image

3 April 2024 3:13 PM GMT

Personal Finance

ഡീമാറ്റ് അക്കൗണ്ടുടമകൾ വരുത്തുന്ന 10 തെറ്റുകള്‍

MyFin Desk

mistakes of demat account holders should avoid
X

Summary

  • ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങള്‍ക്ക് ഡീമാറ്റ് അക്കൗണ്ട് നിര്‍ബന്ധമാണ്
  • കെവൈസി വിവരങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യണം
  • ബാങ്ക് അക്കൗണ്ടുകള്‍ പോലെ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണ് ഡീമാറ്റ് അക്കൗണ്ട്‌


ഓഹരി വിപണിയില്‍ നിക്ഷേപം നടത്തണമെങ്കില്‍ ഡീമാറ്റ് അക്കൗണ്ട് നിര്‍ബന്ധമാണ്. വെറുതെ ഒരു ഡീമാറ്റ് അക്കൗണ്ട് എടുത്തിട്ട് കാര്യമില്ല, അതിനെ കൃത്യമായി ട്രാക്ക് ചെയ്യുകയും ചില തെറ്റുകള്‍ വരുത്താതിരിക്കുകയും വേണം. അതിന് സമഗ്രമായ അന്വേഷണം, ക്ഷമ എന്നിവയെല്ലാം വേണം. വിവേകത്തോടെ നിക്ഷേപിക്കാം. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം. എങ്കിലെ നിക്ഷേപം കൊണ്ട് നേട്ടമുള്ളു. ഡീമാറ്റ് അക്കൗണ്ടുടമകള്‍ പൊതുവേ വരുന്നത്തുന്ന തെറ്റുകളും അവ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഒന്നു നോക്കിയാലോ?

ഹോള്‍ഡിംഗ്‌സ് ട്രാക്ക് ചെയ്യാതിരിക്കല്‍: പല നിക്ഷേപകരും ഓഹരി വാങ്ങുകയോ, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തുകയോ ചെയ്തതിനുശേഷം നിക്ഷേപകര്‍ കൃത്യമായി അവയെ ട്രാക്ക് ചെയ്യേണ്ടതുണ്ട്. ഇല്ലെങ്കില്‍ അത് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിലേക്കും നഷ്ടത്തിലേക്കും നയിച്ചേക്കും. ഓരോ നിക്ഷേപത്തിന്റെയും പെര്‍ഫോമന്‍സ് കൃത്യമായി നിരീക്ഷിക്കണം. അതിനനുസരിച്ച് തീരുമാനങ്ങളെടുക്കുകയും വേണം.

സുരക്ഷ മാനദണ്ഡങ്ങള്‍ മറക്കരുത്: ഡീമാറ്റ് അക്കൗണ്ടിന്റെ യൂസര്‍ നെയിം, പാസ് വേര്‍ഡ് തുടങ്ങിയ സുരക്ഷിതമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ എപ്പോഴും സുരക്ഷിതമായി വെയ്ക്കണം. കൃത്യമായ ഇടവേളകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ മാറ്റാന്‍ ഇടവേളകളില്‍ അറിയിപ്പ് ലഭിച്ചാല്‍ അത് അവഗണിക്കാതിരിക്കുക. അറിയിപ്പ് ലഭിച്ചില്ലെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇത് മാറ്റുക. മൂന്നാമതൊരാള്‍ ഇത് കൈക്കലാക്കുന്നതില്‍ നിന്നും തട്ടിപ്പില്‍ നിന്നും സംരക്ഷണം നല്‍കും. ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ പോലുള്ള അധിക സുരക്ഷ സവിശേഷതകള്‍ അക്കൗണ്ടില്‍ പ്രവര്‍ത്തനക്ഷമമാക്കാം.

അധിക ഇടപാടുകള്‍ നടത്തുന്നത്:ഓഹരികളുടെ വാങ്ങല്‍ വില്‍പ്പന അമിതമായി നടത്തുന്നത് ഉയര്‍ന്ന ഇടപാട് ചെലവിലേക്കും നികുതി ബാധ്യത വര്‍ധിപ്പിക്കുന്നതിലേക്കും നയിക്കും. മാത്രമല്ല, നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം കുറയാനും ഇത് കാരണമാകും. നന്നായി ചിന്തിച്ച് നിക്ഷേപം തെരഞ്ഞെടുക്കാം. ആ നിക്ഷേപത്തില്‍ ഉറച്ച് നില്‍ക്കാം.

ചാര്‍ജുകള്‍ അവഗണിക്കുന്നത്: വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ്, ഇടപാട് ചാര്‍ജ്, സര്‍വീസ് ചാര്‍ജ് എന്നിങ്ങനെ ഡീമാറ്റ് അക്കൗണ്ടുമായി ബന്ധപ്പെട്ട് നിരവധി ചാര്‍ജുകളുണ്ട് ഇത്തരം ചാര്‍ജുകളെക്കുറിച്ച് അക്കൗണ്ട് തുറക്കുമ്പോള്‍ തന്നെ അറിഞ്ഞിരിക്കണം. ഈ ചാര്‍ജുകളെക്കുറിച്ച് ഡീമാറ്റ് അക്കൗണ്ട് ദാതാവിനോട് ചോദിച്ച് അറിയാം. ഇല്ലെങ്കില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചെലവുകള്‍ തലവേദന സൃഷ്ടിച്ചേക്കാം.

കോര്‍പറേറ്റ് ആക്ഷനുകളെ അവഗണിക്കുന്നത്: ലാഭ വിഹിതം, ബോണസ്, ഓഹരി വിഭജനം, അവകാശ ഓഹരി ഇഷ്യു തുടങ്ങിയ കോര്‍പറേറ്റ് നടപടികളെ അവഗണിക്കരുത്. ഇത് നിക്ഷേപകന്റെ റിട്ടേണിനെ ബാധിക്കും. ലാഭ വിഹിതം കൃത്യമായി വാങ്ങാനും അതിനായി വീണ്ടും നിക്ഷേപിക്കാനും ശ്രമിക്കാം. അവകാശ ഓഹരി ഇഷ്യുവില്‍ പങ്കാളികളാകുന്നതിനും ഉചിതമായ നടപടികള്‍ ശ്രമിക്കാം.

വൈവിധ്യവത്കരണം നടത്താതിരിക്കുന്നത്‌ : ഏതാനും ഓഹരികള്‍, ഒരേ സ്വഭാവമുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയില്‍ മാത്രം നിക്ഷേപത്തെ കേന്ദ്രീകരിക്കാതെ നിക്ഷേപത്തെ വൈവിധ്യവത്കരിക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് ഉയര്‍ന്ന അപകട സാധ്യതയിലേക്ക് നയിക്കുമെന്ന് ഓര്‍ക്കുക. വിവിധ നിക്ഷേപങ്ങളുണ്ടെങ്കില്‍ ഒന്നിലെ നഷ്ടത്തെ മറ്റൊന്നിലെ നേട്ടം കൊണ്ട് മറികടക്കാം.

അംഗീകൃതമല്ലാത്ത നിക്ഷേപ ടിപ്‌സുകള്‍: പലരും പറയുന്ന നിക്ഷേപ തന്ത്രങ്ങള്, ടിപ്‌സുകള്‍ എന്നിവയ്ക്കനുസരിച്ചായിരിക്കരുത് നിക്ഷേപം. അത് പെട്ടന്നുള്ളതും കൃത്യമായ അന്വേഷണമില്ലാത്തതുമായ നിക്ഷേപത്തിലേക്ക് നയിച്ചേക്കാം. നിക്ഷേപത്തിനു മുമ്പ് സ്വയം അന്വേഷണം നടത്താം അതിനായി വിശ്വസനീയമായ വിവരങ്ങള്‍ ലഭിക്കുന്ന മാര്‍ഗങ്ങളെ ആശ്രയിക്കാം.

കോണ്‍ടാക്റ്റ് വിവരങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യതിരിക്കല്‍: ഡീമാറ്റ് അക്കൗണ്ടില്‍ കൃത്യമായി കോണ്‍ടാക്റ്റി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ പ്രധാനപ്പെട്ട വിവരങ്ങള്‍ കൃത്യസമയത്ത് അറിയാന്‍ സാധിക്കാതെ വരും. ഇമെയില്‍, ഫോണ്‍ നമ്പര്‍, മോല്‍വിലാസം എന്നിവ കൃത്യസമയത്ത് കൃത്യമായി അപ്‌ഡേറ്റ് ചെയ്യാം.

നികുതി ബാധ്യതകള്‍ അവഗണിക്കുന്നത്: നിക്ഷേപത്തിനുള്ള മൂലധനാദായ നികുതി, ലാഭവിഹിത നികുതി എന്നിവയെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ അത് വലിയ നികുതി ബാധ്യതകളിലേക്ക് നയിച്ചേക്കാം.

വിദഗ്‌ധോപദേശം തേടാത്തത്: ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങള്‍ വ്യത്യസ്തമായിരിക്കാം. നിക്ഷേപിക്കാനുള്ള തുകയും വ്യത്യസ്തമായിരിക്കും. സ്വന്തമായി തീരുമാനമെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് സാമ്പത്തിക വിദഗ്ധരുടെ ഉപദേശം നേടാം. ഇതുവഴി മികച്ച ഓപ്ഷന്‍ തെരഞ്ഞെടുക്കാം. തെറ്റുകള്‍ വരുത്താതിരിക്കാം.