4 April 2024 2:43 PM GMT
വരവും ചെലവും ഒത്തുപോകുന്നില്ലേ? കുടുംബ ബജറ്റ് തയ്യാറാക്കാന്‍ ഈ മാർഗ്ഗങ്ങൾ പരീക്ഷിച്ചു നോക്കൂ
MyFin Desk
Summary
- സാമ്പത്തിക ലക്ഷ്യങ്ങള്‍ മറക്കാതിരിക്കാം
- സാമ്പത്തിക അച്ചടക്കം പാലിക്കാാം
- സമ്പാദ്യം ആരംഭിക്കാം
ബജറ്റ് തയ്യാറാക്കുന്നത് എപ്പോഴും വരവും ചെലവും ബാലന്‍സ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്. ഇത് ഹ്രസ്വ-ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളെ കൃത്യമായി പിന്തുടരാനും സ്വന്തമാക്കാനും സഹായിക്കും. എങ്ങനെ ആരോഗ്യകരമായ ബജറ്റ് തയ്യാറാക്കാം എന്നൊന്നു നോക്കാം.
വരുമാനം എത്രയാണെന്ന് കണ്ടെത്താം: മാസം വരുമാനം കണക്കാക്കി വേണം ബജറ്റ് തയ്യാറാക്കാന്‍. അത് ശമ്പളമോ, വരുമാനം, നിക്ഷേപങ്ങളില്‍ നിന്നുള്ള റിട്ടേണ്‍ എന്നിവയാകാം.
ചെലവിനെ ട്രാക്ക് ചെയ്യാം: അടുത്തതായി കണക്കാക്കേണ്ടത് ചെലവുകളാണ്. അത് ഭക്ഷണം, വസ്ത്രം, മൊബൈല്‍ റീച്ചാര്‍ജ്, കേബിള്‍ ബില്‍ എന്നിങ്ങനെ പോകും. ഇത് കണക്കാക്കിയാലെ പണം എങ്ങോട്ട് പോകുന്നുവെന്ന് കണ്ടെത്താനാകൂ.
ചെലവുകളെ തരംതിരിക്കാം: ചെലവുകളെ കണ്ടെത്തിക്കഴിഞ്ഞാല്‍ അവയെ അത്യാവശ്യം, ആവശ്യം, ആഗ്രഹം എന്നിങ്ങനെ തരംതിരിക്കണം.
സാമ്പത്തിക ലക്ഷ്യങ്ങള്‍: ഓരോ മാസത്തെയും സാമ്പത്തിക ലക്ഷ്യങ്ങള്‍ കൂടി കണ്ടെത്തണം. അത് കടം തിരിച്ചടവ്, വിനോദയാത്ര, അടിയന്തര നിധി സ്വരൂപിക്കല്‍, വീട്, വിദ്യാഭ്യാസം, വാഹനം എന്നിങ്ങനെ എന്തുമാകാം.
ബജറ്റ് പ്ലാന്‍ തയ്യാറാക്കാം: വരുമാനം, ചെലവുകള്‍, ധനകാര്യ ലക്ഷ്യങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി വേണം ബജറ്റ് പ്ലാന്‍ തയ്യാറാക്കാന്‍. വീട്, യാത്ര, ഭക്ഷണം, വിനോദം, ഇഎംഐ എന്നിവയ്ക്കായെല്ലാം ബജറ്റില്‍ ഇടം നല്‍കണം.
ചെലവ് കുറയ്ക്കാം: അടുത്തതായി ചെയ്യേണ്ടത് കുറയ്ക്കാവുന്ന ചെലവുകള്‍ വെട്ടിക്കുറയ്ക്കുക എന്നുള്ളതാണ്. അത് പുറത്തു നിന്നുള്ള ഭക്ഷണം കഴിക്കല്‍ കുറയ്ക്കുന്നതോ, കറന്റ്, വെള്ളം എന്നിവയുടെ ഉപയോഗം കുറച്ച് ബില്ലില്‍ കുറവു വരുത്തുന്നതോ ആകാം. പണമില്ലാത്ത സാഹചര്യങ്ങളില്‍ കടമെടുക്കുന്നതിനു പകരം സെക്കന്റ് ഹാന്‍ഡ് ഉത്പന്നങ്ങള്‍ വാങ്ങാം. ഡിസ്‌കൗണ്ട് വില്‍പ്പനകള്‍, പ്രമോ കോഡുകള്‍ എന്നിവ ഉപയോഗിക്കാം.
ക്രെഡറ്റ് കാര്‍ഡ് ഉപയോഗം കുറയ്ക്കാം: ക്രെഡിറ്റ് കാര്‍ഡിനു പകരം ഡെബിറ്റ് കാര്‍ഡ്, പണം എന്നിവ ഉപയോഗിക്കാം. എങ്കിലെ ബജറ്റിനുള്ളില്‍ ചെലവിനെ നിര്‍ത്താന്‍ കഴിയൂ എന്നോര്‍ക്കുക. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അമിത ചെലവ് നടത്താന്‍ എളുപ്പമാണ് പക്ഷേ, കടം വീട്ടല്‍ അത്ര എളുപ്പമാകില്ല എന്നോര്‍ക്കുക.
സേവിംഗ്‌സിനായി നീക്കിവെയ്ക്കാം: കയ്യില്‍ കിട്ടുന്ന മുഴുവന്‍ തുകയും ചെലവിനായി മാത്രം നീക്കിവെയ്ക്കാതെ കുറച്ചു തുക സേവിംഗ്‌സിനായും നീക്കിവെയ്ക്കണം.അത് ഒരു ചെറിയ തുകയാണെങ്കിലും ദീര്‍ഘകാലമാകുമ്പോള്‍ അത് വലിയൊരു സമ്പാദ്യമായി മാറും.
ബജറ്റിനെ അവലോകനം ചെയ്യാം: ഓരോ മാസവും ബജറ്റിനെ അവലോകനം ചെയ്യേണ്ടതുണ്ട്. ബജറ്റിനുള്ളില്‍ തന്നെയാണോ കാര്യങ്ങളെല്ലാം മുന്നോട്ട് പോകുന്നത് എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്നതൊക്കെ അറിയാനാണിത്. എവിടെയെങ്കിലും പരിധിയിലധികം ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അത് കുറയ്ക്കാന്‍ ശ്രമിക്കാം.
ബജറ്റില്‍ തന്നെ തുടരാം: ബജറ്റില്‍ ഉറച്ചുനില്‍ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അച്ചടക്കം പാലിക്കുക, അവശ്യമല്ലാത്ത കാര്യങ്ങള്‍ക്കായി അമിതമായി ചെലവഴിക്കുന്നത് ഒഴിവാക്കുക. ഒരു സന്തുലിത ബജറ്റ് നിര്‍മ്മിക്കുന്നതിന് സമയവും പരിശ്രമവും ആവശ്യമാണെന്ന് ഓര്‍മ്മിക്കുക.ദീര്‍ഘകാല സാമ്പത്തിക സ്ഥിരതയ്ക്ക് ഇത് ആവശ്യമാണെന്ന് തിരിച്ചറിയുക.