image

19 April 2024 7:42 AM GMT

Personal Finance

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് ഡീമാറ്റ് അക്കൗണ്ട് നിര്‍ബന്ധമാണോ?

MyFin Desk

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് ഡീമാറ്റ് അക്കൗണ്ട് നിര്‍ബന്ധമാണോ?
X

Summary

  • ഓഹരികള്‍, ബോണ്ടുകള്‍, മ്യൂച്വല്‍ ഫണ്ട് എന്നിവയിലൊക്കെ നിക്ഷേപമുള്ളവര്‍ക്ക് ഡീമാറ്റ് അക്കൗണ്ടുകള്‍ ഉപകാരപ്രദമാണ്
  • മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനുള്ള മികച്ച മാര്‍ഗമാണ് എസ്‌ഐപി
  • മ്യൂച്വല്‍ ഫണ്ട് നിക്ഷേപം 2024 സാമ്പത്തിക വര്‍ഷത്തില്‍ 35 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു


നിക്ഷേപത്തിനായി മ്യൂച്വല്‍ ഫണ്ട് തെരഞ്ഞെടുക്കുന്നവരുടെ എണ്ണം അടുത്തകാലത്തായി ഗണ്യമായി വര്‍ധിച്ചിരുന്നു. കഴിഞ്ഞ ദിവസം മ്യൂച്വല്‍ ഫണ്ട് നിക്ഷേപം 2024 സാമ്പത്തിക വര്‍ഷത്തില്‍ 35 ശതമാനം വര്‍ധിച്ചതായുള്ള കണക്കുകള്‍ പുറത്തു വന്നിരുന്നു. ആംഫിയുടെ കണക്കുകള്‍ പ്രകാരം ഈ വളര്‍ച്ച 2021 ലെ 41 ശതമാനം വളര്‍ച്ചയ്ക്കു ശേഷമുള്ള ഉയര്‍ന്ന കണക്കാണ്.

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ വളര്‍ച്ചയ്ക്കനുസരിച്ച് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലും (എസ്‌ഐപി) വളര്‍ച്ചയുണ്ടായിട്ടുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തില്‍, എസ്‌ഐപികളിലൂടെയുള്ള അറ്റ നിക്ഷേപം 2 ലക്ഷം കോടി രൂപയായിരുന്നു, ഇത് വര്‍ധിച്ചുവരുന്ന നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും നിക്ഷേപത്തോടുള്ള അച്ചടക്ക സമീപനത്തെയും സൂചിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഡീമാറ്റ് അക്കൗണ്ടുകളിലൂടെ നേരിട്ടുള്ള എസ്‌ഐപി നിക്ഷേപം വാഗ്ദാനം ചെയ്യുന്നതിനാല്‍ എസ്‌ഐപി ഓപ്ഷന്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ സ്വീകാര്യമായിട്ടുണ്ട്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കായി ഒരു ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കുന്നതിന്റെ പ്രധാന നേട്ടങ്ങള്‍ എന്തൊക്കെയാണെന്നൊന്നു നോക്കാം.

എന്താണ് ഡീമാറ്റ് അക്കൗണ്ട്

ഒരു ഡീമാറ്റ് അക്കൗണ്ട് ഒരു നിക്ഷേപകന്റെ സാമ്പത്തിക സെക്യൂരിറ്റികളുടെ ഒരു ഡിജിറ്റല്‍ ശേഖരമായാണ് പ്രവര്‍ത്തിക്കുന്നത്. നിക്ഷേപത്തിന്റെ സംഭരണവും മാനേജുമെന്റും എളുപ്പമാക്കുന്നതിന് സഹയാക്കുന്നതാണ് ഇലക്ട്രോണിക് രൂപത്തല്‍ സൂക്ഷിക്കുന്നത്. ഓഹരി വിപണിയില്‍ നിക്ഷേപം, ട്രേഡിംഗ് എന്നിവയില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ഒരു ഡീമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അംഗീകരിച്ച ഡിപ്പോസിറ്ററി ഏജന്‍സികളാണ് ഈ അക്കൗണ്ടുകള്‍ നല്‍കുന്നത്. പ്രധാനമായും സിഡിഎസ്എല്‍, എന്‍എസ്ഡിഎല്‍ എന്നിവരാണ് ഡിപ്പോസിറ്ററി സേവനം നല്‍കുന്നത്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് ഡീമാറ്റ് അക്കൗണ്ട് നിര്‍ബന്ധമല്ല. പക്ഷേ, ലളിതവും സൗകര്യപ്രദവുമായി നിക്ഷേപത്തിന് ഡീമാറ്റ് അക്കൗണ്ടുകള്‍ക്ക് വലിയ സ്ഥാനമുണ്ട്.

മ്യൂച്വല്‍ ഫണ്ടിനെ അറിയാം

പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍മാരുടെ മേല്‍നോട്ടത്തിലുള്ള നിക്ഷേപമാണ് മ്യൂച്വല്‍ ഫണ്ടുകള്‍, പൊതുവായ നിക്ഷേപ ലക്ഷ്യങ്ങളുള്ള ഒന്നിലധികം നിക്ഷേപകരില്‍ നിന്ന് പണം ശേഖരിക്കുന്ന ട്രസ്റ്റുകളായി പ്രവര്‍ത്തിക്കുന്നു. ഈ ഫണ്ടുകള്‍ ഇക്വിറ്റികള്‍, ബോണ്ടുകള്‍, മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്റുകള്‍, മറ്റ് സെക്യൂരിറ്റികള്‍ തുടങ്ങിയ വിവിധ ആസ്തികളിലുടനീളം നിക്ഷേപം അനുവദിക്കുന്നു.

ഈ കൂട്ടായ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന ലാഭം അല്ലെങ്കില്‍ വരുമാനം സ്‌കീമിന്റെ 'അറ്റ ആസ്തി മൂല്യം' (എന്‍എവി) നിര്‍ണ്ണയിക്കുന്നു. പ്രസക്തമായ ചെലവുകളും ചാര്‍ജുകളും കുറച്ച ശേഷം നിക്ഷേപകര്‍ക്കിടയില്‍ ആനുപാതികമായി വിതരണം ചെയ്യുന്നു. അടിസ്ഥാനപരമായി, നിരവധി നിക്ഷേപകരുടെ സംഭാവനകളിലൂടെയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ രൂപപ്പെടുന്നത്.

നിക്ഷേപത്തിന് വലിയൊരു തുക കൈവശം ഇല്ലാത്ത അല്ലെങ്കില്‍ വിപണി ഗവേഷണം നടത്തി നിക്ഷേപം നടത്താന്‍ താല്‍പ്പര്യപ്പെടാത്ത നിക്ഷേപകര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ അനുയോജ്യമാണ്. പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍മാര്‍ സ്‌കീമിന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി പൂള്‍ ചെയ്ത ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. അതേസമയം സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിര്‍ദ്ദിഷ്ട പരിധിക്കുള്ളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ന്യായമായ ഫീസ് ഫണ്ട് ഹൗസുകള്‍ ഈടാക്കാറുണ്ട്.

നിക്ഷേപം ലളിതമാക്കുക

ഒരു ഡീമാറ്റ് അക്കൗണ്ട് ഉപയോഗിച്ച്, നിക്ഷേപകര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പെടെ എല്ലാ നിക്ഷേപങ്ങളും ഒരിടത്ത് സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും കഴിയും. ഇത് നിക്ഷേപ പ്രക്രിയ കാര്യക്ഷമമാക്കുകയും പോര്‍ട്ട്‌ഫോളിയോ ട്രാക്കുചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യും.ഇത് പേപ്പര്‍വര്‍ക്കുകള്‍ ഇല്ലാതാക്കുകയും പ്രക്രിയയെ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുകയും ചെയ്യും.

മാത്രമല്ല, ഡീമാറ്റ് അക്കൗണ്ടുകള്‍ വേഗത്തിലുള്ളതും തടസമില്ലാത്തതുമായ ഇടപാടുകള്‍ പ്രാപ്തമാക്കും. ഇത് വിപണി സമയങ്ങളില്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ തല്‍ക്ഷണം വാങ്ങാനും വില്‍ക്കാനും മാറ്റാനും നിക്ഷേപകരെ അനുവദിക്കും. മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ ഇലക്ട്രോണിക് രൂപത്തില്‍ സംഭരിക്കുന്നതിനുള്ള ഒരു സുരക്ഷിത പ്ലാറ്റ്‌ഫോമാണ് ഡീമാറ്റ് അക്കൗണ്ടുകള്‍ നല്‍കുന്നത്. ഇത് ഫിസിക്കല്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളുടെ നഷ്ടത്തിന്റെയോ കേടുപാടുകളുടെയോ അപകടസാധ്യത ഇല്ലാതാക്കുന്നുണ്ട്.

ഒരു ഡീമാറ്റ് അക്കൗണ്ടില്‍ സ്റ്റോക്കുകള്‍, ബോണ്ടുകള്‍ തുടങ്ങിയ മറ്റ് സെക്യൂരിറ്റികള്‍ക്കൊപ്പം മ്യൂച്വല്‍ ഫണ്ടുകളും കൈവശം വയ്ക്കുന്നതിലൂടെ നിക്ഷേപകര്‍ക്ക് അവരുടെ മുഴുവന്‍ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയെക്കുറിച്ചും കൃത്യമായ വീക്ഷണം നിലനിര്‍ത്താന്‍ കഴിയും. ഇത് നിക്ഷേപങ്ങളുടെ മൊത്തത്തിലുള്ള പ്രകടനവും അസറ്റ് അലോക്കേഷനും വിലയിരുത്തുന്നത് എളുപ്പമാക്കും.

മ്യൂച്വല്‍ ഫണ്ട് മികച്ച ഓപ്ഷനാണോ?

ഓഹരികള്‍, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, മണി മാര്‍ക്കറ്റ് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ അസറ്റ് ക്ലാസുകളിലുടനീളം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് വൈവിധ്യമാര്‍ന്ന അവസരങ്ങള്‍ നല്‍കുന്നു. ഈ വൈവിധ്യം മൂലധന വിപണികളിലെ ഉയര്‍ന്ന നേട്ടം മുതലെടുക്കാന്‍ ആഗ്രഹിക്കുന്ന റീട്ടെയില്‍ നിക്ഷേപകര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളെ ആകര്‍ഷകമായ ഓപ്ഷനാക്കി മാറ്റുന്നു.

ഭൗതിക രൂപത്തിലുള്ള മ്യൂച്വല്‍ ഫണ്ട് ഡിജിറ്റലാക്കാമോ?

മാത്രവുമല്ല ഭൗതിക രൂപത്തില്‍ കൈവശമുള്ള മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ ഡീമെറ്റീരിയലൈസ്ഡ് ചെയ്ത് ഡിജിറ്റല്‍ രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കഴിയും. ഫിസിക്കല്‍ യൂണിറ്റുകള്‍ ഇലക്ട്രോണിക് രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് ആവശ്യമായ ഡോക്യുമെന്റേഷനോടൊപ്പം ബന്ധപ്പെട്ട മ്യൂച്വല്‍ ഫണ്ട് രജിസ്ട്രാര്‍ക്ക് ഒരു അഭ്യര്‍ത്ഥന സമര്‍പ്പിച്ചാല്‍ മതി.

എസ്‌ഐപി

ചില മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ ഒരു ഡീമാറ്റ് അക്കൗണ്ട് വഴി നേരിട്ട് എസ്‌ഐപികള്‍ ആരംഭിക്കാനുള്ള ഓപ്ഷന്‍ നല്‍കുന്നുണ്ട്. നിക്ഷേപകര്‍ക്ക് അവരുടെ ഡീമാറ്റ് അക്കൗണ്ട് ദാതാവ് വഴി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി നിര്‍ദ്ദിഷ്ട മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ക്കായി എസ്‌ഐപികള്‍ ആരംഭിക്കാന്‍ കഴിയും.