത്തരുടെയും സാമ്പത്തിക ആസൂത്രണ പ്രക്രിയയില്‍ ഉള്‍പ്പെടുത്തണം. ഏപ്രിലില്‍ തന്നെ നിലവിലുള്ള നിക്ഷേപങ്ങളും ചെലവുകളും കണക്കാക്കണം. അതില്‍ സെക്ഷന്‍ 80 സി പ്രകാരം കിഴിവിന് അര്‍ഹതയുള്ളവ ഏതൊക്കെയെന്ന് നോക്കണം.

രേഖകള്‍ പരിശോധിക്കുക

ഓരോ വ്യക്തികളും ഒപ്പിടുന്ന രേഖകള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കണം. എങ്കിലെ കെണികളില്‍ വീഴുന്നത് ഒഴിവാക്കാന്‍ കഴിയൂ. ഏറ്റവും പ്രധാനമായി, പോളിസി ഇഷ്യു ചെയ്തതിന് ശേഷം ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നുള്ള പരിശോധന കോളുകള്‍ ഒരിക്കലും അവഗണിക്കരുത്. നിങ്ങളുടെ ബാങ്ക് ഉദ്യോഗസ്ഥനോ അല്ലെങ്കില്‍ ഏജന്റോ നിങ്ങളോട് എന്ത് പറഞ്ഞിട്ടുണ്ടെങ്കിലും കമ്പനികളില്‍ നിന്ന് നേരിട്ടുള്ള ഇത്തരം കോളുകളിലൂടെ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കി. നിങ്ങള്‍ എടുത്തിരിക്കുന്ന പോളിസി കൃത്യമായതാണോയെന്ന് ഉറപ്പാക്കാം.