image

4 March 2024 11:45 AM

Income Tax

നികുതിയിളവിനായി നിക്ഷേപിക്കുന്നുണ്ടോ? ഈ പോസ്‌റ്റോഫീസ് നിക്ഷേപങ്ങളെയൊന്ന് നോക്കൂ

MyFin Desk

നികുതിയിളവിനായി നിക്ഷേപിക്കുന്നുണ്ടോ? ഈ പോസ്‌റ്റോഫീസ് നിക്ഷേപങ്ങളെയൊന്ന് നോക്കൂ
X

Summary

  • പോസ്‌റ്റോഫീസ് നിക്ഷേപങ്ങളെ ആകര്‍ഷകമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്
  • എല്ലാ നിക്ഷേപത്തിനും നികുതിയിളവ് ലഭ്യമാണോ
  • വിവിധ കാലയളവുകളില്‍ വിവിധ നിക്ഷേപ ഓപ്ഷന്‍ ലഭ്യമാണ്‌


പോസ്‌റ്റോഫീസ് നിക്ഷേപങ്ങള്‍ എപ്പോഴും ജനപ്രിയമാണ്. ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാം, മികച്ച റിട്ടേണ്‍ ലഭിക്കും, എളുപ്പത്തില്‍ അക്കൗണ്ട് തുറക്കാം, സുരക്ഷിതമാണ് എന്നതൊക്കെയാണ് പോസ്‌റ്റോഫീസ് നിക്ഷേപങ്ങളെ ആകര്‍ഷകമാക്കുന്നത്. ആദായ നികുതി നിയമം അനുസരിച്ച് സെക്ഷന്‍ 80 സി പ്രകാരം ആദായ നികുതിയിളവ് ലഭിക്കുന്ന പോസ്‌റ്റോഫീസ് നിക്ഷേപങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

പബ്ലിക് പ്രോവിഡന്റ് ഫണ്ട്

പിപിഎഫില്‍ ഒരു വര്‍ഷം നിക്ഷേപിക്കാവുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്. കുറഞ്ഞ നിക്ഷേപം 500 രൂപയും. തവണകളായോ, ഒറ്റത്തവണയായോ നിക്ഷേപം നടത്താം. നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്. പിപിഎഫിലെ നിക്ഷേപം, നിക്ഷേപത്തിന് ലഭിക്കുന്ന പലിശ, മച്യൂരിറ്റി തുക എന്നിവയ്‌ക്കെല്ലാം നികുതിയിളവ് ലഭിക്കും.

സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികള്‍ക്കായുള്ള നിക്ഷേപ പദ്ധതിയാണിത്. പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി പദ്ധതി ആരംഭിക്കാം. പെണ്‍കുട്ടിക്ക് 18 വയസാകുമ്പോഴെ നിക്ഷേപം പിന്‍വലിക്കാനാകൂ. അക്കൗണ്ടിലെ കുറഞ്ഞ നിക്ഷേപം 250 രൂപയാണ്. പരമാവധി നിക്ഷേപം ഒരു വര്‍ഷം നടത്താനാവുന്നത് 1.5 ലക്ഷം രൂപയാണ്. ഈ പദ്ധതിയിലെ നിക്ഷേപം, പലിശ, മച്യൂരിറ്റി തുക എന്നിവ നികുതി രഹിതമാണ്. നിലവില്‍ നിക്ഷേപത്തിന് ലഭിക്കുന്നത് 7.6 ശതമാനം പലിശയാണ്.

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം

പേര് പോലെ തന്നെ മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. മാസം തോറും വരുമാനം പ്രതീക്ഷിക്കുന്ന 60 വയസിനു മുകളിലുള്ളവര്‍ക്ക് പദ്ധതിയില്‍ നിക്ഷേപിക്കാം. പദ്ധതിയില്‍ 1000 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം. പരമാവധി നിക്ഷേപ തുക 30 ലക്ഷം രൂപയാണ്.

പോസ്‌റ്റോഫീസ് ടൈം ഡെപ്പോസിറ്റ്

നാഷണല്‍ സേവിംഗ്‌സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് അറിയപ്പെടുന്നത് പോസ്‌റ്റോഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടെന്നാണ്. ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന് സമാനമാണ് പോസ്‌റ്റോഫീസ് ടൈം ഡെപ്പോസിറ്റുകള്‍. ഒന്ന്, മൂന്ന്, അഞ്ച് എന്നിങ്ങനെ വിവിധ കാലയളവുകളില്‍ നിക്ഷേപം നടത്താം. അക്കൗണ്ടിലെ കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. പലിശ നിരക്ക് 6.9 മുതല്‍ 7.5 ശതമാനം വരെയാണ്. അഞ്ച് വര്‍ഷത്തെ നിക്ഷേപത്തിന് മാത്രമാണ് നികുതിയിളവ്.

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്

പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. അഞ്ച് വര്‍ഷമാണ് നിക്ഷേപ കാലാവധി. നിക്ഷേപത്തിന് പരിധിയില്ല. നിക്ഷേപത്തിന് നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക് 7.7 ശതമാനമാണ്. പദ്ധതിയിലെ നിക്ഷേപത്തിന് ആദായ നികുതി വകുപ്പ് സെക്ഷന്‍ 80 സി അനുസരിച്ച് നികുതിയിളവ് ലഭ്യമാണ്.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.