6 April 2024 2:30 PM GMT
കൃത്യമായി ആസുത്രണം ചെയ്യണം ഈ മനോഹര കാലം;റിട്ടയര്‍മെന്റ് കാലത്തിനുള്ള ടിപ്‌സുകളിതാ
MyFin Desk
Summary
- കൃത്യമായ ആസൂത്രണമാണ് പ്രധാനം
- മാനസികവും ശാരീരികവുമായ ആരോഗ്യം അത്യാവശ്യം
- ഒരു ബക്കറ്റ് ലിസ്റ്റ് തയ്യാറാക്കാം
റിട്ടയര്‍മെന്റ് കാലം ഏറ്റവും മനസമാധാനത്തോടെ ആസ്വദിക്കണമെന്നാഗ്രഹിക്കുന്നവരല്ലേ എല്ലാവരും. പക്ഷേ, അതിനായി നേരത്തെ ഒരുങ്ങേണ്ടതുണ്ട്. ഏറ്റവും മനസമാധാനത്തോടെ ആസ്വദിക്കേണ്ട കാലം മുന്‍കൂട്ടി കണ്ട് പ്ലാന്‍ ചെയ്യണം. അതിന് കൃത്യമായ ബജറ്റ്, യാത്ര പ്ലാനുകള്‍, പണം എന്നിവയെല്ലാം പ്രധാനമാണ്. മനസമാധാനത്തോടെ ഏറ്റവും മനോഹരമായി റിട്ടയര്‍മെന്റ് കാലം ആസ്വദിക്കാനുള്ള ടിപ്‌സുകളിതാ.
റിട്ടയര്‍മെന്റ് ഗോള്‍
വിരമിക്കലിന്റെ കാര്യം വരുമ്പോള്‍ ആസൂത്രണം പ്രധാനമാണ്, എപ്പോള്‍ റിട്ടയര്‍ ചെയ്യണമെന്നത് മുന്‍കൂട്ടി തീരുമാനിക്കേണ്ടതുണ്ട്. കാരണം, നിങ്ങള്‍ വിരമിക്കുന്ന പ്രായം സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ക്ക് അനുയോജ്യമാണ്, നിങ്ങളുടെ ഇതുവരെയുള്ള റിട്ടയര്‍മെന്റ് സമ്പാദ്യം റിട്ടയര്‍മെന്റ് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ മതിയായതാണോയെന്നും പരിശോധിക്കേണ്ടതുണ്ട്. അതുകൊണ്ട് റിട്ടയര്‍മെന്റ് ഒരു സാമ്പത്തിക ലക്ഷ്യമായിരിക്കണം.
ബജറ്റ്
കൃത്യമായ ഒരു ബജറ്റ് സൃഷ്ടിക്കുന്നതുവരെ ചെലവഴിക്കല്‍ ശീലങ്ങളെക്കുറിച്ച് ആളുകള്‍ക്ക് പലപ്പോഴും അറിയില്ല. റിട്ടയര്‍മെന്റിനായി മതിയായ സമ്പാദ്യം ആവശ്യമാണ്. പ്രതിമാസ ബജറ്റില്‍ റിട്ടയര്‍മെന്റ് ലക്ഷ്യത്തിനായി ഒരു തുക നീക്കിവെയ്‌ക്കേണ്ടതുണ്ട്. അത് റിട്ടയര്‍മെന്റ് കാലത്ത് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം തികയുമോയെന്ന് ഉറപ്പാക്കി വേണം ബജറ്റ് തയ്യാറാക്കാന്‍.
പ്ലാനുകള്‍ ദീര്‍ഘകാലത്തേക്കായിരിക്കണം
പലരും 60 കളില്‍ വിരമിക്കുകയും 90 കള്‍ വരെ ജീവിക്കുകയും ചെയ്യാറുണ്ട്. അതായത് 30 വര്‍ഷം റിട്ടയര്‍മെന്റ് കാലമായി അനുഭവിച്ച് തീര്‍ക്കേണ്ടതാണ്. അതിന് പണമാണ് പ്രധാനം. അതുകൊണ്ട് പ്ലാനുകള്‍ ദീര്‍ഘകാലത്തേക്കുള്ളതായിരിക്കണം. മാത്രവുമല്ല എന്തൊക്കെ ചെയ്താണ് മുന്നോട്ട് പോകാനാഗ്രഹിക്കുന്നതെന്നു കൂടി ഇടയ്ക്കിടയ്ക്ക് ഓര്‍ക്കുക. അവ ജീവിതത്തെ ഒരിക്കലും വിരസമാക്കില്ലെന്ന് ഉറപ്പാക്കുക. എപ്പോഴെങ്കിലും വിരസത തോന്നിയാല്‍ പകരം മറ്റൊരു ഓപ്ഷന്‍ കൂടി കണ്ടുവെയ്ക്കുക.
സമ്പാദ്യം
നിങ്ങളുടെ റിട്ടയര്‍മെന്റ് നിധിയെ അനുദിനം വളര്‍ത്തുക അതിനായി സമ്പാദിക്കുക, നിക്ഷേപിക്കുക. ശമ്പളത്തില്‍ നിന്ന് അല്ലെങ്കില്‍ വരുമാനത്തില്‍ നിന്നും ഓട്ടോമാറ്റിക്കായി സമ്പാദ്യത്തിലേക്ക് നിശ്ചിത തുക മാറന്ന വിധത്തില്‍ സജ്ജീകരിക്കുക. പെന്‍ഷന്‍ പദ്ധതികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, സ്ഥിര നിക്ഷേപങ്ങള്‍, ഓഹരി നിക്ഷേപങ്ങള്‍ എന്നിങ്ങനെ എന്തും ഇതിനുള്ള ഓപ്ഷനായി തെരഞ്ഞെടുക്കാം.
ആദ്യം സ്വയം ചെലവ് ചെയ്യാം
പലര്‍ക്കും ജോലിയില്‍ നിന്നു വിരമിക്കുന്നതോടെ വരുാമനവും വിരമിക്കുന്ന അവസ്ഥയുണ്ടാകും. ജോലിയുള്ള കാലത്ത് ദൈനംദിന കാര്യങ്ങള്‍ക്കായി ചെലവാക്കുന്നതിനൊപ്പം വരുാമനമില്ലാത്ത കാലത്തെക്കുറിച്ചോര്‍ത്ത് നിക്ഷേപിക്കാം. അത് സ്വയമുള്ള കരുതലാണെന്ന് ഓര്‍ക്കണം.
സമ്പാദ്യത്തിനായി അധിക പണം കണ്ടെത്തുക
വരവും ചെലവും കൂട്ടിമുട്ടാന്‍ പ്രയാസമാണെങ്കില്‍ കയ്യിലെത്തുന്ന അധിക പണത്തെക്കൂടി സമ്പാദ്യത്തിലേക്ക് നീക്കിവെയ്‌ക്കേണ്ടതുണ്ട്. അത് ബോണസായി കിട്ടുന്ന തുകയോ, വര്‍ഷാ വര്‍ഷമുള്ള ശമ്പള വര്‍ധനയോ, ഏതെങ്കിലും നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന റിട്ടോണോ ഒക്കെയാവാം.
ആസ്തികളുടെയും ബാധ്യതകളുടെയും കണക്കെടുക്കാം
പണം, റിയല്‍ എസ്റ്റേറ്റ്, വാഹനങ്ങള്‍, ഓഹരികള്‍, നിക്ഷേപങ്ങള്‍, കടങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ ആസ്തികളുടെയും ബാധ്യതകളുടെയും ഒരു ലിസ്റ്റ് ഉണ്ടാക്കുക. വ്യക്തിഗത ആസ്തി അറിയേണ്ടത് പ്രധാനമാണ്. റിട്ടയര്‍മെന്റ് കാലത്ത് വരുമാന സ്രോതസായി എന്തൊക്കെയുണ്ടാകും എന്ന് മനസിലാക്കാന്‍ ഇത് സഹായിക്കും.
കടങ്ങള്‍ തീര്‍ക്കുക
റിട്ടയര്‍മെന്റ് കാലം വരുമാനമില്ലാക്കാലമാണെന്ന് പറഞ്ഞല്ലോ. അതുകൊണ്ട് വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പ എന്നിങ്ങനെ എന്തെങ്കിലുമൊക്കെ ബാധ്യതകളോ കടങ്ങളോ ഉണ്ടെങ്കില്‍ അത് വരുമാനമുള്ള കാലത്തു തന്നെ തീര്‍ക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഏറെ മനസമാധാനം ആഗ്രഹിക്കുന്ന കാലത്ത് അത് നല്‍കുന്ന സമ്മര്‍ദ്ദം ചെറുതായിരിക്കില്ല.
റിട്ടയര്‍മെന്റ് നിക്ഷേപത്തെ തൊടരുത്
റിട്ടയര്‍മെന്റ് നിക്ഷേപം റിട്ടയര്‍മെന്റ് കാലത്തേക്കുള്ളതാണ്. അതിനാല്‍, അതില്‍ നിന്നും ഇടയ്ക്കിടയ്ക്ക് പിന്‍വലിക്കലുകള്‍ നടത്താതിരിക്കുക. ഇത് റിട്ടേണ് കുറയാനും സമ്പാദ്യം കുറയാനും കാരണമാകും. മുന്നോട്ട് പോകുന്തോറും ഈ നഷ്ടം നികത്തല്‍ ബുദ്ധിമുട്ടിലാകും. അതുകൊണ്ട് റിട്ടയര്‍മെന്റ് നിധിയെ നിധിയായി തന്നെ സൂക്ഷിക്കാം.
ആരോഗ്യ ഇന്‍ഷുറന്‍സ്
മാനസികമായും ശാരീരികമായും ആരോഗ്യത്തോടെ ഇരിക്കാന്‍ ശ്രദ്ധിക്കണം. അതോടൊപ്പം മികച്ച ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമായും എടുത്തിരിക്കണം. അപ്രതീക്ഷിതമായുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഇത് താങ്ങാകും.
അടിയന്തര നിധി
അപ്രതീക്ഷിതമായുണ്ടാകുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കായി ഒരു നിധി സ്വരൂപീക്കുക.
പങ്കാളി,കുടുംബം ഓര്‍മ്മയില്‍ വെയ്ക്കാം
ഓരോരുത്തരും അവരാഗ്രഹിക്കുന്ന റിട്ടയര്‍മെന്റ് ജീവിതം കുടുംബത്തോടും പങ്കാളികളോടും പങ്കുവെയ്‌ക്കേണ്ടതുണ്ട്. അവരുടെ ആവശ്യങ്ങളും അവരെയും പരിഗണിച്ചാകണം റിട്ടയര്‍മെന്റ് ജീവിതം ആസൂത്രണം ചെയ്യേണ്ടത്.