27 March 2024 7:16 AM GMT
Summary
- പദ്ധതികളുടെ പലിശ നിരക്ക് ഓരോ ത്രൈമാസത്തിലും കേന്ദ്ര സര്‍ക്കാരാണ് നിശ്ചയിക്കുന്നത്.
- സെക്ഷന്‍ 80 സി അനുസരിച്ചാണ് ഈ പദ്ധതികളിലെ നിക്ഷേപത്തിന് നികുതിയിളവ്
- ബാങ്കുകള്‍, പോസ്‌റ്റോഫീസ് എന്നിവിടങ്ങളില്‍ അക്കൗണ്ട് തുറക്കാം
നിക്ഷേപവും നികുതിയിളവും നല്‍കുന്ന സമ്പാദ്യ പദ്ധതികള്‍ അന്വേഷിക്കുന്ന തിരക്കിലാകും നികുതിദായകര്‍. ലഘു സമ്പാദ്യ പദ്ധതികള്‍ ഇത് രണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. ആദായ നികുതി വകുപ്പിലെ സെക്ഷന്‍ 80 സി അനുസരിച്ചാണ് ഈ പദ്ധതികളിലെ നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കുന്നത്. നികുതിയിളവിനുള്ള നിക്ഷേപ പരിധി 1.5 ലക്ഷം രൂപയാണ്. പിപിഎഫ്, സുകന്യം സമൃദ്ധി, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, ടേം ഡെപ്പോസിറ്റ് എന്നിവയാണ് നിക്ഷേപവും നികുതിയിളവും വാഗ്ദാനം ചെയ്യുന്ന പദ്ധതികള്‍. ഈ പദ്ധതികളുടെ പലിശ നിരക്ക് ഓരോ ത്രൈമാസത്തിലും കേന്ദ്ര സര്‍ക്കാരാണ് പുതുക്കി നിശ്ചയിക്കുന്നത്. ഈ പദ്ധതികള്‍ ബാങ്കുകള്‍, പോസ്‌റ്റോഫീസുകള്‍ എന്നിവ വഴി ആരംഭിക്കാം.
പിപിഎഫ്
ശമ്പള-വരുമാനം വിഭാഗങ്ങള്‍ക്കെല്ലാം ഇഷ്ടപ്പെട്ട നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്. നിലവിലെ പിപിഎഫിന്റെ പലിശ നിരക്ക് 7.1 ശതമാനമാണ്. പിപിഎഫിലെ കുറഞ്ഞ നിക്ഷേും 500 രൂപയാണ്. പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപയാണ്.
പിപിഎഫിലെ നിക്ഷേപ കാലായളവ് 15 വര്‍ഷമാണ്. അഞ്ച് വര്‍ഷത്തേക്ക് കൂടി ആവശ്യമെങ്കില്‍ നിക്ഷേപം നീട്ടാവുന്നതാണ്. കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പുള്ള പിന്‍വലിക്കല്‍ നിയന്ത്രണങ്ങളോടെ അനുവദനീയമാണ്.
സുകന്യ സമൃദ്ധി
ലഘു സമ്പാദ്യ പദ്ധതികളില്‍ നിലവില്‍ ഉയര്‍ന്ന പലിശ നല്‍കുന്ന പദ്ധതിയാണ് സുകന്യ സമൃദ്ധി നിക്ഷേപം. നിലവില്‍ 8.1 ശതമാനമാണ് പലിശ. പത്ത് വയസിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി മാതാപിതാക്കളാണ് നിക്ഷേപം ആരംഭിക്കുന്നതും നിക്ഷേപം നടത്തുന്നതും. കുട്ടിക്ക് 14 വയസാകുന്നതുവരെ നിക്ഷേപം നടത്താം. പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം 250 രൂപയും പരമാവധി നിക്ഷേും 1.5 ലക്ഷം രൂപയുമാണ്. പെണ്‍ കുട്ടിക്ക് 21 വയസാകുമ്പോഴാണ് നിക്ഷേപം പൂര്‍ണമായും പിന്‍വലിക്കാനാകുന്നത്. 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ ഭാഗിക പിന്‍വലിക്കല്‍ നടത്താം. ബാങ്കുകള്‍, പോസ്‌റ്റോഫീസ് എന്നിവിടങ്ങളില്‍ അക്കൗണ്ട് തുറക്കാം.
നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്
അഞ്ച് വര്‍ഷ കാലാവധിയുള്ള നിക്ഷേപ ഓപ്ഷനാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം 1000 രൂപയാണ് പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപയാണ്. നിലവില്‍ 7.7 ശതമാനമാണ് പലിശ നിരക്ക്. ഒറ്റയ്‌ക്കോ, സംയുക്തമായോ അക്കൗണ്ട് ആരംഭിക്കാം. പോസ്റ്റോഫീസ് വഴി എന്‍എസ്‌സി അക്കൗണ്ട് തുറക്കാം.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം
മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള നിക്ഷേപ പദ്ധതിയാണിത്. അഞ്ച് വര്‍ഷമാണ് എസ്‌സിഎസിലെയും നിക്ഷേപ കാലയളവ്. ഇപ്പോഴത്തെ പലിശ നിരക്ക് 8.2 ശതമാനമാണ്. പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം 1000 രൂപയും പരമാവധി നിക്ഷേപം 30 ലക്ഷം രൂപയുമാണ്. എന്നാല്‍, 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനെ നികുതിയിളവ് ലഭിക്കൂ.
അഞ്ച് വര്‍ഷ ടേം ഡെപ്പോസിറ്റ്
നാഷണല്‍ സേവിംഗ്‌സ് ടൈം ഡെപ്പോസിറ്റുകള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് വര്‍ഷത്തെ കാലാവധിയുണ്ട്. ആദായ നികുതി വകുപ്പ് സെക്ഷന്‍ 80 സി പ്രകാരം നികുതി കിഴിവിന് അര്‍ഹതയുള്ളത് അഞ്ച് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിനാണ്. ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. നിലവില്‍ 7.5 ശതമാനമാണ് പലിശ നിരക്ക്. കാലവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് നിക്ഷേപം പിന്‍വലിച്ചാല്‍ പലിശ നിരക്ക് 2 ശതമാനം കുറവായിരിക്കും.