image

7 May 2024 9:23 AM GMT

Financial planning

ഇരുപതുകളിലാണോ? ധനകാര്യാസൂത്രണം വേഗം ചെയ്‌തോളൂ

MyFin Desk

ഇരുപതുകളിലാണോ? ധനകാര്യാസൂത്രണം വേഗം ചെയ്‌തോളൂ
X

Summary

  • ഇരുപതുകളില്‍ ആയിരിക്കുമ്പോഴെ ഇന്‍ഷുറന്‍സിന്റെ ആവശ്യകത മനസിലാക്കുക
  • ചെറുപ്പമായിരിക്കുമ്പോള്‍ സമയത്തിന്റെ നേട്ടമുണ്ട്
  • മുന്നറിയിപ്പില്ലാതെ സംഭവിക്കുന്ന കാര്യങ്ങള്‍ നേരിടാന്‍ ഒരു എമര്‍ജന്‍സി ഫണ്ടിന്റെ സഹായത്തോടെ കഴിയൂ


വ്യക്തിഗത ധനകാര്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത വശമാണ് സാമ്പത്തിക ആസൂത്രണം. കരിയര്‍ ആരംഭിക്കുകയും പ്രായം ഇരുപതുകളിലുള്ളവരും സാമ്പത്തിക ആസൂത്രണം കൃത്യമായി ചെയ്തിരിക്കണം. അപ്രതീക്ഷിതമായ സാഹചര്യങ്ങളെ അതിജീവിച്ച് സാമ്പത്തികമായി സുരക്ഷിതമാകാനും പണം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും നിരന്തരമായ ആസൂത്രണം ആവശ്യമാണ്.

പണത്തിന്റെ കാര്യം വരുമ്പോള്‍, നിങ്ങള്‍ എത്ര നേരത്തെ ആസൂത്രണം ചെയ്യാന്‍ തുടങ്ങുന്നുവോ, അത്രത്തോളം ഭാവിയിലേക്കുള്ള അടിത്തറ ശക്തമാകും. മാത്രമല്ല, ചെറുപ്പമായിരിക്കുമ്പോള്‍ സമയത്തിന്റെ നേട്ടമുണ്ട്, ഇത് പണത്തിന്റെയും നിക്ഷേപങ്ങളുടെയും കാര്യത്തില്‍ നിര്‍ണായകമാണ്.

അടിസ്ഥാനകാര്യങ്ങളില്‍ നിന്ന് ആരംഭിക്കുക

ഒരാളുടെ സാമ്പത്തിക യാത്രയുടെ ആദ്യ ഘട്ടം ആരംഭിക്കുന്നത് ബജറ്റ് തയ്യാറാക്കുന്നതില്‍ നിന്നുമാണ്. ചെലവിനും സമ്പാദ്യത്തിനുമായി വരുമാനം കൃത്യാമിയ വേര്‍തിരിക്കുന്നതു മുതല്‍ ഒരു ബജറ്റ് തയ്യാറാക്കുന്നത് ആവശ്യങ്ങളെയും അത്യാവശ്യങ്ങളെയും വേര്‍തിരിച്ചറിയാന്‍ അനുവദിക്കും. പണം എവിടേക്കാണ് പോകുന്നതെന്ന് കൃത്യമായി മനസിലാക്കാന്‍ ഇത് സഹായിക്കും.

സേവ് ചെയ്യുക

സാമ്പത്തിക ആസൂത്രണത്തിന്റെ അടുത്ത ഘട്ടമാണ് സമ്പാദിക്കുക എന്നുള്ളത്. എല്ലാ പതിവ് ചെലവുകളും കഴിഞ്ഞ ശേഷം അവശേഷിക്കുന്ന പണം സമ്പാദ്യത്തിനായി മാറ്റി വെയ്‌ക്കേണ്ടതുണ്ട്. അതിനായി സ്വയം നിശ്ചിത തുക വീതം നിക്ഷേപിക്കാം. അല്ലെങ്കില്‍ കൃത്യമായ തീയതികളില്‍ ഓട്ടോമാറ്റിക്കായി അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കാം. നിലവിലെ വരുമാനത്തില്‍ നിന്ന് കുറഞ്ഞത് 20 ശതമാനമെങ്കിലും സേവ് ചെയ്യാനായി മാറ്റിവെയ്‌ക്കേണ്ടതുണ്ട്. വരുമാനം വര്‍ധിക്കുന്നതിനനുസരിച്ച് ഈ ശതമാനവും വര്‍ധിപ്പിക്കാം.

കൂടുതല്‍ സമ്പാദിക്കാന്‍, പണം ലാഭിക്കാന്‍ സഹായിക്കുന്ന മാര്‍ഗങ്ങള്‍ പരീക്ഷിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ആഴ്ച്ചയില്‍ ഒന്നില്‍ കൂടുതല്‍ ദിവസം പുറത്തു പോയി ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് നിയന്ത്രിക്കാം. എല്ലാ ദിവസവും ടാക്‌സിയെ ആശ്രയിക്കുന്നതിനു പകരം ഒരു വാഹനം വാങ്ങുകയോ പൊതുഗതാഗതത്തെ ആശ്രയിക്കുകയോ ചെയ്യാം. ഇത് പണം ലാഭിക്കാന്‍ സഹായിക്കും.

സാമ്പത്തിക ലക്ഷ്യങ്ങള്‍ നിര്‍വചിക്കുക

ജീവിതത്തില്‍, ഒരാള്‍ക്ക് നിറവേറ്റാന്‍ ആഗ്രഹിക്കുന്ന വിവിധ ലക്ഷ്യങ്ങളോ സ്വപ്നങ്ങളോ ഉണ്ടായിരിക്കാം. ഒരു വീട്, ഒരു കാര്‍ സ്വന്തമാക്കുക, യത്രകള്‍ പോകുക, കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുക, റിട്ടയര്‍മെന്റ് ജീവിതം സുസ്ഥിരമാക്കുക തുടങ്ങിയ കാര്യങ്ങളാകും അത്. എത്ര വര്‍ഷങ്ങള്‍ക്കുള്ളിലാണ ്ഈ ലക്ഷ്യങ്ങളൊക്കെ നിറവേറ്റേണ്ടതെന്നും അതിനായി എത്ര തുക വേണമെന്നും മനസിലാക്കുക. അതിനായി സമ്പാദിക്കുക.

പണത്തെ വളര്‍ത്തുക

സാമ്പത്തിക ലക്ഷ്യങ്ങള്‍ നിര്‍വചിച്ചതിന് ശേഷമുള്ള അടുത്ത ഘട്ടം പറഞ്ഞ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി നിക്ഷേപങ്ങള്‍ ആസൂത്രണം ചെയ്യുക എന്നുള്ളതാണ്. ശക്തമായ സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കാന്‍ സമ്പാദ്യങ്ങള്‍ സഹായിക്കുമെങ്കിലും, നിക്ഷേപങ്ങള്‍ പണം വര്‍ദ്ധിപ്പിക്കുകയും സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുകയും ചെയ്യും.

50 വയസ്സ് തികയുമ്പോഴേക്കും 10 കോടി രൂപ സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍. ഈ ലക്ഷ്യം നേടുന്നതിന്, ഇപ്പോള്‍ തന്നെ അതിനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങേണ്ടതുണ്ട്. മൂന്ന് ശതമാനം വരെ നികുതിയേതര വരുമാനം വാഗ്ദാനം ചെയ്യുന്ന ഒരു സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച്, ആഗ്രഹിച്ച ലക്ഷ്യ തുകയിലെത്താന്‍ 30 വര്‍ഷത്തേക്ക് എല്ലാ മാസവും 1.7 ലക്ഷം രൂപ നിക്ഷേപിക്കേണ്ടതുണ്ട്. പക്ഷേ, ഇത് ചെയ്യുന്നത് എളുപ്പമായിരിക്കില്ല. കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ള മികച്ച മാര്‍ഗങ്ങളുണ്ട്.

30 വര്‍ഷം പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്ന എസ്‌ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) വഴി പ്രതിമാസം 30,000 രൂപ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുകയാണെങ്കില്‍, നിശ്ചിത സമയത്തിനുള്ളില്‍ ലക്ഷ്യത്തിലെത്താന്‍ കഴിയും.

അപ്രതീക്ഷിതമായതിനെ നേരിടാം

അപ്രതീക്ഷിത സംഭവങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്, മുന്നറിയിപ്പില്ലാതെ സംഭവിക്കുന്ന ഇക്കാര്യങ്ങള്‍ നേരിടാന്‍ ഒരു എമര്‍ജന്‍സി ഫണ്ടിന്റെ സഹായത്തോടെ കഴിയൂ. തൊഴില്‍ നഷ്ടം അല്ലെങ്കില്‍ അസുഖം ഇതാണ് പ്രധാനമായും പ്രതിസന്ധി സൃഷ്ടിക്കുന്ന രണ്ട് അപ്രതീക്ഷിത സംഭവങ്ങള്‍. പ്രതിമാസ ചെലവുകള്‍ വിലയിരുത്തുകയും ജീവിതച്ചെലവുകളുടെ 6 മാസം വരെ നേരിടാവുന്ന ഒരു ഫണ്ട് സൃഷ്ടിക്കുകയും ചെയ്യുക. ഒരു റെക്കറിംഗ് ഡെപ്പോസിറ്റ് ഉപയോഗിച്ച് എമര്‍ജന്‍സി ഫണ്ട് സൃഷ്ടിക്കാം. അല്ലെങ്കില്‍ ലിക്വിഡ് മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ള എളുപ്പത്തില്‍ ആക്‌സസ് ചെയ്യാവുന്ന മാര്‍ഗങ്ങളില്‍ ഇത് സൂക്ഷിക്കാം.

ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുക

സാമ്പത്തിക ആസൂത്രണ യാത്രയെ സ്വാധീനിക്കുന്ന മറ്റൊരു കാര്യം ക്രെഡിറ്റ് സ്‌കോറാണ്. നിലവിലെ വായ്പാ ചരിത്രത്തെ അടിസ്ഥാനമാക്കി കണക്കാക്കുന്ന മൂന്ന് അക്ക സംഖ്യയാണ് ക്രെഡിറ്റ് സ്‌കോര്‍. വായ്പക്കാരന്റെ തിരിച്ചടവ് സാധ്യത വിലയിരുത്താന്‍ വായ്പ നല്‍കുന്നവര്‍ ഈ സ്‌കോര്‍ പരിശോധിക്കും. ആരോഗ്യകരമായ ക്രെഡിറ്റ് ചരിത്രം കെട്ടിപ്പടുക്കുന്നതിന്, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, ലോണ്‍ ഇഎംഐകള്‍ തുടങ്ങിയ എല്ലാ വായ്പാ തിരിച്ചടവുകളും കൃത്യസമയത്ത് തന്നെ ചെയ്യണം. ക്രെഡിറ്റ് സ്‌കോര്‍ 750 ന് മുകളിലാണെങ്കില്‍ അത് ആരോഗ്യകരമായ സ്‌കോറായി കണക്കാക്കപ്പെടുന്നു, മാത്രമല്ല ഭാവിയില്‍ വായ്പ ലഭിക്കാനുള്ള സാധ്യതയും ശക്തിപ്പെടുത്തും.

സ്വയം സംരക്ഷിക്കുക

ഇരുപതുകളില്‍ ആയിരിക്കുമ്പോഴെ ഇന്‍ഷുറന്‍സിന്റെ ആവശ്യകത മനസിലാക്കുക. ലൈഫ്, ആരോഗ്യം, ഓട്ടോ എന്നീ ഇന്‍ഷുറന്‍സുകള്‍ കുടുംബത്തെയും വ്യക്തികളെയും പരിരക്ഷിക്കേണ്ട അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷകളാണ്. ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമുണ്ടോ ഇല്ലയോ എന്നത് ആശ്രിതരോ ബാധ്യതകളോ ഉണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

ഉദാഹരണത്തിന്, കുടുംബത്തിന്റെ ഏക വരുമാനക്കാരനാണ് നിങ്ങളെങ്കില്‍, അകാലമരണം സംഭവിച്ചാല്‍ നിങ്ങളുടെ ആശ്രിതരെ സംരക്ഷിക്കുന്ന ഒരു ടേം പ്ലാന്‍ വേണം. നിങ്ങള്‍ക്ക് ആശ്രിതരോ ബാധ്യതകളോ ഇല്ലെങ്കില്‍, തല്‍ക്കാലം ഇന്‍ഷുറന്‍സ് വാങ്ങുന്നത് വൈകിപ്പിക്കാം. എന്നിരുന്നാലും, നിങ്ങള്‍ക്കായി ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ വാങ്ങേണ്ടത് അത്യാവശ്യമാണ്.

സാമ്പത്തിക ആസൂത്രണം ഒരു ആവശ്യമാണ്, അത് വര്‍ത്തമാനകാലത്ത് ചെയ്യുമ്പോള്‍, ഭാവിയില്‍ വിശ്രമിക്കാന്‍ അനുവദിക്കും. എന്നിരുന്നാലും, പദ്ധതി തയ്യാറാക്കുമ്പോള്‍, ജീവിതം ആസ്വദിക്കാനും മറക്കരുത്. വാരാന്ത്യ യാത്രകള്‍, ഭക്ഷണം കഴിക്കല്‍ അല്ലെങ്കില്‍ നൈപുണ്യം വര്‍ധിപ്പിക്കാനായി ഒരു കോഴ്‌സ് എടുക്കല്‍ എന്നിവ പോലുള്ള ജീവിതത്തിന് മൂല്യം വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ക്കായി വരുമാനത്തിന്റെ ഒരു ഭാഗം നീക്കിവയ്ക്കുക. അവസാനമായി, ഏറ്റവും പുതിയ സാമ്പത്തിക സംഭവവികാസങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക, എങ്കിലെ പണത്തിന്റെ കാര്യം വരുമ്പോള്‍ മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയൂ.