image

18 Oct 2023 12:00 PM GMT

Personal Finance

കൈ നിറയെ കാര്‍ഡുകള്‍, വായ്പാ അന്വേഷണങ്ങള്‍ ക്രെഡിറ്റ് സ്‌കോര്‍ കുറയ്ക്കും

MyFin Desk

കൈ നിറയെ കാര്‍ഡുകള്‍, വായ്പാ അന്വേഷണങ്ങള്‍ ക്രെഡിറ്റ് സ്‌കോര്‍ കുറയ്ക്കും
X

Summary

  • ക്രെഡിറ്റ് കാര്‍ഡോ, വായ്പയോ ഉണ്ടായിരിക്കുക എന്നത് ക്രെഡിറ്റ് സ്‌കോര്‍ മികച്ച രീതിയില്‍ നിലനിര്‍ത്താന്‍ സഹായിക്കും.


വായ്പയ്ക്കായി ബാങ്കിനെയോ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തെയോ സമീപിച്ചാല്‍ അവര്‍ ആദ്യം പരിശോധിക്കുന്നത് ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോറാണ്. ക്രെഡിറ്റ് സ്‌കോര്‍ പരിശോധിച്ചതിനുശേഷമാണ് വായ്പ നല്‍കുമോ ഇല്ലയോ, നല്‍കുമെങ്കില്‍ എത്ര തുക, പലിശ തുടങ്ങിയ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. അതുകൊണ്ട് ഇക്കാര്യങ്ങള്‍ സൂക്ഷിച്ചാല്‍ ക്രെഡിറ്റ് സ്‌കോര്‍ കുറയാതെ നിലനിര്‍ത്താം.

ഇഎംഐ മുടക്കാതിരിക്കുക

എപ്പോഴെങ്കിലും ഇഎംഐയായി തിരിച്ചടവ് നടത്തുന്ന ഏതെങ്കിലും വായ്പാ തരിച്ചടവില്‍ മുടക്കം വരുത്തിയാല്‍ അത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. അതുകൊണ്ട് ഇഎംഐ മുടക്കാതിരിക്കുക.

വായ്പകള്‍ ഇല്ലാതിരിക്കുക

ഇതുവരെയും വായ്പകളൊന്നും എടുത്തിട്ടില്ലെങ്കില്‍ അതും ക്രെഡിറ്റ് സ്‌കോറിനെ മോശമായി ബാധിക്കും. ക്രെഡിറ്റ് കാര്‍ഡോ, വായ്പയോ ഉണ്ടായിരിക്കുക എന്നത് ക്രെഡിറ്റ് സ്‌കോര്‍ മികച്ച രീതിയില്‍ നിലനിര്‍ത്താന്‍ സഹായിക്കും. വായപയെടുക്കുന്നതോടൊപ്പം തിരിച്ചടവും നടത്തണം എന്നുമാത്രം.

ഉപയോഗിക്കാത്ത ക്രെഡിറ്റ് കാര്‍ഡ്

കയ്യില്‍ ക്രെഡിറ്റ് കാര്‍ഡൊക്കെയുണ്ട്. പക്ഷേ, ഉപയോഗിക്കാറില്ല. അതും ക്രെഡിറ്റ് സ്‌കോറിനെ മോശമായി ബാധിക്കുമെന്ന് ഓര്‍ക്കുക. നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കിലും അത് ഉപയോഗിക്കുന്നില്ലെങ്കില്‍, വായ്പ നല്‍കുന്നവര്‍ക്ക് ഉപഭോക്താവിന്റെ തിരിച്ചടവ് രീതി അറിയാന്‍ കഴിയില്ല.

നിങ്ങളുടെ തിരിച്ചടവുകള്‍ കൃത്യമായി ചെയ്യുന്നുണ്ടോ അല്ലെങ്കില്‍ കാര്‍ഡ് ബില്‍ പേയ്‌മെന്റുകള്‍ വൈകിപ്പിക്കുന്നുണ്ടോ എന്നതെല്ലാം ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. വായ്പകള്‍ ഇല്ലാത്തത് വായ്പ ലഭിക്കുന്നതിന് ഒരു തടസ്സമാകുന്നത് പോലെ, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതിരിക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും.

ഒന്നിലധികം വായ്പാ അന്വേഷണങ്ങള്‍

വളരെയധികം ലോണ്‍ അന്വേഷണങ്ങള്‍ നടത്തുന്നത് ക്രെഡിറ്റ് സ്‌കോറിനെ മോശമായി ബാധിക്കും. ഉയര്‍ന്ന ക്രെഡിറ്റ് റിസ്‌കിന്റെ അടയാളമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഒന്നിലധികം ക്രെഡിറ്റ് അന്വേഷണങ്ങള്‍ ഇത് വായ്പാ അംഗീകാരം ലഭിക്കാനുള്ള സാധ്യതകളെ ബാധിക്കും എന്നോര്‍ക്കുക.

കൈനിറയെ കാര്‍ഡുകള്‍

വളരെയധികം സുരക്ഷിതമല്ലാത്ത വായ്പകളും ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകളും ഉള്ളയാളാണെങ്കില്‍ നിസാര ചെലവുകള്‍ക്കുപോലും വായ്പയെടുക്കുന്നയാളാണ് എന്ന സാധ്യത ഉയര്‍ത്തുന്നു. ഓരോ കാര്‍ഡിനും എല്ലാ മാസവും പേയ്‌മെന്റുകള്‍ നല്‍കേണ്ടി വരുമ്പോള്‍ ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നത് ഒരു പ്രശ്‌നമാണ്.

വൈകിയാല്‍ അത് ക്രെഡിറ്റ് ബ്യൂറോകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാം.ഇത് ക്രെഡിറ്റ് സ്‌കോര്‍ കുറയാനും കാരണമാകും. ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡ് ആവശ്യമാണെങ്കില്‍ കൂടിയും അത് ഒരുമിച്ച് സ്വന്തമാക്കാതെ വിവിധ കാലയളവില്‍ സ്വന്തമാക്കാന്‍ ശ്രദ്ധിക്കണം.

ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് ഇഎംഐ ആക്കുന്നു

ക്രെഡിറ്റ് കാര്‍ഡിലെ തിരിച്ചടവുകള്‍ തവണകളായി പരിവര്‍ത്തനം ചെയ്യുന്നത് ഒരാളുടെ തിരിച്ചടവ് ശേഷിക്കപ്പുറം ചെലവഴിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇത് ക്രെഡിറ്റ് സ്‌കോറിനെ മോശമായി ബാധിച്ചേക്കാം.

ഒറ്റതവണ തീര്‍പ്പാക്കല്‍

ഒരു വായ്പക്കാരന്‍ വായ്പാ തുക മാത്രമല്ല, പലിശയും മറ്റ് ചാര്‍ജുകളും വായ്പ നല്‍കിയ സ്ഥാപനത്തിന് നല്‍കേണ്ടതുണ്ട്. കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കുക എന്നത് വായ്പക്കാരന്റെ പ്രാഥമിക ബാധ്യതയാണ്, ഉപഭോക്താവില്‍ നിന്നും മുഴുവന്‍ തുകയും വീണ്ടെടുക്കാന്‍ കടം നല്‍കുന്നയാള്‍ക്ക് അവകാശമുണ്ട്.

എന്നാല്‍, ചില സാഹചര്യങ്ങളില്‍, ഒറ്റത്തവണ വായ്പ സെറ്റില്‍മെന്റിനായി വായ്പ നല്‍കിയ സ്ഥാപനത്തോട് അഭ്യര്‍ത്ഥിക്കാന്‍ കഴിയും, ഇത് നല്‍കാനുള്ളതിനേക്കാള്‍ കുറഞ്ഞ തുകയ്ക്ക് വായ്പാ തിരിച്ചടയ്ക്കാന്‍ അനുവദിക്കും. എന്നാല്‍ പിന്നീട വായ്പ് നേടാനുള്ള വായ്പക്കാരന്റെ കഴിവിനെ ഇത് ഗുരുതരമായി ബാധിക്കാം. ക്രെഡിറ്റ് സ്‌കോര്‍ മോശമാകാന്‍ ഇത് കാരണമായേക്കും.