image

8 April 2024 5:41 AM GMT

Personal Finance

ഡീമാറ്റ് അക്കൗണ്ടുമായി എത്ര ട്രേഡിംഗ് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യാം?

MyFin Desk

ഡീമാറ്റ് അക്കൗണ്ടുമായി എത്ര ട്രേഡിംഗ് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യാം?
X

Summary

  • ഡീമാറ്റ് അക്കൗണ്ടിന് പുറമേ, 'ട്രേഡിംഗ് അക്കൗണ്ട്' എന്നറിയപ്പെടുന്ന മറ്റൊരു അക്കൗണ്ടുമുണ്ട്
  • പല ബ്രോക്കര്‍മാരും ബാങ്കിലെ ഡീമാറ്റ് അക്കൗണ്ട് അവരുടെ ട്രേഡിംഗ് അക്കൗണ്ടുമായി ലിങ്കുചെയ്യാന്‍ അനുവദിക്കില്ല
  • ട്രേഡിംഗും നിക്ഷേപവും തമ്മില്‍ അടുത്ത ബന്ധമുണ്ടെങ്കിലും, ഇവ രണ്ടും തമ്മില്‍ നേരിയ വ്യത്യാസവുമുണ്ട്.


ഓഹരി നിക്ഷേപത്തിന് ഡീമാറ്റ് അക്കൗണ്ടുകള്‍ അത്യാവശ്യമാണ്. ഒരു ബാങ്ക് അക്കൗണ്ടിന് സമാനമായി പ്രവര്‍ത്തിക്കുന്ന താണ് ഡീമാറ്റ് അക്കൗണ്ടുകള്‍. ഓഹരി നിക്ഷേപങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഡിജിറ്റല്‍ അക്കൗണ്ടാണിത്. ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിലൂടെ, ഓഹരികള്‍, ബോണ്ടുകള്‍, ഡെറിവേറ്റീവുകള്‍, കറന്‍സികള്‍, ചരക്കുകള്‍ തുടങ്ങിയ വിവിധ ഉപകരണങ്ങള്‍ ട്രേഡ് ചെയ്യാന്‍ സാധിക്കും. ഐപിഒ (പ്രാരംഭ പബ്ലിക് ഓഫര്‍) ലേലത്തില്‍ പങ്കെടുക്കാനും ലാഭവിഹിതം സ്വീകരിക്കാനും ബോണസ് ഓഹരികള്‍ അക്കൗണ്ടിലേക്ക് നേരിട്ട് സ്വീകരിക്കാനും കഴിയുമെന്നതും ഇതിന്റെ നേട്ടമാണ്.

എന്താണ് ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകള്‍

ഡീമാറ്റ് അക്കൗണ്ടിന് പുറമേ, 'ട്രേഡിംഗ് അക്കൗണ്ട്' എന്നറിയപ്പെടുന്ന മറ്റൊരു അക്കൗണ്ടുമുണ്ട്. വ്യാപാരവും നിക്ഷേപവും തമ്മില്‍ അടുത്ത ബന്ധമുണ്ടെങ്കിലും, ഇവ രണ്ടും തമ്മില്‍ നേരിയ വ്യത്യാസവുമുണ്ട്. ഓഹരി വിലയിലെ ഹ്രസ്വകാല ഏറ്റക്കുറച്ചിലുകളില്‍ നിന്ന് ലാഭം നേടുക എന്ന ലക്ഷ്യത്തോടെ ഓഹരികള്‍ പതിവായി വാങ്ങുന്നതും വില്‍ക്കുക തുടങ്ങിയ ട്രേഡിംഗ് പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണ് ട്രേഡിംഗ് അക്കൗണ്ട്. മറുവശത്ത്, ഒരു ഓഹരിയുടമയാകുക, കമ്പനിയുടെ വളര്‍ച്ചയില്‍ പങ്കെടുക്കുക, കമ്പനി ലാഭവിഹിതം വിതരണം ചെയ്യുകയാണെങ്കില്‍ ഓഹരി മൂല്യവര്‍ധനയിലൂടെയും ലാഭവിഹിതത്തിലൂടെയും മൂലധന നേട്ടങ്ങള്‍ സ്വന്തമാക്കുക എന്നിവ ലക്ഷ്യമിട്ട് കമ്പനി ഓഹരികള്‍ വാങ്ങുന്നത് ഓഹരി നിക്ഷേപത്തില്‍ ഉള്‍പ്പെടുന്നു. ഇതിനുള്ളതാണ് ഡീമാറ്റ് അക്കൗണ്ട്.

ഉദാഹരണത്തിന്, നിങ്ങള്‍ ഒരു ഓഹരി വാങ്ങുകയും ചുരുങ്ങിയ സമയപരിധിക്കുള്ളില്‍ ലാഭം നേടാനായി വില്‍ക്കുകയും ചെയ്യുകയാണെങ്കില്‍, അത് ട്രേഡിംഗായി കണക്കാക്കപ്പെടുന്നു. എന്നാല്‍, കൂടുതല്‍ കാലം ഓഹരി കൈവശം വയ്ക്കുകയാണെങ്കില്‍, അത് നിക്ഷേപമായി കണക്കാക്കും. ഡീമാറ്റ് അക്കൗണ്ട് ഈ ഓഹരികളുടെ സംഭരണ സ്ഥലമായാണ് പ്രവര്‍ത്തിക്കുന്നത്.


ഡെപ്പോസിറ്ററികള്‍

ഇന്ത്യയില്‍ എന്‍എസ്ഡിഎല്‍ (നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ്), സിഡിഎസ്എല്‍ (സെന്‍ട്രല്‍ ഡിപ്പോസിറ്ററീസ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡ്) എന്നിവയാണ് ഡീമാറ്റ് അക്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന രണ്ട് ഡിപ്പോസിറ്ററി സേവനങ്ങള്‍.

ഡിപ്പോസിറ്ററി പങ്കാളികള്‍ (ഡിപികള്‍) അല്ലെങ്കില്‍ സ്റ്റോക്ക് ബ്രോക്കര്‍മാര്‍ വ്യക്തികള്‍ക്കും ഡിപ്പോസിറ്ററികള്‍ക്കും ഇടയില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നു, ഇതാണ് ഡീമാറ്റ് അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നത്. ഡിപ്പോസിറ്ററി പങ്കാളികള്‍ നല്‍കുന്ന വ്യത്യസ്ത ഓഫറുകളാണ് ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകള്‍. ഒരു ട്രേഡറാണെങ്കിലെ ഒരു ട്രേഡിംഗ് അക്കൗണ്ട് തുറക്കാന്‍ കഴിയൂ. അതേസമയം നിക്ഷേപകനാണെങ്കില്‍, ഡീമാറ്റ് അക്കൗണ്ട് തെരഞ്ഞെടുക്കാം.


ഡീമാറ്റ് അക്കൗണ്ടുമായുള്ള ബന്ധിപ്പിക്കല്‍

ചില സന്ദര്‍ഭങ്ങളില്‍, നിക്ഷേപകര്‍ക്ക് ഒരു ഡീമാറ്റ് അക്കൗണ്ടും ഒന്നിലധികം ട്രേഡിംഗ് അക്കൗണ്ടുകളും ഉണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍, എല്ലാ ട്രേഡിംഗ് അക്കൗണ്ടുകളും ഒറ്റ ഡീമാറ്റ് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ കഴിയുമോ എന്നത് ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. വ്യത്യസ്ത ഡിപ്പോസിറ്ററി പങ്കാളികളില്‍ നിന്നുള്ള ട്രേഡിംഗ് അക്കൗണ്ടുകള്‍ ഒരൊറ്റ ഡീമാറ്റ് അക്കൗണ്ടുമായി ലിങ്കുചെയ്യുന്നതിന് ഒരു പരിമിതിയുണ്ട്. മിക്ക ബ്രോക്കര്‍മാരും അവര്‍ അഭിമുഖീകരിച്ചേക്കാവുന്ന പ്രവര്‍ത്തന വെല്ലുവിളികള്‍ കാരണം ഈ രീതിയെ നിയന്ത്രിക്കാറുണ്ട്.

ബാങ്കില്‍ ഒരു ഡീമാറ്റ് അക്കൗണ്ട് ഉണ്ട്. അതിനുശേഷം ഒരു ഡിസ്‌കൗണ്ട് സ്റ്റോക്ക് ബ്രോക്കര്‍ ഉപയോഗിച്ച് ഒരു ട്രേഡിംഗ് അക്കൗണ്ട് തുറക്കാന്‍ ശ്രമിച്ചാല്‍ പല ബ്രോക്കര്‍മാരും ബാങ്കിലെ ഡീമാറ്റ് അക്കൗണ്ട് അവരുടെ ട്രേഡിംഗ് അക്കൗണ്ടുമായി ലിങ്കുചെയ്യാന്‍ അനുവദിക്കില്ല.

ഡീമാറ്റ് അക്കൗണ്ടില്‍ കൈവശമുള്ള ഓഹരികള്‍ മറ്റൊരു ഡിപിയില്‍ നിന്ന് അവരുടെ ട്രേഡിംഗ് അക്കൗണ്ട് വഴി വില്‍ക്കാന്‍ ഒരു ബ്രോക്കര്‍ നിക്ഷേപകനെ അനുവദിക്കുന്നുവെന്ന് കരുതുക. അത്തരമൊരു സാഹചര്യത്തില്‍, നിശ്ചിത സമയപരിധിക്കുള്ളില്‍ ബ്രോക്കറുടെ പൂള്‍ അക്കൗണ്ടിലേക്ക് സ്റ്റോക്കുകള്‍ കൈമാറിക്കൊണ്ട് സമയബന്ധിതമായി ട്രേഡ് പൂര്‍ത്തിയാക്കി സെറ്റില്‍മെന്റ് ഉപഭോക്താവ് ഉറപ്പാക്കണം. ഉപഭോക്താവ് കൃത്യസമയത്ത് ഓഹരികള്‍ കൈമാറുന്നതില്‍ പരാജയപ്പെട്ടാല്‍, ഓഹരികള്‍ ലേലത്തിന് വിധേയമാകാം. തല്‍ഫലമായി, വില്‍പ്പന വിലയും ലേല വിലയും തമ്മിലുള്ള വ്യത്യാസം ഉപഭോക്താവിനെയാണ് ബാധിക്കുന്നത്.

ചില ഡിപികള്‍ ഒന്നിലധികം ട്രേഡിംഗ് അക്കൗണ്ടുകള്‍ ഡീമാറ്റ് അക്കൗണ്ടുകളുമായി ലിങ്കുചെയ്യാനുള്ള ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ ഈ ലിങ്കുചെയ്ത അക്കൗണ്ടുകള്‍ സാധാരണയായി ദ്വിതീയമായി കണക്കാക്കപ്പെടുന്നു, കൂടാതെ ചില പരിമിതികളും ഇവയ്ക്ക് വന്നേക്കാം.