image

20 April 2024 2:17 PM GMT

Financial planning

സാമ്പത്തിക ആസൂത്രണം താളം തെറ്റുന്നുണ്ടോ? കയ്യില്‍ പണമില്ലാത്തതു മാത്രമല്ല കാരണം

MyFin Desk

financial planning gone awry
X

Summary

  • സാമ്പത്തിക ആസൂത്രണം പാതി വഴിയില്‍ ഉപേക്ഷിക്കരുത്. അതിനു നിശ്ചയദാര്‍ഢ്യമാണ് അത്യാവശ്യം
  • പണത്തെ മാത്രം ആശ്രയിച്ചല്ല സാമ്പത്തിക ആസൂത്രണം എന്നത് ഓര്‍ക്കുക
  • ശരിയായ തീരുമാനങ്ങളല്ലെന്നു തോന്നിയാല്‍ ഒന്നു പരിശോധിക്കാം. തെറ്റുകളുണ്ടെങ്കില്‍ തിരുത്താം


സാമ്പത്തിക ആസൂത്രണം ഒരു പേടി സ്വപ്‌നമാണ് പലര്‍ക്കും. പലപ്പോഴും കൃത്യമായി ആസൂത്രണം ചെയ്യുകയും കുറച്ചു നാള്‍ കൃത്യമായി പിന്തുടരുകയും ചെയ്യും. ഇടയ്‌ക്കെപ്പോഴോ ആസൂത്രണം പാളിപ്പോയാല്‍ നേരത്തെ ഉണ്ടായിരുന്ന അവസ്ഥയേക്കാള്‍ മോശം അവസ്ഥയിലേക്ക് എത്തിച്ചേരുന്നതാണ് പലരെയും പേടിപ്പെടുത്തുന്നത്. തെറ്റുകള്‍ വരുത്തുന്നത് സ്വാഭാവികമാണ്. പക്ഷേ, തെറ്റുകള്‍ ആവര്‍ത്തിക്കുന്നത് സ്വാഭാവികമല്ല എന്നോര്‍ക്കുക. കയ്യില്‍ വരുന്ന പണം കഠിനാധ്വാനത്തിന്റെ ഫലമാണെന്നു ചിന്തിച്ചാല്‍ അതിനെ വിവേകപൂര്‍വ്വം ചെലവഴിക്കും. ധനകാര്യ ആസൂത്രണം കൃത്യമായി പിന്തുടരാന്‍ വേണ്ടത് എന്തൊക്കെയാണെന്നു നോക്കിയാലോ?

കൃത്യമായ പ്ലാനിംഗ്: കൃത്യമായ ആസൂത്രണമില്ലാത്തതാണ് ആദ്യത്തെ തെറ്റ്. പലരും കൃത്യമായ ദിശയില്ലാതെ ഭാഗ്യത്തെ ആശ്രയിച്ചാണ് പല കാര്യങ്ങളും ചെയ്യാറ്. വരവ്, ചെലവ് എന്നിവ കൃത്യമായി നിരീക്ഷിച്ച് ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള കൃത്യമായ ആസൂത്രണമുണ്ടെങ്കില്‍ ആദ്യ പടി വിജയിച്ചു. ഒരു ദിവസത്തേക്കല്ല ആസൂത്രണം ചെയ്യേണ്ടത്. ജീവിതകാലം മുഴുവനുള്ള സാമ്പത്തിക ആസൂത്രണമാണിതെന്നോര്‍ത്ത് ചെയ്യുക.

സ്ഥിരതയില്ലാത്ത വരുമാനം: ഇടയ്ക്കിടയ്ക്ക് ജോലി മാറുന്നത് വരുമാനത്തിന്റെ സ്ഥിരത ഇല്ലാതാക്കുന്ന കാര്യമാണ്. ജോലി മാറുന്നുണ്ടെങ്കില്‍ കൂടി അതിന് കൃത്യമായ ഇടവേളകള്‍ നല്‍കാം. ജോലി മാറുമ്പോള്‍ വരുമാനവും വര്‍ധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. ഇല്ലെങ്കില്‍ സമ്പാദിക്കാനോ, നിക്ഷേപിക്കാനോ കയ്യില്‍ പണമില്ലാതെ വരും. സാമ്പത്തിക ആസൂത്രണവും താളം തെറ്റും.

ചെലവ് വരുമാനത്തെക്കാള്‍ കൂടുതല്‍: വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവഴിക്കല്‍ നടത്തുമ്പോള്‍ ആദ്യമൊന്നും അത്ര ബുദ്ധിമുട്ടായി തോന്നില്ല. പക്ഷേ, അത് കടക്കെണിയിലാകും എത്തിക്കുക എന്നോര്‍ക്കുക. കടം കൂടുന്നത് സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്ന കാര്യമാണെന്നത് മറക്കാതിരിക്കുക. സാമ്പത്തിക ആസൂത്രണം പുനക്രമീകരിക്കണമെങ്കില്‍ അത് ചെയ്യാം.

അടിയന്തര നിധി ഇല്ലെങ്കിലോ: സാമ്പത്തിക ആസൂത്രണത്തില്‍ പലരും മറക്കുന്ന കാര്യമാണ് അടിയന്തര നിധി. അടിയന്തര നിധി ഇല്ല എന്നുള്ളത് അപകടത്തിലേക്കുള്ള യാത്രയുടെ തുടക്കമാണെന്നോര്‍ക്കുക. വാഹന അറ്റക്കുറ്റപണികള്‍, ആശുപത്രി ചെലവുകള്‍ പോലുള്ള അപ്രതീക്ഷിത ചെലവുകള്‍ വന്നാല്‍ അത് കൈകാര്യം ചെയ്യാന്‍ അടിയന്തര ഫണ്ട് വേണം. ശമ്പളമോ വരുമാനമോ ഇല്ലാത്ത മൂന്ന് മുതല്‍ ആറ് മാസം വരെയുള്ള ജീവിതച്ചെലവുകള്‍ക്കുള്ള തുക അടിയന്തര നിധിയായി സ്വരൂപിക്കണം. അതില്‍ വായ്പാ തിരിച്ചടവ്, ദൈനം ദിന ചെലവുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടണം.

റിട്ടയര്‍മെന്റ് സമ്പാദ്യം നേരത്തെ തുടങ്ങാം: ജോലി കിട്ടി ആദ്യ നാളുകളല്ലേ എന്നു കരുതി റിട്ടയര്‍മെന്റ് സമ്പാദ്യത്തില്‍ കാലതാമസം വരുത്തുന്നത് അത്ര നല്ലതല്ലെന്ന് ഓര്‍ക്കുക. ചെറിയ തുകയാണെങ്കിലും നേരത്തെ തുടങ്ങിയാല്‍ അത്രയും നല്ലത്.

കടത്തെ അവഗണിക്കരുത്: കടങ്ങള്‍ പിന്നെ വീട്ടാം എന്നുള്ളത് അത്ര നല്ല ശീലമല്ല എന്നോര്‍ക്കുക. ഉയര്‍ന്ന പലിശയുള്ള കടങ്ങള്‍ ആദ്യം തീര്‍ക്കാന്‍ ശ്രമിക്കാം.

നിക്ഷേപം നടത്തുന്നതില്‍ പരാജയപ്പെടുന്നത്: കൃത്യമായി നിക്ഷേപം നടത്തിയില്ലെങ്കില്‍ സമ്പത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തും. ഒരു ദീര്‍ഘകാല നിക്ഷേപ സമീപനം സ്വീകരിക്കുകയും റിസ്‌കുമായി യോജിക്കുന്ന നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്യേണ്ടത് നിര്‍ണായകമാണ്.

അപര്യാപ്തമായ ഇന്‍ഷുറന്‍സ് പരിരക്ഷ: അപകടങ്ങള്‍, അസുഖങ്ങള്‍ അല്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടല്‍ പോലുള്ള സാഹചര്യങ്ങളിലെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ സഹായിക്കുന്നത് ഇന്‍ഷുറന്‍സാണ്. അതുകൊണ്ട് പോളിസി എടുക്കുമ്പോള്‍ ഉചിതമായ ആരോഗ്യ, ലൈഫ്, വൈകല്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കാം.

നിങ്ങളുടെ സാമ്പത്തിക ആസൂത്രണം പതിവായി നിരീക്ഷിക്കാം: സാമ്പത്തിക ആസൂത്രണം ചെയ്താല്‍ മാത്രം പോര. പതിവായി അവലോകനം ചെയ്യുന്നതിലൂടെയെ സാമ്പത്തിക സ്ഥിതിയിലെ മാറ്റങ്ങള്‍ അറിയാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും കഴിയൂ.

സാമ്പത്തിക ഉപദേശം: സാമ്പത്തിക ആസൂത്രണത്തില്‍ തെറ്റു പറ്റിയെന്നു തോന്നിയാല്‍ ഒരു സാമ്പത്തിക ഉപദേഷ്ടാവില്‍ നിന്ന് സഹായം തേടുന്നത് മികച്ച തീരുമാനമാണ്. എവിടെയാണ് തെറ്റ് പറ്റിയതെന്ന് കണ്ടെത്താനും പുതിയ ഒരു സാമ്പത്തിക ആസൂത്രണം തയ്യാറാക്കുന്നതിനും നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും നിര്‍ണായക സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിനും അവര്‍ സഹായിക്കും.