image

29 Sep 2023 12:07 PM GMT

Financial planning

സെപ്റ്റംബര്‍ 30 ഇങ്ങെത്തി, ഈ സമ്പാദ്യ പദ്ധതികളിലുള്ളവര്‍ ആധാര്‍, പാന്‍ വിവരങ്ങള്‍ നല്‍കിയോ?

MyFin Desk

Sep 30 did those in these savings schemes give aadhaar and pan details
X

Summary

  • ആധാര്‍, പാന്‍ വിവരങ്ങള്‍ നല്‍കാനുള്ളവര്‍ നല്‍കിയില്ലെങ്കില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കും.
  • അതത് ബാങ്ക് അല്ലെങ്കില്‍ പോസ്റ്റോഫീസ് സന്ദര്‍ശിച്ച് ആധാര്‍ കാര്‍ഡും പാസ് ബുക്കും നല്‍കി ലിങ്ക് ചെയ്യാം.


കേന്ദ്ര ധകാര്യ മന്ത്രാലയം ഈ വര്‍ഷം മാര്‍ച്ചില്‍ ലഘു സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപം ഉള്ളവര്‍ സെപ്റ്റംബര്‍ 30 നകം പാന്‍, ആധാര്‍ വിവരങ്ങള്‍ നല്‍കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു. നാളെ ധനകാര്യ മന്ത്രാലയം അനുവദിച്ചിരിക്കുന്ന സമയപരിധി കഴിയും. ഇതുവരെ കാലാവധി നീട്ടുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല.

ഡീമാറ്റ് അക്കൗണ്ടുകളില്‍ നോമിനിയെ നിര്‍ദ്ദേശിക്കാനുള്ള കാലാവധിയും സെപ്റ്റംബര്‍ 30 ആയിരുന്നു. അത് 2023 ഡിസംബര്‍ 31 വരെ സെബി കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയവും നാളെയാണ് അവസാനിക്കുന്നത്. ഇത് സംബന്ധിച്ചും പുതിയ നിര്‍ദ്ദേശങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

പോസ്‌റ്റോഫീസ് ഫിക്‌സ്ഡ് ഡെപ്പോസിറ്റ്, പോസ്‌റ്റോഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ്, പോസ്‌റ്റോഫീസ് മംത്‌ലി ഇന്‍കം സ്‌കീം, സുകന്യ സമൃദ്ധി യോജന, പോസ്‌റ്റോഫീസ് ടൈം ഡെപ്പോസിറ്റ്, മഹീള സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്‌കീം, കിസാന്‍ വികാസ് പത്ര എന്നീ ലഘു സമ്പാദ്യ പദ്ധതികളില്‍ അംഗങ്ങളായപ്പോള്‍ കെവൈസി വിവരങ്ങള്‍ നല്‍കാത്തവരാണ് സെപ്റ്റംബര്‍ 30 നകം നല്‍കേണ്ടത്.

ലിങ്ക് ചെയ്തില്ലെങ്കില്‍

ഇനിയും ആധാര്‍, പാന്‍ വിവരങ്ങള്‍ നല്‍കാനുള്ളവര്‍ നല്‍കിയില്ലെങ്കില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കും. വിവരങ്ങള്‍ നല്‍കിയതിനുശേഷം മാത്രമേ അക്കൗണ്ടുകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാകു. അക്കൗണ്ട് മരവിപ്പിച്ചാല്‍ നിക്ഷേപത്തിനുള്ള പലിശ നിരക്ക് വരില്ല, പിപിഎഫ്, എന്‍എസ് സി തുടങ്ങിയ പദ്ധതികളിലേക്കുള്ള നിക്ഷേപം തുടരാന്‍ സാധിക്കില്ല, അക്കൗണ്ടിലെ മച്യൂരിറ്റി തുക എടുക്കാന്‍ കഴിയില്ല, വായ്പ സേവനങ്ങളും ലഭിക്കില്ല എന്നീ പ്രശ്‌നങ്ങള്‍ കൂടിയുണ്ട്.

എങ്ങനെ ലിങ്ക് ചെയ്യാം

നിക്ഷേപകര്‍ക്ക് ആധാര്‍ ലിങ്ക് ചെയ്യാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അതത് ബാങ്ക് അല്ലെങ്കില്‍ പോസ്റ്റോഫീസ് സന്ദര്‍ശിച്ച് ആധാര്‍ കാര്‍ഡും പാസ് ബുക്കും നല്‍കി ലിങ്ക് ചെയ്യാം. നിരവധി ബാങ്കുകള്‍ ആധാര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ അവസരവും നല്‍കുന്നുണ്ട്. അക്കൗണ്ട് ഉടമകള്‍ക്ക് അതത് ബാങ്കിന്റെ ഓണ്‍ലൈന്‍ ബാങ്കിംഗ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ആധാര്‍ ലിങ്കിംഗിനുള്ള ഓപ്ഷനിലൂടെയും ലിങ്ക് ചെയ്യാം.

പാന്‍ കാര്‍ഡ്

ലഘു സമ്പാദ്യ പദ്ധതികള്‍ ആരംഭിക്കുന്ന സമയത്ത് പാന്‍ കാര്‍ഡ് നല്‍കിയിട്ടില്ലെങ്കില്‍ നിക്ഷേപ അക്കൗണ്ടിലെ തുക 50,000 കവിഞ്ഞാല്‍, ഒരു സാമ്പത്തിക വര്‍ഷത്തിലെ അക്കൗണ്ടിലേക്കുള്ള നിക്ഷേപം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍, ഒരു മാസം അക്കൗണ്ടില്‍ നിന്നുള്ള ഇടപാടുകളോ, പിന്‍വലിക്കലോ 10,000 രൂപയ്ക്ക് മുകളിലോ ആണെങ്കില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമായും പദ്ധതിയുമായി ബന്ധിപ്പിക്കണം.