image

2 March 2024 9:49 AM GMT

Personal Finance

ഈ ചാര്‍ജുകള്‍ അറിഞ്ഞുവേണം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍

MyFin Desk

ഈ ചാര്‍ജുകള്‍ അറിഞ്ഞുവേണം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍
X

Summary

  • ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ചില ചാര്‍ജുകളും ഫീസുകളുമൊക്കെയുണ്ട് ഇതൊക്കെ അറിഞ്ഞിട്ടാണോ കാര്‍ഡ് ഉപയോഗിക്കുന്നത്.
  • ക്യാഷ് അഡ്വാന്‍സ് എടുത്തിട്ടുണ്ടെങ്കില്‍ പണം പിന്‍വലിച്ച തീയതി മുതല്‍ തുക തിരിച്ചടയ്ക്കുന്നതുവരെ ഫിനാന്‍സ് ചാര്‍ജുകള്‍ ബാധകമാകും.
  • മുന്‍ വര്‍ഷത്തെ ചെലവുകള്‍ ഒരു നിശ്ചിത പരിധി കടന്നുകഴിഞ്ഞാലാകും പല ക്രെഡിറ്റ് കാര്‍ഡുകളും വാര്‍ഷിക ഫീസ് ഒഴിവാക്കുന്നത്.


ക്രെഡിറ്റ് കാര്‍ഡ് കയ്യിലില്ലാത്തവര്‍ കുറവല്ലേ. പലരുടെയും കയ്യില്‍ ഒന്നൊന്നുമയാരിക്കില്ല ഉള്ളത്. ആര്‍ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് കണക്കുകള്‍ സൂചിപ്പിക്കുന്നതും ഈ വളര്‍ച്ചയെയാണ്. സെന്‍ട്രല്‍ ബാങ്കിന്റെ കണക്കനുസരിച്ച് മൂന്ന് വര്‍ഷം കൊണ്ട് 65,000 കോടി രൂപയുടെ വര്‍ധനയാണ് ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റിലുണ്ടായത്. ഇതോടെ ജനുവരി 2024 ആയപ്പോഴേക്കും ഇത് 1.7 ലക്ഷം കോടി രൂപയിലേക്കുമെത്തി.

എന്തായാലും ക്രെഡിറ്റ് കാര്‍ഡ് കയ്യിലുള്ളവരും എടുക്കാന്‍ ആഗ്രഹിക്കുന്നവരും ഇതൊന്നു നോക്കികോളൂ. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ചില ചാര്‍ജുകളും ഫീസുകളുമൊക്കെയുണ്ട്. ഇതൊക്കെ അറിഞ്ഞിട്ടാണോ കാര്‍ഡ് ഉപയോഗിക്കുന്നത്.

ജോയിനിംഗ്, വാര്‍ഷിക ഫീസ്

ക്രെഡിറ്റ് കാര്‍ഡ് ഇഷ്യു ചെയ്യുമ്പോഴാണ് ജോയിനിംഗ് ഫീസ് ഈടാക്കുന്നത്. അത് ആദ്യ വര്‍ഷത്തെ ചാര്‍ജാണ്. രണ്ടാമത്തെ വര്‍ഷം മുതലാണ് ആനുവല്‍ ഫീസ് (വാര്‍ഷിക ഫീസ് ) ഈടാക്കുന്നത്. പല ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും വാര്‍ഷിക ഫീസ് പല തരത്തിലാണ്, ചിലര്‍ക്ക് വാര്‍ഷിക ഫീസില്ല. അതുകൊണ്ട് തന്നെ ഫീസ് നിരക്ക് പൂജ്യം മുതല്‍ 10,000 രൂപ വരെയാകാം. ചില പ്രീമിയം കാര്‍ഡുകളില്‍ ഫീസ് അല്‍പ്പം കൂടി ഉയരാം.

പല ബാങ്കുകളും അവരുടെ ചില ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ജോയിനിംഗ് ഫീസ് ഈടാക്കാറില്ല. എസ്ബിഐ കാര്‍ഡ് ഉന്നതി, ഒല മണി എസ്ബിഐ കാര്‍ഡ് എന്നിവയ്ക്ക് എസ്ബിഐ ജോയിനിംഗ് ഫീസ് ഈടാക്കാറില്ല. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഫസ്റ്റ് മില്ലേനിയ, ഫസ്റ്റ് ക്ലാസിക്, ഫസ്റ്റ് സെലക്ട്, ഫസ്റ്റ് വെല്‍ത്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ജോയിനിംഗ് ഫീസ് ഇല്ല.

കൂടാതെ, പല ബാങ്കുകളും വാര്‍ഷിക ഫീസ് ഈടാക്കാറുമില്ല അതായത് രണ്ടാം വര്‍ഷം മുതലുള്ള ഫീസ്. അത് മുന്‍ വര്‍ഷത്തെ ചെലവുകള്‍ ഒരു നിശ്ചിത പരിധി കടന്നുകഴിഞ്ഞാലാകും പല ക്രെഡിറ്റ് കാര്‍ഡുകളും വാര്‍ഷിക ഫീസ് ഒഴിവാക്കുന്നത്. അതായത് മുന്‍ വര്‍ഷം 10 ലക്ഷമോ അതില്‍ കൂടുതലോ വാര്‍ഷിക ചെലവുകള്‍ നടത്തിയവര്‍ക്ക് എസ്ബിഐ കാര്‍ഡ് എലൈറ്റിനുള്ള 4,999 രൂപ വാര്‍ഷിക ഫീസ് എസ്ബിഐ ഒഴിവാക്കാറുണ്ട്. മുന്‍ വര്‍ഷം നിങ്ങള്‍ മൂന്ന് ലക്ഷമോ അതില്‍ കൂടുതലോ ചെലവഴിച്ചിട്ടുണ്ടെങ്കില്‍ ആക്സിസ് ബാങ്കും അവരുടെ സിഗ്‌നേച്ചര്‍ ക്രെഡിറ്റ് കാര്‍ഡിന് 3,000 രൂപ വാര്‍ഷിക ഫീസ് ഒഴിവാക്കുന്നുണ്ട്.

ക്യാഷ് അഡ്വാന്‍സ് ഫീസ്

ഇന്ത്യയിലോ വിദേശത്തോ ഉള്ള എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍, ക്യാഷ് അഡ്വാന്‍സ് ഫീസ് ഈടാക്കാറുണ്ട്. ക്യാഷ് അഡ്വാന്‍സുകള്‍ക്ക് ഒരു ചാര്‍ജുമുണ്ട്. (കുടിശ്ശികയുള്ള ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സിന് തുല്യമാണിത്) ഇത് പിന്‍വലിക്കല്‍ തീയതി മുതല്‍ മുഴുവന്‍ പേയ്‌മെന്റ് തീയതി വരെ ഈടാക്കുന്നു.

ഫിനാന്‍സ് ചാര്‍ജുകള്‍

ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിരക്കാണ് ഫിനാന്‍സ് ചാര്‍ജ്. ക്രെഡിറ്റ് കാര്‍ഡിലെ കുടിശ്ശിക തുകയ്ക്ക് പ്രതിമാസ പലിശ നിരക്കായി ഈടാക്കുന്ന തുകയാണിത്. ക്യാഷ് അഡ്വാന്‍സ് എടുത്തിട്ടുണ്ടെങ്കില്‍ പണം പിന്‍വലിച്ച തീയതി മുതല്‍ തുക തിരിച്ചടയ്ക്കുന്നതുവരെ ഫിനാന്‍സ് ചാര്‍ജുകള്‍ ബാധകമാകും.

ഫിനാന്‍സ് ചാര്‍ജുകള്‍ എങ്ങനെയാണ് കണക്കാക്കുന്നത്

ഓരോ മാസത്തെയും ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റിന്റെ നിശ്ചിത തീയതിക്ക് മുമ്പ് മിനിമം കുടിശ്ശിക (എംഎഡി) അടച്ചാല്‍ ഫിനാന്‍സ് ചാര്‍ജ് ഇല്ലാതാകില്ല എന്നോര്‍ക്കണം. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിലെ കുടിശ്ശിക തുക പൂര്‍ണ്ണമായി അടയ്ക്കുന്നതുവരെ ഈ നിരക്കുകള്‍ ബാധകമായിരിക്കും. നിശ്ചിത തീയതിക്കുള്ളില്‍ നിങ്ങള്‍ എംഎഡി അടയ്ക്കുകയാണെങ്കില്‍ വൈകിയതിനുള്ള പിഴ ചാര്‍ജുകള്‍ ഒഴിവായിക്കിട്ടും.

വിവിധ ബാങ്കുകളിലെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പ്രതിമാസം 2.49 മുതല്‍ 3.8 ശതമാനം വരെ (പ്രതിവര്‍ഷം 30 മുതല്‍ 45.6 ശതമാനം വരെ) ഫിനാന്‍സ് ചാര്‍ജുകള്‍ ഈടാക്കാറുണ്ട്.

ലേറ്റ് പേയ്‌മെന്റ് ചാര്‍ജ്

നിശ്ചിത തീയതിക്കുള്ളില്‍ നിങ്ങള്‍ എംഎഡി പോലും അടയ്ക്കാത്തപ്പോഴാണ് ഇത് ലേറ്റ് പേയ്‌മെന്റ് ചാര്‍ജ് ഈടാക്കുന്നത്. കുടിശ്ശിക തുക വരുന്ന സ്ലാബിനനുസരിച്ച് വ്യത്യാസപ്പെടുന്ന ഫീസാണിത്. ഉദാഹരണത്തിന്, എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക്, കുടിശ്ശിക ബാലന്‍സ് എന്താണെന്നതിനെ ആശ്രയിച്ചാണ് വൈകിയ പേയ്‌മെന്റ് ചാര്‍ജ് പൂജ്യം മുതല്‍ 1,300 രൂപ വരെ വ്യത്യാസപ്പെടുന്നത്. (പൂജ്യം മുതല്‍ 500 രൂപ വരെയുള്ള കുടിശ്ശിക ബാലന്‍സിന്റെ ആദ്യ സ്ലാബ്, 50,000 രൂപയില്‍ കൂടുതലുള്ളതാണ് ഏറ്റവും ഉയര്‍ന്ന സ്ലാബ്).

ഓവര്‍ ലിമിറ്റ് ഫീസ്

ഒരാളുടെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചുള്ള ചെലവഴിക്കല്‍ ക്രെഡിറ്റ് പരിധിക്കപ്പുറം പോയാലാണ് ഓവര്‍ ലിമിറ്റ് ഫീസ് ഈടാക്കുന്നത്. ഒരു ഇടപാട് കാരണം മാത്രമല്ല. ഏതെങ്കിലും ഫീസ് അല്ലെങ്കില്‍ ചാര്‍ജുകള്‍ കാരണം ക്രെഡിറ്റ് പരിധി മറികടക്കുന്ന സാഹചര്യങ്ങളിലും ഈ ഫീസ് ബാധകമാണ്, ചില പ്രമുഖ ബാങ്കുകള്‍ ഓവര്‍ലിമിറ്റ് തുകയുടെ 2.5 ശതമാനം (കുറഞ്ഞത് 500 അല്ലെങ്കില്‍ 600 രൂപയ്ക്ക് വിധേയമായി) ഓവര്‍ലിമിറ്റ് ഫീസായി ഈടാക്കാറുണ്ട്. ചില ബാങ്കുകള്‍ ഓവര്‍ ലിമിറ്റ് ഫീസ് പരിധി വെയ്ക്കുന്നത് കസ്റ്റമറുടെ നിര്‍ദ്ദേശ പ്രകാരമാണ്.

ക്യാഷ് പേയ്മെന്റ് ഫീസ്

ഓണ്‍ലൈനായും ഓഫ്‌ലൈനായും ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക അടയ്ക്കാന്‍ സാധിക്കും. ചിലര്‍ ബാങ്ക് ശാഖകളിലൂടെയാണ് ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക അടയ്ക്കുന്നതെങ്കില്‍ അതിന് ഒരു ചെലവില്‍ വരും. ഇത് 50 മുതല്‍ 250 രൂപ വരെ ഫീസും നികുതിയും അടങ്ങുന്ന തുകയായിട്ടാകും ബാങ്ക് ഈടാക്കുന്നത്.

വിദേശ കറന്‍സി ഇടപാട് ഫീസ് അല്ലെങ്കില്‍ ഫോറെക്‌സ് മാര്‍ക്ക്-അപ്പ് ഫീസ്

ഒരു അന്താരാഷ്ട്ര ഇടപാടിനായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഈടാക്കുന്ന ഫീസാണിത്. ഇടപാടില്‍ രൂപ മറ്റൊരു കറന്‍സിയിലേക്ക് മാറ്റുമ്പോഴുണ്ടാകുന്ന മൂല്യത്തിനനുസരിച്ചാണ് ഇത് പ്രയോഗിക്കുന്നത്. ബാങ്കുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും അനുസരിച്ച് ഈ ഫീസ് വ്യത്യാസപ്പെടാം.

ഉദാഹരണത്തിന്, എസ്ബിഐ എലൈറ്റ്, എസ്ബിഐ ഔറം ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഇത് 1.99 ശതമാനവും മറ്റെല്ലാ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും 3.5 ശതമാനവുമാണ് ഫോറിന്‍ കറന്‍സി ഇടപാടുകള്‍ക്കുള്ള ചാര്‍ജ്. ഇന്‍ഫിനിയ, ഡൈനേഴ്‌സ് ബ്ലാക്ക്, റീഗാലിയ, ബിസിനസ് റീഗലിയ തുടങ്ങിയ എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ രണ്ട് ശതമാനം മുതല്‍ വിദേശ കറന്‍സി ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നുണ്ട്.

ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ നിങ്ങള്‍ കൃത്യസമയത്ത് അടയ്ക്കുന്നിടത്തോളം കാലം മുകളില്‍ കൊടുത്തിരിക്കുന്ന മിക്ക ചാര്‍ജുകളും ഫീസുകളും നിങ്ങള്‍ക്ക് ബാധകമല്ലെന്ന് ഓര്‍ക്കുക. എന്നാല്‍, എടിഎം പിന്‍വലിക്കലുകള്‍, വിദേശ കറന്‍സി ഇടപാടുകള്‍ എന്നിവ ഈ ഗണത്തില്‍ വരികയില്ലെന്നും ഓര്‍ക്കുക.