6 April 2024 10:09 AM GMT
Summary
- പുതിയതും പഴയതുമായ ആദായ നികുതി നിയമങ്ങള്‍ അറിഞ്ഞിരിക്കണം
- തൊഴിലുമടയെ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലെ നികുതി വ്യവസ്ഥ അറിയിക്കാം
- ടിഡിഎസ് കിഴിക്കാനും വര്‍ഷാവസാനത്തിലെ അധിക നികുതി ബാധ്യത കുറയ്ക്കാനും ഇത് സഹായിക്കും
ഏപ്രില്‍ ശമ്പള വരുമാനക്കാരെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. നികുതിയാസൂത്രണമാണ് കാരണം. ഏത് ആദായ നികുതി ഘടനയാണ് തെരഞ്ഞെടുക്കുന്നതെന്ന് തൊഴിലുടമയെ അറിയിക്കേണ്ടത് ഏപ്രിലിലാണ്. നിലവില്‍ ആദായ നികുതി നിയമങ്ങളില്‍ മാറ്റമൊന്നും വരുത്താത്തതിനാല്‍ 2024-25 സാമ്പത്തിക വര്‍ഷത്തിലും പഴയ നികുതി ഘടന പിന്തുടരാം. പുതിയ നികുതി ഘടന പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതും ചെയ്യാം. പക്ഷേ, പിന്നീട് മാറാന്‍ സാധിക്കില്ല എന്നോര്‍ക്കുക. ആദായ നികുതി നിയമങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തന്നുണ്ടെങ്കില്‍ തന്നെ പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലേറുന്ന പുതിയ സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റിലെ ഉണ്ടാകൂ.
ശമ്പള വരുമാക്കാര്‍ ഏത് നികുതി ഘടന തെരഞ്ഞെടുക്കുന്നുവെന്ന് ഏപ്രിലില്‍ തൊഴിലുടമയെ അറിയക്കണമെന്ന് പറയുന്നത് ശമ്പളത്തില്‍ നിന്നുമുള്ള നികുതി കഴിക്കല്‍ ഏത് നികുതി ഘടനയ്ക്കു കീഴിലാണ് ചെയ്യേണ്ടതെന്നറിയാനാണ്.
ശമ്പള ജീവനക്കാരന്‍ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇക്കാര്യം അറിയിച്ചാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വരുന്ന അധിക നികുതിബാധ്യത ഒഴിവാക്കാം. മാത്രവുമല്ല ആദായ നികുതി റീഫണ്ട് ക്ലെയിം ചെയ്യാന്‍ അടുത്ത സാമ്പത്തിക വര്‍ഷം വരെ കാത്തിരിക്കേണ്ടിയും വരില്ല.
സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തെരഞ്ഞെടുക്കുന്ന നികുതി ഘടനയില്‍ നിന്നും മാറാന്‍ സാധിക്കില്ലെന്ന് ഓര്‍ക്കുക. അതുകൊണ്ട് പുതിയതും പഴയതുമായ ആദായ നികുതി നിയമങ്ങള്‍ അറിഞ്ഞിരിക്കണം.
പുതിയ നികുതിഘടനയാണെങ്കില്‍
ശമ്പളമുള്ള ഒരു വ്യക്തി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുകയാണെങ്കില്‍, പഴയ നികുതി വ്യവസ്ഥയില്‍ ലഭ്യമായ മിക്ക നികുതി ഇളവുകളും കിഴിവുകളും ക്ലെയിം ചെയ്യാന്‍ കഴിയില്ല.
- വ്യക്തിയുടെ പ്രായം കണക്കിലെടുക്കാതെ അടിസ്ഥാന ഇളവ് പരിധി 3 ലക്ഷം രൂപയാണ്
- ശമ്പള വരുമാനത്തില്‍ നിന്ന് 50,000 രൂപ സ്റ്റാന്‍ഡേര്‍ഡ് കിഴിവ് ലഭ്യമാണ്
- സാമ്പത്തിക വര്‍ഷത്തില്‍ നികുതി നല്‍കേണ്ട അറ്റ വരുമാനം 7 ലക്ഷം രൂപയില്‍ കവിയുന്നില്ലെങ്കില്‍ നികുതിയില്ല
- ടയര്‍-1 എന്‍പിഎസ് അക്കൗണ്ടിലേക്കുള്ള തൊഴിലുടമയുടെ സംഭാവന സെക്ഷന്‍ 80 സിസിഡി (2) പ്രകാരം നികുതി ഇളവിനര്‍ഹമാണ്
പഴയ നികുതിഘടന
ശമ്പളമുള്ള ഒരു വ്യക്തി 2024-25 ല്‍ പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുകയാണെങ്കില്‍ നിരവധി നികുതി ഇളവുകളും കിഴിവുകളും ക്ലെയിം ചെയ്യാന്‍ സാധിക്കും.
- അടിസ്ഥാന ഇളവ് പരിധി വ്യക്തിയുടെ പ്രായത്തെ ആശ്രയിച്ചിരിക്കും; 60 വയസ്സിന് താഴെയുള്ളവര്‍ക്ക് 2.5 ലക്ഷം രൂപ, 60 നും 79 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 3 ലക്ഷം രൂപ, 80 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്ക് 5 ലക്ഷം രൂപ എന്നിങ്ങനെയാണ് നികുതിയിളവ് പരിധി.
- ആദായ നികുതി വകുപ്പ് സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപയുടെ കിഴിവ്, ശമ്പള വരുമാനത്തില്‍ നിന്ന് 50,000 രൂപ സ്റ്റാന്‍ഡേര്‍ഡ് കിഴിവ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് സെക്ഷന്‍ 80 ഡി പ്രകാരം കിഴിവ്, വീട്ടുവാടക അലവന്‍സില്‍ (എച്ച്ആര്‍എ) നികുതി ഇളവ് തുടങ്ങിയ സാധാരണ കിഴിവുകളും അവകാശപ്പെടാം.
- ടയര്‍-1 എന്‍പിഎസ് അക്കൗണ്ടിലേക്കുള്ള തൊഴിലുടമയുടെ സംഭാവന സെക്ഷന്‍ 80 സിസിഡി (2) പ്രകാരം നികുതി ഇളവിനര്‍ഹമാണ്. ഇിതനു പുറമെ, സെക്ഷന്‍ 80 സിസിഡി (1 ബി) പ്രകാരം എന്‍പിഎസിലെ 1.5 ലക്ഷത്തിനു പുറമേയുള്ള 50,000 രൂപയുടെ നിക്ഷേപത്തിനും അധിക നികുതി ഇളവും അവകാശപ്പെടാം.
- സാമ്പത്തിക വര്‍ഷത്തില്‍ നികുതി നല്‍കേണ്ട അറ്റ വരുമാനം 5 ലക്ഷം രൂപയില്‍ കവിയുന്നില്ലെങ്കില്‍ നികുതിയില്ല
പഴയ നികുതി വ്യവസ്ഥയില്‍, ശമ്പളമുള്ള ഒരു വ്യക്തിക്ക് മൊത്തം 2.5 ലക്ഷം രൂപ കിഴിവ് അവകാശപ്പെടാം. പുതിയ നികുതി വ്യവസ്ഥയില്‍, ശമ്പളമുള്ള ഒരു വ്യക്തിക്ക് മൊത്തം 50,000 രൂപ കിഴിവ് മാത്രമേ അവകാശപ്പെടാന്‍ കഴിയൂ.