image

9 March 2024 7:27 AM GMT

Personal Finance

ക്രെഡിറ്റ് സ്‌കോര്‍ വളരെ മോശമാണോ? എങ്കില്‍ ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിക്കൂ

MyFin Desk

ക്രെഡിറ്റ് സ്‌കോര്‍ വളരെ മോശമാണോ? എങ്കില്‍ ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിക്കൂ
X

Summary

  • ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ലിമിറ്റഡ് (സിബില്‍), എക്‌സ്പീരിയന്‍, ഇക്വിഫാക്‌സ് തുടങ്ങിയ ക്രെഡിറ്റ് ബ്യൂറോകളാണ് ക്രെഡിറ്റ് സ്‌കോര്‍ നല്‍കുന്നത്
  • കാര്‍ഡ് കമ്പനികളാകട്ടെ ചെറിയൊരു തുക അടച്ച് കാര്‍ഡ് ആക്ടീവായി നര്‍ത്താനുള്ള അവസരവും നല്‍കുന്നുണ്ട്
  • മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യണം


മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടായിരിക്കുക എന്നത് സാമ്പത്തിക അച്ചടക്കത്തിനുള്ള തെളിവാണ്. പലരും ഒരു വായ്പ എടുക്കാനോ, ഒരു ക്രെഡിറ്റ് കാര്‍ഡ് എടുക്കാനോ തുനിയുമ്പോഴാകും ക്രെഡിറ്റ് സ്‌കോര്‍ ഒരു വില്ലനായി മുന്നില്‍ വരുന്നത്. കാരണം ക്രെഡിറ്റ് സ്‌കോറില്‍ ഒരാളുടെ വായ്പകള്‍, തിരിച്ചടവ് ശേഷി, തിരിച്ചടവ് ചരിത്രം, വായ്പാ അന്വേഷണങ്ങള്‍ എന്നിവയൊക്കെ അറിയാന്‍ കഴിയും.

അതുകൊണ്ട് വായ്പയ്ക്കായോ, ക്രെഡിറ്റ് കാര്‍ഡിനായോ ഒരു ധനകാര്യ സ്ഥാപനത്തെ സമീപിക്കുമ്പോള്‍ അവരിതെല്ലാം പരിശോധിക്കും. തുടരത്തുടരെ വായ്പാ അന്വേഷണങ്ങള്‍, ഒരേ തരത്തിലുള്ള നിരവധി വായ്പകള്‍, കൃത്യസമയത്ത് തിരിച്ചടവ് നടത്താത്തത്, എന്നിവയൊക്കെ ക്രെഡിറ്റ് സ്‌കോര്‍ കുറയാനും വായ്പ നിഷേധിക്കാനും കാരണമാകും.

ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ലിമിറ്റഡ് (സിബില്‍), എക്‌സ്പീരിയന്‍, ഇക്വിഫാക്‌സ് തുടങ്ങിയ ക്രെഡിറ്റ് ബ്യൂറോകളാണ് ക്രെഡിറ്റ് സ്‌കോര്‍ നല്‍കുന്നത്. മികച്ച ക്രെഡിറ്റ് സ്‌കോര്‍ എത്രയെന്ന് ചോദിച്ചാല്‍ പൊതുവേ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങി സേവനങ്ങള്‍ക്കായി 700-750 നു മുകളില്‍ ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവരെയാണ് പരിഗണിക്കുന്നത്. അതുകൊണ്ട് മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യണം എന്നൊന്നു നോക്കാം.

ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് ഒറ്റത്തവണ

ക്രെഡിറ്റ് കാര്‍ഡ് കയ്യിലില്ലാത്തവര്‍ ചുരുക്കമല്ലേ. ഒന്നോ രണ്ടോ ക്രെഡിറ്റ് കാര്‍ഡുണ്ടാകും അതൊക്കെ ഉപയോഗിച്ച് ചെലവ് നടത്തുന്നുമുണ്ടാകും. പക്ഷേ, തിരിച്ചടവ് നടത്തേണ്ട സമയം വരുമ്പോള്‍ ചെറിയൊരു തുക അടച്ച് താല്‍ക്കാലിക ആശ്വാസം നേടുന്നവരാണ് പലരും. കാര്‍ഡ് കമ്പനികളാകട്ടെ ചെറിയൊരു തുക അടച്ച് കാര്‍ഡ് ആക്ടീവായി നര്‍ത്താനുള്ള അവസരവും നല്‍കുന്നുണ്ട്. തിരിച്ചടവ് പൂര്‍ണമായും നടത്താതിരുന്നാല്‍ പലിശ കൂടും. തിരിച്ചടയ്ക്കാനുള്ള തുകയും കൂടും. അത് ക്രെഡിറ്റ് സ്‌കോറിനെയും മോശമായി ബാധിക്കും. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യ സമയത്ത് പൂര്‍ണമായി അടയ്ക്കുക.

ഓട്ടോ ഡെബിറ്റ് ഓപ്ഷനാണെങ്കില്‍ അക്കൗണ്ടില്‍ പണം വേണം

മിക്ക ഇഎംഐകളും അതാത് തീയതികളില്‍ അക്കൗണ്ടില്‍ നിന്നും ഓട്ടോ പേയ്‌മെന്റ് ഓപ്ഷനിലൂടെയാണ് അടയ്ക്കുന്നത്. പക്ഷേ, കൃത്യ തീയതിയില്‍ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ അത് പണിയാകും എന്നോര്‍ക്കുക. അക്കൗണ്ടില്‍ പണമില്ലാതെ പേയ്‌മെന്റ് മുടങ്ങിയാല്‍ അതിന് പിഴ ഈടാക്കും. ക്രെഡിറ്റ് സ്‌കോറും ഇടിയും.

ആവശ്യത്തിനുള്ള തുക മാത്രം വായ്പ എടുക്കുക

വായ്പകള്‍ കിട്ടാന്‍ ഇന്ന് എളുപ്പമാണ്. ക്രെഡിറ്റ് കാര്‍ഡ്, ബൈ നൗ പേ ലേറ്റര്‍ എന്നിങ്ങനെയൊക്കെ പേരുകളില്‍ വായ്പ കൈകളില്‍ എത്തും. പക്ഷേ, അതില്‍ ആവശ്യമുള്ളത് ഏതൊക്കെ, ആവശ്യമില്ലാത്തത് ഏതൊക്കെ എന്നു കണ്ടെത്തേണ്ടതുണ്ട്. അതറിഞ്ഞ് കടമെടുത്തില്ലെങ്കില്‍ കടം വീട്ടേണ്ടി വരുമ്പോഴാണ് ബുദ്ധി മുട്ടുക. ഇപ്പോ കൊടുക്കേണ്ടല്ലോ പിന്നെയല്ലേ അപ്പോഴേക്കും എന്തെങ്കിലും ചെയ്യാം എന്ന ചിന്തയിലാണ് പലരും കടമെടുക്കുന്നത്. പക്ഷേ, തിരിച്ചടവിന്റെ സമയമാകുമ്പോള്‍ ആകെ ബുദ്ധിമുട്ടും. അത് ക്രെഡിറ്റ് സ്‌കോര്‍ കുറയാന്‍ കാരണമാകും. മാത്രമല്ല ധാരാളം വായ്പകളും കൃത്യമല്ലാത്ത തിരിച്ചടവും ക്രെഡിറ്റ് സ്‌കോറിന്റെ ആരോഗ്യത്തിന് നല്ലതല്ലെന്ന് ഓര്‍ക്കുക.

അടിയന്തര നിധി സ്വരൂപിക്കാം

കടങ്ങളൊക്കെ എടുത്ത് വെയ്ക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യം ഒരു അടിയന്തര നിധി സ്വരൂപിക്കണം എന്നതാണ്. കാരണം വരുമാനമില്ലാത്ത ഒരു സാഹചര്യം വന്നാല്‍ കടം തിരിച്ചടവിന് ഒരു വഴി വേണ്ടേ. മാത്രവുമല്ല അത്യാവശ്യഘട്ടങ്ങളില്‍ ഈ പണം ഉപയോഗിക്കാം. കടത്തിനായി ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരില്ല. ഇതുവഴി അത്രയും തുകയുടെ കടവും കുറയ്ക്കാം.

ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ

കടത്തെ ഉത്തരവാദിത്തത്തോടെ വിനിയോഗിച്ചാല്‍ സംഭവിക്കുന്നത് അത്ഭുതമാകുമെന്നാണ് പറയാറ്. അതായത് സാമ്പത്തികമായ പുരോഗതിയിലേക്കും മെച്ചപ്പെട്ട ക്രെഡിറ്റ് സ്‌കോറിലേക്കും ഇത് നയിക്കും. നിങ്ങള്‍ക്ക് കടമെടുക്കാനുള്ള ശേഷിയുടെ 30 ശതമാനമേ വിനിയോഗിക്കാവൂ. അതാണ് മികച്ച ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ. കടമെടുക്കാനുള്ള ശേഷി പൂര്‍ണമായി വിനിയോഗിച്ചാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പെട്ടുപോകും. മാത്രവുമല്ല ക്രെഡിറ്റ് സ്‌കോറും മോശമാകും.