14 April 2024 3:26 PM GMT
Summary
- കുഞ്ഞുങ്ങളെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ക്ക് പരിധിയില്ലല്ലോ
- സ്വപ്‌നത്തിനൊപ്പം സമ്പാദിക്കാം
- ഏറ്റവും മികച്ച ഓപ്ഷനുകള്‍ വേണം നിക്ഷേപത്തിനായി കണ്ടെത്താന്‍
കുട്ടികള്‍ ജനിക്കുമ്പോള്‍ അതിനൊപ്പം മാതാപിതാക്കളുടെ സ്വപ്‌നങ്ങള്‍ കൂടിയാണ് ജനിക്കുന്നത്. അവര്‍ക്ക് നല്ല വസ്ത്രം, വിദ്യാഭ്യാസം, ഭക്ഷണം എന്നിങ്ങനെയുള്ള കുഞ്ഞുകുഞ്ഞുകാര്യങ്ങള്‍ മുതല്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കാര്യങ്ങള്‍ വരെ ആ സ്വപ്‌നത്തിലുണ്ടാകും. വെറുതെ സ്വപ്‌നം കണ്ടതുകൊണ്ടു മാത്രമായില്ലല്ലോ? അതിനായി കൃത്യമായ ആസൂത്രണം നടത്തി പ്രവര്‍ത്തിക്കേണ്ടതുണ്ട്. കുഞ്ഞു ജനിക്കുമ്പോള്‍ മുതല്‍ സാമ്പത്തിക സ്ഥിരത, ധനകാര്യ ആസൂത്രണം എന്നിവ ആരംഭിക്കാം. കുഞ്ഞുങ്ങള്‍ക്കെന്ത് ധനകാര്യ ആസൂത്രണം എന്നൊക്കെ ചിന്തിക്കാന്‍ വരട്ടെ. അവരെ സാമ്പത്തികമായി സുരക്ഷിതരാക്കാന്‍ ധനകാര്യ ആസൂത്രണം അത്യാവശ്യമാണ്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള വഴികളൊന്നു നോക്കിയാലോ?
വിദ്യാഭ്യാസമായിരിക്കണം പ്രധാനം
വിജയകരമായ ഭാവിയുടെ മൂലക്കല്ല് എന്നത് വിദ്യാഭ്യാസമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ചെലവേറിയ കാര്യമാണ്. അതുകൊണ്ട് കുഞ്ഞു വളരുന്നതിനൊപ്പം വിദ്യാഭ്യാസത്തിനുള്ള പണത്തെയും വളര്‍ത്താം. ഭാവിയില്‍ വിദ്യാഭ്യാസ ചെലവിലുണ്ടായേക്കാവുന്ന വര്‍ധന കണക്കാക്കി വേണം നിക്ഷേപിക്കാന്‍. അതിനായി പണപ്പെരുപ്പത്തെ മറകടക്കുന്ന റിട്ടേണ്‍ തരുന്ന ഓപ്ഷനുകള്‍ കണ്ടെത്താം. അത് മ്യൂച്വല്ഡ ഫണ്ട്, എല്‍ഐസിയുടെ അമൃത്ബാല്‍, യുടിഐയുടെ കുട്ടികള്‍ക്കായുള്ള നിക്ഷേപ പദ്ധതികള്‍ എന്നിവ തുടങ്ങി എന്തുമാകാം.
സുകന്യ സമൃദ്ധി
പെണ്‍കുട്ടിയാണെങ്കില്‍ സുകന്യ സമൃദ്ധിയെ മറക്കുകയേ ചെയ്യരുത്. പെണ്‍കുഞ്ഞുങ്ങള്‍ക്കായുള്ള ഏറ്റവും മികച്ച കരുതലാണിത്. കേന്ദ്ര സര്‍ക്കാർ പിന്തുണയുള്ള പദ്ധതിയാണിത്. മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പദ്ധതിക്ക് നികുതി ആനുകൂല്യങ്ങളും ലഭിക്കും. കുട്ടിയുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കായുള്ള കരുതിവെയ്ക്കലാണിത്. പെണ്‍ കുഞ്ഞിന് 21 വയസ് പൂര്‍ത്തിയാകുമ്പോഴെ നിക്ഷേപം പിന്‍വലിക്കാന്‍ കഴിയൂ എന്നുള്ളത് കുഞ്ഞിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തിനും ശാക്തീകരണത്തിനും ഊന്നല്‍ നല്‍കുന്നു. നിലവില്‍ 8.2 ശതമാനമാണ് സുകന്യ സമൃദ്ധിയുടെ പലിശ നിരക്ക്. പോസ്‌റ്റോഫീസിലോ, ബാങ്കിലോ സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാം.
മ്യൂച്വല്‍ ഫണ്ട് നിക്ഷേപം
കുട്ടികള്‍ക്കായി രൂപകല്‍പ്പന ചെയ്ത മ്യൂച്വല്‍ ഫണ്ടുകള്‍ വിവിധ ഫണ്ട് ഹൗസുകള്‍ അവതരിപ്പിക്കുന്നുണ്ട്. അത് ഇക്വിറ്റി, ഡെറ്റ്, ബാലന്‍സ്ഡ് ഫണ്ടുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിക്ഷേപ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുമുണ്ട്. ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിലൂടെ കുട്ടിയുടെ ഭാവി സ്വപ്‌നങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഗണ്യമായ സമ്പാദ്യം കെട്ടിപ്പടുക്കാം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപിക്കുമ്പോള്‍ കൂട്ടുപലിശയുടെ ശക്തിയും പ്രയോജനപ്പെടുത്താന്‍ കഴിയും.
ലൈഫ് ഇന്‍ഷുറന്‍സ് കവറേജ്
രക്ഷിതാക്കള്‍ എന്ന നിലയില്‍ നിങ്ങളുടെ അഭാവത്തില്‍ പോലും കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക എന്നതാണ് പ്രാഥമിക ഉത്തരവാദിത്തങ്ങളിലൊന്ന്. കുട്ടിയുടെ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണ ചെലവുകള്‍, ദൈനംദിന ജീവിതച്ചെലവുകള്‍ എന്നിവയുള്‍പ്പെടെ നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മതിയായ പരിരക്ഷ നല്‍കുന്ന ഒരു സമഗ്ര ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ എടുക്കുക എന്നുള്ളതാണ് പ്രധാനം. അധിക പരിരക്ഷയ്ക്കായി മികച്ച പരിരക്ഷ നല്‍കുന്ന അഷ്വേര്‍ഡ്, ക്രിട്ടിക്കല്‍ ഇല്‍നെസ് റൈഡറുകള്‍ ഉള്ള ഒരു ടേം ഇന്‍ഷുറന്‍സ് പ്ലാനും തെരഞ്ഞെടുക്കാം.
വില്‍പ്പത്രം
വില്‍പ്പത്രം പലപ്പോഴും അവഗണിക്കപ്പെടുന്ന ഒന്നാണ്. അതിന്റെ ആവശ്യം ഇപ്പോഴുണ്ടോ എന്നാണ് പലരും ചിന്തിക്കാറ്. പക്ഷേ അപ്രതീക്ഷിത സാഹചര്യങ്ങളില്‍ കുട്ടിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഇത് നിര്‍ണായകമാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആസ്തികള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വിശദീകരിക്കുകയും നിങ്ങളുടെ കുട്ടിയുടെ പരിപാലനത്തിനും വിദ്യാഭ്യാസത്തിനുമായി ആരെ ചുമതലപ്പെടുത്തണമെന്നതും സംബന്ധിച്ച് വ്യക്തവും നിയമാനുസൃതവുമായ ഒരു വില്‍പ്പത്രം തയ്യാറാക്കാം. കുടുംബം, സാമ്പത്തിക സാഹചര്യങ്ങളും മാറിയാല്‍ വില്‍പ്പത്രം പുതുക്കാം.
സാമ്പത്തിക സാക്ഷരത
സാമ്പത്തിക ആസൂത്രണത്തിനും നിക്ഷേപ തന്ത്രങ്ങള്‍ക്കും പുറമേ, ചെറുപ്പം മുതല്‍ കുട്ടിക്ക് സാമ്പത്തിക സാക്ഷരതയും മൂല്യങ്ങളും നല്‍കേണ്ടതും അത്യാവശ്യമാണ്. സമ്പാദ്യത്തിന്റെയും ബജറ്റ് തയ്യാറാക്കുന്നതിന്റെയും ഉത്തരവാദിത്തത്തോടെയുള്ള ചെലവിടലിന്റെയും പ്രാധാന്യം അവരെ പഠിപ്പിക്കുക. സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിക്കാനും നല്ല സമ്പാദ്യ-നിക്ഷേപ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനും അവരെ പ്രോത്സാഹിപ്പിക്കുക.