2 Dec 2023 10:50 AM
Summary
- ഓരോ അക്കൗണ്ടുകളും അതത് ഉടമകള്‍ക്ക് സ്വതന്ത്രമായി കൈകാര്യം ചെയ്യാം.
- ശരാശരി ബാലന്‍സ് പരിഗണിക്കുമ്പോൾ എല്ലാ അക്കൗണ്ടും കൂട്ടി കണക്കാക്കും
- ബോബ് പരിവാര്‍ സേവിംഗ്‌സ് അക്കൗണ്ടുടമകള്‍ക്ക് വായ്പാ നിരക്കിൽ ഇളവ്
ഒരു കുടുംബത്തിലെ ഓരോരുത്തര്‍ക്കും ബാങ്ക് അക്കൗണ്ടുള്ള കാലമാണിത്. അതില്‍ സേവിംഗ്‌സ് അക്കൗണ്ടും കറന്റ് അക്കൗണ്ടും ഉള്‍പ്പെടും. ഇതെല്ലാം ഒരിടത്ത് ലഭ്യമായാലോ. അതിനായി ബാങ്ക് ഓഫ് ബറോഡ അവതരിപ്പിച്ചിരിക്കുന്നതാണ് 'ബാങ്ക് ഓഫ് ബറോഡയുടെ ബോബ് പരിവാര്‍ അക്കൗണ്ട്'. ഒരു കുടുംബത്തിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഒരിടത്ത് ലഭ്യമാക്കുന്നതിനായുള്ള പദ്ധതിയാണിത്.
ബാങ്കിന്റെ ഉത്സവ സീസണോടനുബന്ധിച്ചുള്ള 'ബോബ് കെ സാംഗ് ത്യോഹാര്‍ കി ഉമാംഗ്' കാംപെയിനോടനുബന്ധിച്ചാണ് ബാങ്ക് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഒരു കുടുംബത്തിനുള്ളിലെ എല്ലാ അക്കൗണ്ടുകളും ഗ്രൂപ്പ് ചെയ്യുകയാണിവിടെ.
മിനിമം ബാലന്‍സ് ടെന്‍ഷന്‍ വേണ്ട
എല്ലാ അക്കൗണ്ടുകളും ഒരു കുടക്കീഴിലാക്കുമ്പോഴും ഓരോ അക്കൗണ്ടുകളും അതത് ഉടമകള്‍ക്ക് സ്വതന്ത്രമായി കൈകാര്യം ചെയ്യാം. എന്നാല്‍, അക്കൗണ്ടിലെ മൂന്നുമാസത്തെ ശരാശരി ബാലന്‍സിന്റെ കാര്യം വരുമ്പോള്‍ ഈ അക്കൗണ്ടുടമകള്‍ വ്യക്തിപരമായി ഈ പ്രശ്‌നം നേരിടേണ്ട. കാരണം ഓരോ അക്കൗണ്ടിലേതിനു പകരമായി എല്ലാ അക്കൗണ്ടിലെയും ചേര്‍ത്തെ ഇത് പരിഗണിക്കുവെന്നാണ് ബാങ്ക് പറയുന്നത്.
പഴയവര്‍ക്കും പുതിയവര്‍ക്കും
ബാങ്ക് ഓഫ് ബറോഡയുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഈ സേവനം ലഭ്യമാകും. കൂടാതെ കുറഞ്ഞത് രണ്ടംഗങ്ങള്‍, പരമാവധി ആറ് അംഗങ്ങള്‍ക്കാണ് ഈ സേവനം ലഭിക്കുന്നത്. ബോബ് പരിവാര്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ പങ്കാളികള്‍, മാതാപിതാക്കള്‍, കുട്ടികള്‍, പങ്കാളികളുടെ മാതാപിതാക്കള്‍, മരുമക്കള്‍ എന്നിവര്‍ക്ക് അംഗങ്ങളാകാം.
ബോബ് പരിവാര്‍ കറന്റ് അക്കൗണ്ട് വിഭാഗത്തില്‍ പ്രൊപ്പറൈറ്റര്‍ഷിപ്പ്, പാര്‍ട്ണര്‍ഷിപ്പ്, എല്‍എല്‍പി, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍, അത് ഗ്രൂപ്പ് കമ്പനികള്‍, സഹോദര സ്ഥാപനങ്ങള്‍ എന്നിവയുമാകാം.
മൂന്ന് വിഭാഗം
ബോബ് പരിവാർ സേവിംഗ്‌സ് അക്കൗണ്ടും കറന്റ് അക്കൗണ്ടും മൂന്ന് വിഭാഗമായി തരംതിരിച്ചിട്ടുണ്ട്. ഡയമണ്ട്, ഗോള്‍ഡ്, സില്‍വര്‍ എന്നിങ്ങനെയാണ് തരംതിരിക്കുന്നത്. ഇങ്ങനെ തരംതിരിക്കുന്നതിന്റെ അടിസ്ഥാനം മൂന്നുമാസത്തെ മൊത്തെ അക്കൗണ്ടുകളിലെയും കൂടി ചേര്‍ത്ത ശരാശരി ബാലന്‍സാണ്. ഡയമണ്ട് വിഭാഗത്തിലാണെങ്കില്‍ ബാലന്‍സ് അഞ്ച് ലക്ഷം രൂപയോ അതിനു മുകളിലേക്കോ ആണ്്, ഗോള്‍ഡ് ആണെങ്കില്‍ രണ്ട് ലക്ഷം രൂപയോ അതിനു മുകളിലോ ബാലന്‍സ് വേണം, സില്‍വര്‍ ആണെങ്കില്‍ 50,000 രൂപയോ അതിനു മുകളിലോ വേണം.കറന്റ് അക്കൗണ്ടാണെങ്കില്‍ 10 ലക്ഷം രൂപയോ അതിനു മുകളിലോ ആണെങ്കില്‍ ഡയമണ്ട്, അഞ്ച് ലക്ഷം രൂപയോ അതിനു മുകളിലോ ആണെങ്കില്‍ ഗോള്‍ഡ്, രണ്ട് ലക്ഷം രൂപയോ അതിനു മുകളിലോ ആണെങ്കില്‍ സില്‍വര്‍ എന്നിങ്ങനെയാണ് തരംതിരിക്കുന്നത്.
നേട്ടങ്ങള്‍
ഈ സേവനം പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക് നിരവധി നേട്ടങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സേവിംഗ്‌സ് അക്കൗണ്ടുടമകള്‍ക്ക് റീട്ടെയില്‍ വായ്പകളുടെ പലിശ നിരക്ക്, പ്രോസസിംഗ് ചാര്‍ജ് എന്നിവയില്‍ ഇളവ് ലഭിക്കും. ലോക്കര്‍ ചാര്‍ജ്, ഡീമാറ്റ് അക്കൗണ്ടിന്റെ എഎംസി ചാര്‍ജ് എന്നിവയ്ക്കും ഇളവ് ലഭിക്കും. നെഫ്റ്റ്, ആര്‍ടിജിഎസ് ചാര്‍ജുകളില്‍ ഇളവ്, ഡിഡി പിഒ ചാര്‍ജുകള്‍ പൂര്‍ണമായും ഒഴിവാക്കും.